മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; കരീംമിന് ഒരു ലക്ഷവും 3 സെന്റും

Tuesday 22 March 2016 9:42 pm IST

കൊച്ചി: മാനസികാസ്വാസ്ഥ്യമുള്ള രണ്ട് കുട്ടികളുമായി സര്‍ക്കാര്‍ പുറമ്പോക്കില്‍ ഫഌക്‌സ് കൊണ്ട് മറച്ച ഷെഡില്‍ താമസിക്കുന്നയാള്‍ക്കും കുടുംബത്തിനും സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനയുടെയും സഹായമായി ഒരു ലക്ഷം രൂപ ലഭിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 72,000 രൂപയും ഗാന്ധിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും 25000 രൂപയും ലഭിച്ചത്. എറണാകുളം സ്വദേശി പി.കെ. കരീമിനാണ് സഹായം ലഭിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഴക്കമ്പലം വില്ലേജില്‍ മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷകന് 3 സെന്റ് ഭൂമി അനുവദിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. കരീമിനെയും കുടുംബത്തെയും സഹായിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ അഭ്യര്‍ത്ഥന ദൃശ്യ-പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യസ്‌നേഹികളായ നിരവധി പേര്‍ കരീമിന് സഹായം നല്‍കിയിരുന്നു. ഗാന്ധിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ചെയര്‍മാന്‍ പി.കെ. കോശി കമ്മീഷന് അയച്ചു തന്ന 25,000 രൂപയുടെ ചെക്ക് ജസ്റ്റിസ് ജെ.ബി. കോശി കരീമിന് കൈമാറി. റോഡ് വികസനത്തിനു വേണ്ടി പുറമ്പോക്ക് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കരീമിന് കയറികിടക്കാന്‍ സ്ഥലമില്ലാതായി. കരീമിന് നിയമപരമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കണമെന്ന് കമ്മീഷന്‍ എറണാകുളം ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.