ഭീഷ്മശപഥം

Tuesday 22 March 2016 6:39 pm IST

അങ്ങയെപ്പോലെ ഒരു രാജാവ് വന്നു ചോദിച്ചാല്‍ എന്റെ കന്യാരത്‌നമായ മകളെ തരുക എന്നതില്‍ ആലോചിക്കാന്‍ അല്പം പോലുമില്ല. അങ്ങയുടെ കാലശേഷം ഇവളുടെ പുത്രനെ രാജാവാക്കണം എന്നതാണ് എന്റെ ആഗ്രഹം. അങ്ങേയുടെ മറ്റൊരു പുത്രന് ഈ അവകാശം ഒരിക്കലും ഉണ്ടാകരുത്.' ഗാംഗേയനെപ്പറ്റി രാജാവ് വ്യാകുലചിത്തനായി. ഒന്നും പറയാതെ കൊട്ടാരത്തില്‍ തിരിച്ചെത്തി. കുളിയും ഊണും ഉറക്കവും ഇല്ലാതെ രാജാവ് വിഷണ്ണനായി ഇരുപ്പായി. അച്ഛന്റെ ഈ ദുസ്ഥിതി കണ്ടു ദേവവ്രതന്‍ കാരണമെന്തെന്നു തിരക്കി. 'നരന്മാരില്‍ സിംഹമായ അങ്ങേയ്ക്ക് എന്ത് പറ്റി? അതിനു കാരണം ശത്രുക്കള്‍ ആണെങ്കില്‍ അതാരായാലും ഞാനിന്നു തന്നെ ഹനിക്കുന്നുണ്ട്. അച്ഛന്റെ ദുഖം തീര്‍ക്കാന്‍ കഴിയാത്ത പുത്രനെക്കൊണ്ട് എന്താണ് പ്രയോജനം? മുജ്ജന്മത്തിലെ കടം വീട്ടാനാണ് പുത്രനുണ്ടാകുന്നതെന്ന് നിശ്ചയം. ദശരഥപുത്രനായ രാമന്‍ അച്ഛന്റെ വാക്കുകേട്ട് സീതാ ലക്ഷ്മണ സമേതം കാട്ടില്‍പോയി താമസിച്ചില്ലേ? ഹരിശ്ചന്ദ്രന്റെ മകന്‍ രോഹിതന്‍ പിതാവ് അവനെ വിറ്റതിനാല്‍ വിപ്രഗൃഹത്തില്‍ ദാസനായി കഴിയേണ്ടി വന്നില്ലേ? പിന്നെ ശൂനശേഫന്റെ കഥയും പ്രസിദ്ധം. അജീഗര്‍ത്തന്‍ തന്റെ മകനായ ശൂനശേഫനെ ബലിമൃഗമായി വിറ്റതാണ്. വിശ്വാമിത്രനാണ് അവനെ രക്ഷപ്പെടുത്തിയത്. ജമദഗ്‌നിയുടെ പുത്രനായ പരശുരാമന്‍ തന്റെ അമ്മയുടെ കഴുത്തറുത്തത് പിതാവിന്റെ ആജ്ഞ ശിരസാവഹിക്കാനാണ്. ചെയ്യരുതാത്ത കര്‍മ്മമാണെങ്കിലും ഗുരുവിന്റെ യും പിതാവിന്റെയും ആജ്ഞയുടെ പ്രാധാന്യം അതില്‍ നിന്ന് വ്യക്തമായി. ഈ ദേഹം അങ്ങയുടേതാണ്. അങ്ങയ്ക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും ഞാന്‍ പരിഹാരമുണ്ടാക്കാം. വ്യസനിക്കരുത്. എന്താണെങ്കിലും പറയൂ. പിതാവിന്റെ ദുഖം അകറ്റാന്‍ കഴിയാത്ത ഒരു പുത്രനുണ്ടായിട്ടു കാര്യമില്ല.' ഇങ്ങനെ പറഞ്ഞ ദേവവ്രതനോട് ലജ്ജയോടെ രാജാവ് പറഞ്ഞു: 'നീ വീരനും ഗൂരനുമാണ്. പോരില്‍നിന്നും പിന്മാറാത്തവനുമാണ്. എന്നാല്‍ നീ മാത്രമല്ലേ എനിക്ക് പുത്രനായുള്ളൂ. നിനക്കെന്തെങ്കിലും പറ്റിയാല്‍ ഞാന്‍ നിരാശ്രയനാവും. ഇതാണ് എന്റെ ആകുലതയ്ക്കുള്ള കാരണം.' അപ്പോള്‍ ദേവവ്രതന്‍ മന്ത്രിമാരോട് പറഞ്ഞു: അച്ഛന്‍ കാര്യം തെളിച്ചു പറയുന്നില്ല. എന്താണ് പ്രശനം എന്ന് നിങ്ങള്‍ അറിഞ്ഞു വന്ന് എന്നോടു പറയണം. സത്യവതിയിലുള്ള രാജാവിന്റെ മോഹം അവര്‍ പറഞ്ഞ് ദേവവ്രതന്‍ അറിഞ്ഞു. സമയം കളയാതെ അദ്ദേഹം മുക്കുവരാജാവിന്റെ കുടിലില്‍ ചെന്നു. അദ്ദേഹം വിനയത്തോടെ പറഞ്ഞു: 'എന്റെ അച്ഛനുവേണ്ടി ഞാന്‍ അങ്ങയുടെ പുത്രിയെ ചോദിക്കുന്നു. അവള്‍ എന്റെ അമ്മയായി കൊട്ടാരത്തില്‍ വാഴട്ടെ. ഞാന്‍ അവളുടെ വാക്ക് കേട്ട് നടന്നുകൊള്ളാം.' അപ്പോള്‍ ദാശരാജാവ് പറഞ്ഞു: 'അങ്ങ് ഇവളെ ഭാര്യയാക്കുക. അതാണ് കൂടുതല്‍ ചേര്‍ച്ച. അങ്ങനെയാണെങ്കില്‍ ഇവളുടെ മകന്‍ രാജാവാകണം എന്ന നിബന്ധന എനിക്കില്ല.' എന്നാല്‍, 'ഇവള്‍ എനിക്ക് അമ്മയായിരിക്കും, ഇവളുടെ പുത്രനായിരിക്കും അടുത്ത രാജാവ്' എന്ന് ദേവവ്രതന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ദാശരാജാവ് സംശയം പ്രകടിപ്പിച്ചു. 'അങ്ങ് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയ്ക്ക് പുത്രനുണ്ടായാല്‍ അവന്‍ ബലം പ്രയോഗിച്ചു രാജ്യം കീഴടക്കുകയില്ല എന്നതിന് എന്താണൊരുറപ്പ്?' 'പേടിക്കണ്ട, ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ല. ഈ വാക്കിനു മാറ്റമില്ല. ഭീഷ്മശപഥമാണിത്.' സന്തുഷ്ടനായ ദാശരാജാവ് സത്യവതിയെ ശന്തനുവിനു വിവാഹം ചെയ്തു കൊടുത്തു. സത്യവതിക്ക് വ്യാസന്‍ എന്നൊരു മകന്‍ നേരത്തേയുണ്ടായിരുന്ന കാര്യം രാജാവിന് അറിയാമായിരുന്നില്ല. അക്കാര്യം അദ്ദേഹത്തോട് ആരും പറഞ്ഞുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.