ഭക്ഷണത്തിന്റെ മിനിമം നിരക്ക് പ്രസിദ്ധീകരിച്ചു

Tuesday 22 March 2016 8:38 pm IST

  കല്‍പ്പറ്റ :നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്/കൗണ്ടിങ്ങ് ഏജന്റുമാര്‍, പ്രചാരണ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് ചെലവിനത്തില്‍ കണക്കാക്കേണ്ട മിനിമം നിരക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിച്ചു. ജില്ലയിലെ പ്രാദേശിക നിരക്ക് പ്രകാരമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ഈ നിരക്കാവും സ്ഥാനാര്‍ത്ഥികളുടെ/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുമ്പോള്‍ മാനദണ്ഡമാക്കുക. ഇതില്‍ പറയുന്ന മിനിമം നിരക്കിനേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥ ചെലവെങ്കില്‍ അതാണ് കണക്കിലെടുക്കേണ്ടത്. മിനിമം നിരക്ക് ഇനി പറയും പ്രകാരമാണ്. പച്ചക്കറി ഊണ്‍ 40 രൂപ, പൊരിച്ച മത്സ്യത്തോടെയുള്ള ഊണ്‍ 75 രൂപ, കഞ്ഞി 20 രൂപ, ചായ എട്ട് രൂപ, ചായയും പലഹാരവും 16 രൂപ, ലൈം ജ്യൂസ് 12 രൂപ, പഴ ജ്യൂസ് 30 രൂപ, പ്രചാരണത്തിന് ഒരു മേശ, രണ്ട് കസേര എന്നിവയുള്‍പ്പെടെ പന്തല്‍ വാടകയ്ക്ക് 200 രൂപ. ഈ നിരക്കിനെക്കുറിച്ച് പരാതിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അഞ്ച് ദിവസത്തിനകം പരാതി നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. കഴമ്പുള്ള പരാതികള്‍ മാത്രം അംഗീകരിക്കും. ആവശ്യമെങ്കില്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കും. അഞ്ച് ദിവസത്തിനകം പരാതി കിട്ടാതിരുക്കുകയോ പരാതികള്‍ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഈ ഉത്തരവ് അന്തിമമായിരിക്കുമെന്നും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.