കിലോമീറ്ററുകള്‍ പിന്നിട്ട് മെട്രോ

Monday 21 March 2016 9:56 pm IST

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടവും വിജയം. ആലുവ മുട്ടം മുതല്‍ ഇടപ്പള്ളി ടോള്‍ വരെ ആറ് കിലോമീറ്ററാണ് ഇന്നലെ മെട്രോ ഓടിയെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി പത്ത് പ്രാവശ്യമായിരുന്നു പരീക്ഷണം. ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേഗം വര്‍ധിപ്പിച്ചാണ് ഓടിയത്. ആദ്യം മണിക്കൂറില്‍ പത്ത്കിലോമീറ്റര്‍ വേഗതയിലും പിന്നീട് ഇരുപതും മുപ്പതും കിലോമീറ്റര്‍ വേഗതയിലുമാണ് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. മുട്ടം മുതല്‍ ഇടപ്പള്ളിയിലേക്കും തിരിച്ചുമായി പത്ത് തവണ മെട്രോ ഓടിച്ചു. ഡിഎംആര്‍സി പ്രൊജക്ട് ഡയറക്ടര്‍ ഡാനി തോമസ്, കെഎംആര്‍എല്‍ എംഡി ഏല്യാസ് ജോര്‍ജ് എന്നിവരും ആസ്‌റ്റോം ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും കോച്ചിലുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27ന് ആദ്യഘട്ട പരീക്ഷണ ഓട്ടത്തില്‍ റോഡിന് മുകളിലുള്ള ട്രാക്കിലൂടെ മുട്ടം മുതല്‍ കളമശേരി സ്‌റ്റേഷന്‍ വരെ 3.3 കിലോമീറ്ററാണ് പിന്നിട്ടത്. മണിക്കൂറില്‍ അഞ്ച് മുതല്‍ എട്ട് കിലോമീറ്റര്‍ വേഗതയിലായിരുന്നു ഓട്ടം. സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ പരിഹരിച്ചായിരുന്നു തിങ്കളാഴ്ചത്തെ പരീക്ഷണം. മെയില്‍ പാലാരിവട്ടം വരെയാണ് പരീക്ഷിക്കുക. ജൂലൈയില്‍ മഹാരാജാസ് ഗ്രൗണ്ട്‌വരെയെത്തിക്കും. റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ നവംബറില്‍ മെട്രോയുടെ യാത്രാ സര്‍വീസും ആരംഭിക്കും. പടം....കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം ആലുവ മുട്ടം മുതല്‍ ഇടപ്പള്ളി വരെ നടന്നപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.