പി. സി. ജോര്‍ജ്ജ് ത്രിശങ്കുവില്‍; പൂഞ്ഞാര്‍ ഇടതുമുന്നണിയില്‍ അനിശ്ചിതത്വം

Monday 21 March 2016 9:07 pm IST

പൂഞ്ഞാര്‍: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പൂഞ്ഞാര്‍ സീറ്റ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മുന്‍ ചീഫ് വിപ്പും, കേരളാ കോണ്‍ഗ്രസ് നേതാവുമായ പി. സി. ജോര്‍ജ്ജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് ഒരു പക്ഷം പ്രചരണം നല്‍കുമ്പോള്‍ കിഴക്കന്‍ മേഖലയിലെ ബിഷപ്പുമാരുടെ പിന്തുണയോടെ രൂപീകരിച്ച കര്‍ഷകമുന്നണി പ്രതിനിധിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ്ജ് ജെ. മാത്യുവാണ് സ്ഥാനാര്‍ത്ഥിയെന്ന് മറുപക്ഷവും വാദിക്കുന്നു. എന്നാല്‍ അവസരവാദികളായ പി. സി. ജോര്‍ജ്ജും, ജോര്‍ജ്ജ് ജെ. മാത്യുവും തങ്ങള്‍ക്ക് വേണ്ടെന്നും കഴിവുറ്റ നേതാക്കള്‍ പാര്‍ട്ടിയിലുള്ളപ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി വേണമെന്ന് ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് മുണ്ടക്കയത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പൂഞ്ഞാറില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി. സി. ജോര്‍ജ്ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇടതുമുന്നണി തനിക്ക് സീറ്റ് നല്‍കില്ലെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്ന് തന്നെ മാറ്റിയ കാര്യം ആരും അറിയിച്ചിട്ടില്ല. താന്‍ തന്നെ പൂഞ്ഞാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പൂര്‍ണ്ണമായി വിശ്വസിക്കുന്നെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. മാണി ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് രൂപം കൊണ്ട ജനാധിപത്യ കേരളാ കോണ്‍ഗ്രസും പൂഞ്ഞാര്‍ സീറ്റ് ആവശ്യപ്പെട്ടതോടെ ഇടതുമുന്നണി നേതൃത്വം യഥാര്‍ത്ഥത്തില്‍ തീരുമാനമെടുക്കാനാകാതെ വലയുകയാണ്. ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിന്റെ പൂഞ്ഞാറിലെ മുതിര്‍ന്ന നേതാവ് സാബു പൂണ്ടിക്കുളത്തെയാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇടതുമുന്നണിസീറ്റ് നിഷേധിച്ചാലുംപി.സി. ജോര്‍ജ്ജ് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗം പി.സി.ജോര്‍ജ്ജിന് അനൂകൂലമായും മറ്റൊരു വിഭാഗം എതിരായും നില്‍ക്കുന്നതാണ് ജോര്‍ജ്ജിന്റെ സാദ്ധ്യതകളില്‍ തീരുമാനമാകാത്തത്. ജില്ലയിലെ പ്രമുഖരായ രണ്ട് സിപിഎം നേതാക്കള്‍ ജോര്‍ജ്ജിനെതിരായുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നതും അനിശ്ചിതത്വം കൂട്ടുകയാണ്. മുന്നണികള്‍ മാറുകയും രാഷ്ട്രീയ നേതൃത്വത്തെയും മതനേതൃത്വത്തേയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന പി.സി.ജോര്‍ജ്ജിനെ പിന്തുണക്കാന്‍ പാല, കാഞ്ഞിരപ്പള്ളി, ഇടുക്കി ബിഷപ്പുമാര്‍ വൈമനസ്യം കാട്ടിയതാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി വൈകുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഭരണം പിടിക്കാന്‍ ഓരോ സീറ്റും നിര്‍ണായകമാണെന്നിരിക്കെ വിജയ സാധ്യത ഏറെയുള്ള പി.സി.ജോര്‍ജ്ജ് തന്നെയാണ് ഇടതുമുന്നണിക്ക് ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.. യു ഡി എഫിലും സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് (എം)ന്റെ ഭാഗമായിട്ടാണ് പി.സി. ജോര്‍ജ് മത്സരിച്ചത്. അതുകൊണ്ടുതന്നെ പൂഞ്ഞാര്‍ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് മാണി ഗ്രൂപ്പ് വാദിക്കുന്നു. എന്നാല്‍ പൂഞ്ഞാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ മത്സരിപ്പിക്കണമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ വാദവും കൊഴുക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.