കുടിവെള്ളം ചോര്‍ത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം

Tuesday 22 March 2016 8:47 pm IST

എടത്വാ: കുടിവെള്ളം ചോര്‍ത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ തലവടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിര്‍ദ്ദേശം. തലവടി ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡിലെ ഗുണഭോക്താക്കള്‍ക്ക് നല്‍കിയ വിതരണ ലൈനില്‍ നിന്ന് കുടിവെള്ളം ചോര്‍ത്തുന്ന നടപടി നിര്‍ത്തിവെയ്ക്കാനാണ് ഭരണസമതി ജലഅതോറിറ്റിക്കും, സ്വകാര്യ വ്യക്തികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. വിതരണലൈനില്‍ നിന്ന് കുടിവെള്ളം ചോര്‍ത്തുന്ന കാരണം പ്രദേശത്ത് കുടിവെള്ളം എത്താറില്ലന്നാരോപിച്ച് കഴിഞ്ഞ ദിവസം കെപിഎംഎസ് എടത്വാ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കോളനിയിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമായത്. നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന കോളനി ഉള്‍പെട്ട വാര്‍ഡില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മുഖ്യമന്ത്രിയുടെ ഇടപെട്ടാണ് പദ്ധതി തയ്യാറാക്കി കുടിവെള്ളം എത്തിച്ചത്. പദ്ധതിപ്രകാരം കുടിവെള്ളമെത്തിക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തിരുന്നു. കോളനിയിലേക്കുള്ള വിതരണ ലൈന്‍ കൂടാതെ ജല അഥോറിറ്റിയുടെ പ്രധാന ലൈനും, മറ്റൊരു കുടിവെള്ള ലൈനും ഇതുവഴിയാണ് കടന്നുപോകുന്നത്. രണ്ടു ലൈനും ഒഴിവാക്കിയാണ് കോളനിയിലേക്ക് പോകുന്ന ലൈനില്‍ നിന്ന് കുടിവെള്ളം ചോര്‍ത്തിയത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, വാര്‍ഡ് അംഗങ്ങളായ പ്രകാശ് പനവേലില്‍, ദീനു വിനോദ്, രമ മോഹന്‍, അജിത്ത് കുമാര്‍ പിഷാരത്ത്, കെപിഎംഎസ് യൂണിറ്റ് ട്രഷറര്‍ ഡി. രാജു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.