കൊച്ചി: സമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കി മോഹന്‍ലാലിന്റെ ബ്ലോഗ്. സമയമില്ലായ്മയെക്കുറിച്ചുള്ള ആകുലതകള്‍ക്ക് ദൈവം കത്തിലൂടെ നല്കിയ മറുപടിയെന്ന നിലയില്‍ വ്യത്യസ്തമായാണ് ബ്ലോഗ് അവതരിപ്പിച്ചിരിക്കുന്നത്. സമയമില്ലെന്നു പറയുന്നവരുടെ സമയബോധത്തെ കടന്നാക്രമിക്കുകയാണ് സൂപ്പര്‍ താരം. ഓരോ വിഷയത്തിലും തന്റെ നിലപാടുകള്‍ ബ്ലോഗിലൂടെ പ്രകടിപ്പിക്കുന്ന ലാലിന്റെ ഈ ബ്ലോഗും ചര്‍ച്ചയാകുന്നു.
ഭൂമിയില്‍ എല്ലാവര്ക്കും ഒരേ സമയമാണ് അനുവദിച്ചിരിക്കുന്നതെന്നു ദൈവം ലാലിനെ അറിയിക്കുന്ന കത്തില്‍, അത് ഉപയോഗിക്കുന്ന രീതിയാണ് പ്രധാനമെന്ന് ഓര്‍മിപ്പിക്കുന്നു. ഏതു നിമിഷവും നിലയ്ക്കാവുന്ന ഘടികാരമാണെന്ന് വിചാരിച്ച് കര്‍മ്മം ചെയ്യുന്ന എത്ര പേരുണ്ട്? എത്രപേര്‍ സമയം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു? തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടല്‍, പരദൂഷണം പറയല്‍, തമ്മില്ത്തല്ലല്, കേസുകള്‍ക്കു പിന്നാലെ പോകല്‍, കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പേരും സമയം ചെലവഴിക്കുന്നതെന്നും ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു.
ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം കുടുങ്ങിക്കിടക്കുന്ന ഇന്നിന്റെ സംസ്കാരത്തെയും ലാല്‍ വിമര്‍ശിക്കുന്നു. തീവണ്ടി യാത്രകളിലും മറ്റും പരസ്പരം കുശലം പറയുന്നവരും തമാശ പറയുന്നവരും എന്തെങ്കിലും വായിക്കുന്നവരുമെല്ലാം ഒരുകാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് മൊബൈല്‍ ഫോണിനെ തൊട്ടു തലോടുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ. സഹയാത്രികരെ ആരും കണക്കിലെടുക്കുന്നുപോലുമില്ല. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തി സമൂഹത്തെ ഭിന്നിപ്പിക്കുന്നുവെന്ന അവസ്ഥയും ലാല്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: