റിമാന്റില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Tuesday 22 March 2016 9:40 pm IST

കൊച്ചി: റിമാന്റില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നുംആവശ്യപ്പെട്ടായിരുന്നു ഉപരോധം. പെറ്റിക്കേസില്‍ പിഴയൊടുക്കാത്തതിനെത്തുടര്‍ന്ന് റിമാന്റിലിരിക്കെ എളമക്കര താന്നിക്കല്‍ പ്ലാശേരിപ്പറമ്പ് വേണുവിന്റെ മകന്‍ വിനീഷ്(32) ആണ് ഞായറാഴ്ച മരിച്ചത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുവാനും കുടുംബത്തിന് 25,000 രൂപ അടിയന്തിര ധനസഹായം നല്‍കാനും തീരുമാനിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് എളമക്കര താന്നിക്കല്‍ ജംഗ്ഷനിലായിരുന്നു മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം. കല്‍പ്പണിക്കാരനായ വിനീഷിന്റെ ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി നാട്ടുകാരുടെ നേതൃത്വത്തില്‍ എളമക്കര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മൂന്ന് ദിവസമായിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ സ്ഥലത്തേക്ക് തിരിഞ്ഞ് നോക്കാത്തതില്‍ നാട്ടുകാരും ബന്ധുക്കളും വന്‍ പ്രതിഷേധത്തിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് മൃതദേഹം ആംബുലന്‍സില്‍ താന്നിക്കലില്‍ എത്തിയത്. ജംഗ്ഷനില്‍ ഇതിനോടകം നാട്ടുകാര്‍ ഉപരോധം ആരംഭിച്ചിരുന്നു. പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ ഇവര്‍ കളക്ടര്‍ നേരിട്ടെത്തി പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കളക്ടര്‍ സ്ഥലത്തില്ലായിരുന്നു. കളക്ടറുടെ പ്രതിനിധിയായി കണയന്നൂര്‍ തഹസീല്‍ദാര്‍ എന്‍.കെ. കൃപ എത്തിയെങ്കിലും തീരുമാനമൊന്നും പ്രഖ്യാപിച്ചില്ല. പ്രതിഷേധം ശക്തമായതോടെ എസിപി എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലത്തെത്തിയ എഡിഎം സി. ലതികയുമായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോബന്‍ദാസ്, സിപിഎം ജില്ല കമ്മറ്റിയംഗം അഡ്വ. എം അനില്‍കുമാര്‍, കുഡുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്‌കരന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ എസ്. സുഹാസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിനീഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് ധനസഹായം നല്‍കുമെന്നും എഡിഎം പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. കഴിഞ്ഞ 11നാണ് താന്നിക്കലിലെ വീട്ടില്‍ നിന്നും മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കേസില്‍ എളമക്കര പോലീസ് വിനീഷിനെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിലും ഇയാള്‍ക്കെതിരെ വാറണ്ടുണ്ടായിരുന്നു. പിന്നീട് ആലുവ സബ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത ശേഷം ആലുവ സബ്ജയിലില്‍ പാര്‍പ്പിച്ചു. ഇവിടെ നിന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16ന് തൃശ്ശൂര്‍ മനോരോഗ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. എഡിഎമ്മിന്റെ ഉറപ്പിന്‍മേല്‍ വൈകിട്ട് 4.30ന് ഉപരോധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യോപചാരങ്ങള്‍ക്ക് ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സരോജിനിയാണ് അമ്മ. സഹോദരന്‍: വിനോദ്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, സംസ്ഥാന സമിതി അംഗം പി.ജെ. തോമസ്, സി.ജി. രാജഗോപാല്‍, ജീവന്‍ലാല്‍, ടി. ബാലചന്ദ്രന്‍, മനോജ്, കെ.എസ്. രാജേഷ്, സിപിഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. എം. അനില്‍കുമാര്‍, എളമക്കര ലോക്കല്‍ സെക്രട്ടറി പി.എച്ച്. ഷാഹുല്‍ ഹമീദ്, ആര്‍. നിഷാദ് ബാബു, കുടുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്‌കരന്‍, സംസ്ഥാന കമ്മറ്റി അംഗം സി എസ് സുനില്‍കുമാര്‍, മുന്‍ കൗണ്‍സിലര്‍ സജിനി ജയചന്ദ്രന്‍, എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. മരിച്ച വിനീഷിന്റെ അച്ഛന്‍ വേണുഗോപാല്‍, അമ്മ സരോജിനി, സഹോദരന്‍ വിനോദ് എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.