മേപ്പയ്യൂര്‍: കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. സ്വത്തിനും ജീവനും ഭീഷണിയായി മാറിയ മഞ്ഞക്കുളം ഉണ്ണിക്കാട് കുന്നിലെ കരിങ്കല്‍ ക്വാറി ഖനനത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കൊഴുക്കല്ലൂര്വില്ലേജില് എളമ്പിലാട് ദേശത്ത്, റി.സ. 9/1 എന്ന ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ക്വാറിക്ക് സമീപത്തായാണ് എട്ടുകുടുംബങ്ങള്‍ താമസിക്കുന്നത്. ക്വാറിയില്‍ സ്ഫോടനം നടക്കുമ്പോള്‍ വീടുകള്‍ കുലുങ്ങുകയാണ്. വീടുകള്‍ക്ക് മുകളില്‍ പാറക്കഷണങ്ങള്‍ പതിക്കുന്നത് നിത്യസംഭവമാണ്. കോഴിക്കോട് ജിയോളജി വകുപ്പും, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, കരിങ്കല്‍ ഖനനത്തിന് അനുമതി കൊടുക്കുമ്പോള്‍ സമീപത്തെ, വീടുകളില്‍ അന്വേഷണം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം,വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍, പോലീസ്, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് ഇവിടത്തുകാര്‍. 25 സെന്റിലാണ് ക്വാറിക്ക് അനുമതി ലഭിച്ചതെങ്കിലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ക്വാറി വ്യാപിപ്പിക്കുന്നതും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്കുന്ന ഉണ്ണിക്കാട് ശുദ്ധജല വിതരണ പദ്ധതിയുടെ, ടാങ്കറും, ഈ ക്വാറിയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: