അടിമാലി: കുഞ്ചിത്തണ്ണി-ആനച്ചാല്‍ റോഡില്‍ റോഡുപണിക്കായി ഇറക്കിയിരിക്കുന്ന മെറ്റല്‍ കൂനകള്‍ ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു. മാസങ്ങളായി റോഡിന്റെ ഇരുവശവും നിക്ഷേപിച്ചിരുന്ന മെറ്റല്‍ വാഹനങ്ങള്‍ കയറിയിറങ്ങി റോഡാകെ നിരന്നത് അപകടം വര്‍ദ്ധിപ്പിക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ്കൊടുക്കാന്‍ പോലും പറ്റില്ലാത്ത അവസ്ഥയാണ്. പൊട്ടിപൊളിഞ്ഞ് വര്‍ഷങ്ങളായി ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന ആഡിറ്റ് റോഡിന് ഇനിയും ശാപമോക്ഷമാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ഓഫറായി നാടുനീളെ റോഡ് പണിയും ഓട്ടയടക്കലും ചെയ്യുന്ന തത്രപ്പാടിനിടയിലും ആഡിറ്റ് റോഡ് അവഗണനയില്‍ തന്നെയാണ്. കൊടും വളവും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ ഈ റോഡിലൂടെ ബസുകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദൈനംദിനം കടന്നുപോകുന്നത്. ഭാരവണ്ടികളുടെ യാത്രയാണ് ഏറെ ദുഷ്കരം. ചിലസ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നത് ഇളകിമാറി കമ്പികള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് വാഹനങ്ങളുടെ ടയറിനും കേട് വരുത്തുന്നു. റോഡ് നിര്‍മ്മാണം ആരംഭിച്ച് തങ്ങളുടെ ഈ ദുരിതയാത്ര അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരും വാഹനയാത്രക്കാരും ഒന്നടങ്കം ആവിശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: