സിപിഎമ്മിന് അന്ന് ചാവേര്‍; ഇന്ന് പെരുവഴിയില്‍

Tuesday 22 March 2016 9:41 pm IST

തിരുവനന്തപുരം: വഞ്ചനയെന്ന സിപിഎമ്മിന്റെ അടിസ്ഥാന സ്വഭാവം ഒരിക്കല്‍ കൂടി പുറത്ത്. ഉമ്മന്‍ചാണ്ടിക്കെതിരെ ആക്ഷേപം ചൊരിയാന്‍ സിപിഎം കൂട്ടുപിടിച്ച പി.സി. ജോര്‍ജ്ജിനെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കറിവേപ്പിലയാക്കി. കേരളാ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെയും പിണക്കി മുന്നണി വിട്ട പി.സി. ജോര്‍ജ്ജ് ഇപ്പോള്‍ പെരുവഴിയിലാണ്. സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ജോര്‍ജ്ജ് യുഡിഎഫ് വിട്ടത്. ഇപ്പോള്‍ അവര്‍ കൈയൊഴിഞ്ഞ മട്ടിലാണ്. പൂഞ്ഞാറില്‍ പി.സി.ജോര്‍ജിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറഞ്ഞതോടെയാണ് ജോര്‍ജ്ജ് ചതിക്കുഴിയില്‍ വീണെന്ന് ബോധ്യപ്പെട്ടത്. പൂഞ്ഞാറില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നതായി പി.സി.ജോര്‍ജ് പറയുന്നു. കോടിയേരിയുമായും ജില്ലാ സെക്രട്ടറി വി.എന്‍.വാസവനുമായും സംസാരിച്ചിരുന്നു. ജോര്‍ജ്ജിന്റെ പ്രതികരിക്കുന്നു. യുഡിഎഫ് വിട്ടതിനു ശേഷം ബാര്‍കോഴ, സോളാര്‍ കേസ് തുടങ്ങി യുഡിഎഫിനെതിരെ ജോര്‍ജ്ജ് നിരന്തരം ആരോപണമുന്നയിച്ചു. സിപിഎമ്മിനുവേണ്ടി ജോര്‍ജ്ജ് ചാവേറാവുകയായിരുന്നു. എന്നാല്‍ പിണറായി വിജയനും, വൈക്കം വിശ്വനും, കെ.ജെ. തോമസും തനിക്ക് പാര പണിയുന്നുവെന്ന് ജോര്‍ജ്ജ് ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ഇതോടെ നേതൃത്വം ജോര്‍ജ്ജിനെതിരെ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയും കോട്ടയം ജില്ലാ സെക്രട്ടറിയും തനിക്കൊപ്പമാണ്. എന്നാല്‍ മറ്റു ചിലര്‍ തടസം നില്‍ക്കുന്നു എന്നായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്. ഇതോടെ ജോര്‍ജ്ജ് പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നു. പിണറായിയെ മുതലാളി എന്ന് വിളിച്ച് ആക്ഷേപിച്ചതും ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ ടി.ജി. നന്ദകുമാറിനെ സാമ്പത്തികമായി സഹായിച്ചതുമാണ് പിണറായിക്ക് ജോര്‍ജ്ജിനോടുള്ള ശത്രുതയ്ക്കു കാരണം. ജോര്‍ജ്ജിനെ സഹകരിപ്പിക്കുന്നതിനോട് പിണറായി നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ജോര്‍ജ്ജിനെതിരാണ്. ഇതെല്ലാം ജോര്‍ജ്ജിന് വിനയാകുമെന്നുറപ്പാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.