പമ്പയെ മലിനപ്പെടുത്തുന്നത് തീര്‍ത്ഥാടകര്‍ മാത്രമല്ലെന്ന് കണക്കുകള്‍

Monday 21 March 2016 10:30 pm IST

പത്തനംതിട്ട: പാപനാശിനി എന്ന് പ്രകീര്‍ത്തിക്കുന്ന പുണ്യപമ്പ മാലിന്യവാഹിനിയാകുന്നത് ശബരിമല തീര്‍ത്ഥാടനംകൊണ്ടാണെന്നത് പ്രചരണം മാത്രം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേയും മറ്റും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമല തീര്‍ത്ഥാടനക്കാലത്ത് പമ്പയില്‍ ഞുണങ്ങാറിന് സമീപം കോളിഫോം ബാക്ടീരിയയുടെ എണ്ണം ഭയാനകമാംവിധം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ പമ്പാനദിയുടെ ജനവാസ മേഖലകളില്‍ കോളിഫോം ബാക്ടീരിയകളുടെ എണ്ണം സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ വലിയ വര്‍ദ്ധനവ് കാണുന്നില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2016 ജനുവരി 13 ലെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മകരവിളക്ക് ഉത്സവക്കാലത്തിന്റെ ഏറ്റവും തിരക്കേറിയ ജനുവരി 13 ന് നുണങ്ങാറില്‍ മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ എണ്ണം നൂറ് മില്ലിലിറ്റര്‍ വെള്ളത്തില്‍ നാലുലക്ഷത്തി നാല്‍പതിനായിരം എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ ദിവസം തന്നെ പമ്പയ്ക്ക് താഴെ അത്തിക്കയത്ത് നൂറുമില്ലിലിറ്റര്‍ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ എണ്ണം 1640 ആണ് ,വടശ്ശേരിക്കരയില്‍ 1220ഉം റാന്നിയില്‍ 720 ഉം, ആറന്മുളയില്‍ 1520 ഉം ആണ്. ചെങ്ങന്നൂരില്‍ പമ്പാനദിയിലെ വെള്ളം പരിശോധിച്ചതില്‍ 1400ഉം മാന്നാറില്‍ 2140 ഉം ആണ് കോളിഫോം ബാക്ടീരിയയുടെ എണ്ണം. എടത്വയിലെത്തുമ്പോള്‍ 2080 ഉം, തകഴിയില്‍ 2340, പുളിക്കുന്നില്‍ 1500 ഉം ആണ് കോളിഫോം ബാക്ടീരിയയുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനക്കാലം അല്ലാത്ത സാധാരണ ദിവസങ്ങളിലും ഇവിടങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണത്തില്‍ വലിയ വ്യത്യാസമുണ്ടാകുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 ഒക്ടോബര്‍ 19നുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം അത്തിക്കയത്ത് 420, വടശ്ശേരിക്കരയില്‍ 750, റാന്നിയില്‍990., ചെങ്ങന്നൂരില്‍ 870, എടത്വയില്‍ 1910, തകഴിയില്‍ 1210, പുളിങ്കുന്നില്‍ 1400 എന്നിങ്ങനെയാണ് നൂറ് എംഎല്‍ പമ്പാനദിയിലെ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്. അതേ ദിവസം പമ്പയിലെ ഞുണങ്ങാറിന് സമീപം കോളിഫോം ബാക്ടീരിയയുടെ എണ്ണം 21000 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടനക്കാലത്ത് പമ്പയില്‍ കോളിഫോം ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നദീപ്രവാഹം ജനപഥങ്ങളിലേക്കെത്തുമ്പോള്‍ പ്രകൃതിയുടെ വൈഭവംകൊണ്ടുതന്നെ കോളിഫോം ബാക്ടീരിയകള്‍ നശിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശബരിമലക്കാടുകളില്‍ നിന്ന് ഉത്ഭവിച്ച് നീളംകൊണ്ട് സംസ്ഥാനത്തെ മൂന്നാമത്തെ നദിയായ പമ്പ വേമ്പനാട്ട് കായലില്‍ പതിക്കുമ്പോഴേക്കും 176 കിലോമീറ്റര്‍ സഞ്ചരിക്കും. മുപ്പതിലേറെ ചെറുപട്ടണങ്ങളിലൂടെ ഒഴുകിയെത്തുന്ന പമ്പയില്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലവും ടണ്‍കണക്കിന് ഖരമാലിന്യങ്ങളും പതിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനക്കാലത്ത് പമ്പയില്‍ ഉണ്ടാകുന്ന മാലിന്യങ്ങളുടെ കണക്കുകള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നത്. മഹത്തായ നദിയെ വിസര്‍ജ്ജിച്ചുകൊല്ലുന്നവര്‍ എന്ന ആക്ഷേപം പോലും ചിലര്‍ തീര്‍ത്ഥാടകരുടെ മേല്‍ ആരോപിക്കുന്നു. പമ്പയിലെ മാലിന്യം കുട്ടനാട്ടില്‍വരെ എത്തുന്നെന്നും അരക്കോടിയിലേറെ ജനങ്ങളെ ബാധിക്കുന്നെന്നുമുള്ള പ്രചരണവും നടക്കുന്നു. അതേസമയം ജനപഥങ്ങളില്‍ നിന്ന് ദൈനംദിനം പമ്പയിലെത്തുന്ന മാലിന്യങ്ങളെ കണ്ടില്ലെന്നും നടിക്കുന്നു. 2002 ലെ കണക്കനുസരിച്ച് വടശ്ശേരിക്കരയിലെ ഹോട്ടലുകള്‍, ആശുപത്രികള്‍, ഇറച്ചിക്കടകള്‍, ചെറുകിട വ്യവസായങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയഇടങ്ങളില്‍ നിന്നുമാത്രം 65000 ലിറ്റര്‍ മലിനജലവും 800 കിലോഗ്രാം ഖരമാലിന്യവും ദിനംപ്രതി പമ്പയില്‍ വീഴുന്നു. ഇതേപോലെ നാറാണംമൂഴി പഞ്ചായത്തില്‍ നിന്നും 65000 ലിറ്റര്‍ മലിനജലവും 800 കിലോഗ്രാം ഖരമാലിന്യവും , റാന്നി പെരുനാടില്‍ 32000 ലിറ്റര്‍ മലിനജലവും 650 കിലോഗ്രാം ഖരമാലിന്യവും പമ്പയില്‍ വീഴുന്നുണ്ട്. പമ്പാനദി കടന്നുപോകുന്ന നാല്‍പതോളം പഞ്ചായത്തുകളിലെ കണക്കുകള്‍ ഒരുമിച്ചെടുത്താല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ മലിനജലവും ടണ്‍കണക്കിന് ഖരമാലിന്യവും പമ്പയിലെത്തുന്നതായാണ് സൂചന. 2002 ലെ സ്ഥിതി ഇതാണെങ്കില്‍ ഇപ്പോള്‍ ഇതിന്റെ അളവ് പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ടാവും. എന്നാലിപ്പോള്‍ ഇത്തരത്തിലുള്ള കണക്കുകള്‍ ലഭ്യമല്ല. പകരം ശബരിമല തീര്‍ത്ഥാടനക്കാലത്തെ പമ്പയിലെ മാലിന്യങ്ങളുടെ കണക്കുകള്‍ മാത്രമാണ് പുറംലോകം അറിയുന്നത്. പമ്പ മലിനമാക്കുന്നത് ശബരിമല തീര്‍ത്ഥാടകര്‍ മാത്രമല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.