മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച 10 പേര്‍ക്കെതിരെ കേസെടുത്തു

Tuesday 22 March 2016 3:09 pm IST

കോഴിക്കോട് : മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മുതലക്കുളത്ത് പിണറായി വിജയന്‍ അടക്കമുള്ള സിപി‌എം സംസ്ഥാന നേതാക്കളുടെ സാനിധ്യത്തിലാണ് മര്‍ദ്ദനം നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.വി. അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പിണറായി പ്രസംഗം കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് അനുമോദും അരവിന്ദും പോലീസിനു മൊഴി നല്‍കി. സദസ് വീഡിയോയില്‍ പകര്‍ത്തികൊണ്ടിരിക്കെ ഏതാനും പ്രവര്‍ത്തകര്‍ മുന്നോട്ട് വന്ന് വേദിക്കു പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഇരുവര്‍ക്കും കഴുത്തിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഒഴിഞ്ഞ കസേരകളുടെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെയാണ് പുറത്തെത്തിയ ഇരുവരും ബീച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിപാടിക്കു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനം നിലവിലിരിക്കേ പൊതുപരിപാടികള്‍ക്കു മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇതു സംബന്ധിച്ച് ജില്ലാ വരണാധികാരിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.