മാണിക്ക് കോട്ടയത്ത് അഗ്നിപരീക്ഷ

Monday 21 March 2016 8:04 pm IST

കോട്ടയം: ജന്മമെടുത്ത കോട്ടയത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപരീക്ഷയെ നേരിടുകയാണ് കേരള കോണ്‍ഗ്രസ്. 1964 ഒക്ടോബര്‍ 9 ന് തിരുനക്കര മൈതാനത്ത് ജന്മമെടുത്ത കേരള കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രധാന ശക്തി കേന്ദ്രം കോട്ടയം ജില്ല തന്നെയായിരുന്നു. നിരവധി പിളര്‍പ്പുകള്‍ക്ക് വിധേയമായ കേരള കോണ്‍ഗ്രസ്സുളില്‍ വലിയ കക്ഷി കെ.എം മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് (എം) ആണ്. 1979 ലാണ് കെ.എം മാണി ചെയര്‍മാനായി കേരള കോണ്‍ഗ്രസ് (എം) നിലവില്‍ വന്നത്. നിലവിലുള്ള കേരള കോണ്‍ഗ്രസ്സുകളില്‍ വലിയകക്ഷി മാണി നേതൃത്വം കൊടുക്കുന്ന കേരള കോണ്‍ഗ്രസ് തന്നെയാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വ്യക്തമായ കാരണങ്ങളൊന്നും പറയാതെ പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ചത്. അതോടെ മദ്ധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയായി കേരള കോണ്‍ഗ്രസ് (എം) മാറി എന്ന തോന്നല്‍ ശക്തമായി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നേടിയ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി കരുക്കള്‍ നീക്കിയാല്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളില്‍ ഒരാളും 50 വര്‍ഷത്തിലധികമായി എംഎല്‍എയുമായിട്ടുള്ള തനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയുമോ എന്ന ചിന്ത കെ.എം മാണിയുടെ തലയിലുദിച്ചതോടെ മാണിയുടെ പാര്‍ട്ടിയുടെ ശനിദശയും തുടങ്ങി. ബാര്‍കോഴയെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതും, സരിതയുടെ ഫോണ്‍ലിസ്റ്റില്‍ മകനും എം.പിയുമായ ജോസ് കെ. മാണിയുടെ പേര് ഉള്‍പ്പെട്ടതും കേരള കോണ്‍ഗ്രസിനെ ദുര്‍ബ്ബലപ്പെടുത്തി. കെ.എം മാണിയുടെ പിന്‍ഗാമിയായി ജോസ് കെ. മാണിയെ വാഴിക്കാനുള്ള നീക്കത്തോടുള്ള എതിര്‍പ്പും, എല്‍ഡിഎഫില്‍ നിന്നുള്ള പ്രോത്സാഹനവും കിട്ടിയതോടെ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി പോയതും കെ.എം മാണിയെ ദുര്‍ബ്ബലനാക്കി. എങ്കിലും ഭരണത്തുടര്‍ച്ചയെന്ന ഉമ്മന്‍ചാണ്ടിയുടെയും കോണഗ്രസ് നേതാക്കളുടെയും ആഗ്രഹത്തെ ചൂഷണം ചെയ്ത് വിലപേശാനാണ് മാണി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തേങ്ങി നില്‍ക്കുന്ന ചില നേതാക്കള്‍ക്ക് കൂടി സീറ്റ് തരപ്പെടുത്തികൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് കൊഴിഞ്ഞുപോക്ക് ഇനിയുമുണ്ടാകും. അതേ സമയം പാര്‍ട്ടിയുടെ ഉരുക്ക് കോട്ടയായ കോട്ടയം ജില്ലയിലെ സീറ്റുകള്‍ നിലനിര്‍ത്തുകയെന്നതും കെ.എം മാണിയുടെ മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളില്‍ 6 ഉം യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് (എം) ആണ് മത്സരിച്ചു വരുന്നത്. 2011 ല്‍ 5 ഇടത്ത് വിജയിക്കുകയും ചെയ്തിരുന്നു. ഏറ്റുമാനൂരില്‍ മാത്രമാണ് പരാജയപ്പെട്ടത്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജ് കഴിഞ്ഞതവണ രണ്ടില ചിഹ്നത്തിലാണ് വിജയിച്ചത്. അദ്ദേഹമിപ്പോള്‍ ഇടതുപാളയത്തില്‍ അഭയം തേടിയിരിക്കുകയാണ്. പൂഞ്ഞാറിലും, ഏറ്റുമാനൂരിലുമടക്കം ആറിടത്തും വിജയിക്കുകയെനനത് കെ.എം മാണിയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. എന്നാല്‍ ഒരിടത്തുപോലും കാര്യങ്ങളത്ര സുഗമമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. താരതമ്യേന ദേഭപ്പെട്ട മണ്ഡലം കടുത്തുരുത്തിയാണ്. പി.ജെ ജോസഫിന്റെ വിശ്വസ്തനായ അഡ്വ. മോന്‍സ് ജോസഫാണ് ഇവിടുത്തെ എംഎല്‍എ. മോന്‍സ് ജോസഫ് മാണി ഗ്രൂപ്പില്‍ എത്തിയപ്പോള്‍ മാണിയുടെ വിശ്വസ്തനായ മുന്‍ കടുത്തുരുത്തി എംഎല്‍എയുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് പാര്‍ട്ടിവിട്ട് മറുകണ്ടം ചാടി മത്സരിച്ചിരുന്നു. മോന്‍സ് ജോസഫ് 23057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മോന്‍സ് ജോസഫിനെതിരായി കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ വലിയ എതിര്‍പ്പുണ്ടെങ്കിലും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെ അതിനെ മറികടക്കാനുള്ള വിലയിരുത്തലിലാണ് മോന്‍സിന്റെ വിശ്വസ്തര്‍. ഏറ്റുമാനൂരിലാകട്ടെ തോമസ് ചാഴിക്കാടനെ 1801 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ അഡ്വ. കെ. സുരേഷ്‌കുറുപ്പ് പരാജയപ്പെടുത്തിയത്. എന്നാല്‍ എംഎല്‍എ എന്ന നിലയിലുള്ള സുരേഷ്‌കുറുപ്പിന്റെ പ്രകടനം ദയനീയമായിരുന്നുവെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി വിജയിക്കാന്‍ കഴിയുമെന്ന് മാണിഗ്രൂപ്പ് കണക്കാക്കുമ്പോള്‍ വീണ്ടും തോമസ് ചാഴികാടന്‍ മത്സരിച്ചാല്‍ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം. കെ.എം മാണി 50 വര്‍ഷമായി പ്രതിനിധീകരിക്കുന്ന പാലായില്‍ കഴിഞ്ഞ തവണ അദ്ദേഹം വിജയിച്ചത് കേവലം 5259 വോട്ടുകള്‍ക്കാണ്. എന്‍സിപിയിലെ മാണി സി. കാപ്പന്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. ഇക്കുറിയും കാപ്പന്‍ തന്നെയായിരിക്കും മാണിയെ നേരിടുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസി (എം) ല്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് ശേഷം വലിയ പ്രതിസന്ധിയാണ് രൂപം കൊണ്ടിരിക്കുന്നത്. ജോസ് കെ. മാണി പ്രാദേശിക നേതാക്കളോടും പ്രവര്‍ത്തകരോടും വളരെ മോശമായി പെരുന്നുവെന്ന പരാതി വ്യാപകമാണ്. കൂടാതെ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ അഴിമതി റബര്‍ കര്‍ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിഷേധവും മാണിക്കെതിരാകുമെന്ന് വിലയിരുത്തപ്പെടുന്നു. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികൂടി വരുമ്പോള്‍ മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇല്ലത്തു നിന്നിറങ്ങുകയും ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ല എന്ന അവസ്ഥയിലാണ് പി.സി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ താന്‍ ഇടത് പിന്തുണയോടെ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിന് സിപിഎം നേതൃത്വം അംഗീകാരം നല്‍കിയിട്ടില്ല. കെ.എം മാണിക്കും, ജോസ് കെ. മാണിക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച് യുഡിഎഫ് വിട്ട പി.സി ജോര്‍ജ്ജിനെ നേരിടുക എന്നത് കേരള കോണ്‍ഗ്രസി (എം) നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പി.സി ജോര്‍ജ്ജിനെതിരെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയെ രംഗത്തിറക്കാനായിരുന്നു ആലോചന. എന്നാല്‍ അവര്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജിന്റെ നിലയും പരിങ്ങലിലാണ്. 12206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ അദ്ദേഹം വിജയിച്ചത്. ഇവിടെ എല്‍ഡിഎഫില്‍ സിപിഐ യുടെ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കാറ്. എന്നാല്‍ ഇക്കുറി മത്സരത്തിന്റെ ചിത്രം മാറുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജില്ലയില്‍ എന്‍ഡിഎയും യുഡിഎഫും തമ്മില്‍ നേരിട്ട് മത്സരം നടക്കുന്ന മണ്ഡലമായിരിക്കും കാഞ്ഞിരപ്പള്ളി. ചങ്ങനാശ്ശേരിയില്‍ സി.എഫ് തോമസിനെതിരെ ശക്തമായ പടയൊരുക്കത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസി (എം) നെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷ തന്നെയാണ്. ഇതിനെ അതിജീവിക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കെ.എം മാണിയുമായി ബന്ധപ്പെട്ടവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.