സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

Tuesday 22 March 2016 7:15 pm IST

കോഴിക്കോട്: സിപിഎം സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്കെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചാരണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ടി.പി. രാമകൃഷ്ണനെതിരെയാണ് പേരാമ്പ്രയില്‍ പോസ്റ്റര്‍ പ്രചാരണം. ഇടത് വോട്ടര്‍മാര്‍ എന്ന പേരിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് കാലത്ത് ഈ മേഖലയില്‍ വ്യാപകമായി വിഭാഗീയ പ്രവര്‍ത്തനം ഉണ്ടായിരുന്നു. മേപ്പയ്യൂര്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് പാര്‍ട്ടിതല അന്വേഷത്തെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാപകമായി അണികള്‍ രംഗത്തുവരുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ തെളിയുന്ന ചിത്രം. ജില്ലയിലെ കുറ്റ്യാടി, കൊടുവള്ളി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കുറ്റ്യാടിയില്‍ കെ.കെ.ലതിക സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊടുവള്ളിയില്‍ മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖിനെ പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തിലുള്ളവരെ ചാക്കിട്ട് പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കൊടുവള്ളി സീറ്റില്‍ പാര്‍ട്ടി ജയിക്കില്ലെന്ന് ഉറപ്പായിട്ടും ലീഗ് വിമതനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിവന്നത് നേതൃത്വത്തിന്റെ വീഴ്ചയായി അണികള്‍ ചൂണ്ടിക്കാട്ടുന്നു. നവമാധ്യമങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം ശക്തമാവുകയാണ്. സാദ്ധ്യതാ ലിസ്റ്റില്‍ വന്ന സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് പ്രധാനമായും പ്രചാരണം നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.