തൊടുപുഴ: കടുത്ത വേനല്‍ ചൂടിന് ആശ്വാസമായി തൊടുപുഴ നഗരത്തില്‍ നേരിയ മഴ. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മഴ അപ്രതീക്ഷിതമായി വിരുന്നെത്തിയത്. മഴതുള്ളികള്‍ മണ്ണില്‍ പതിച്ചപ്പോള്‍ ഉയര്‍ന്ന പുതുമണ്ണിന്റെ ഈറന്‍ നിറഞ്ഞ മണം നഗരവാസികളെ മനസ്സില്‍ കുളിര്കോരിയിട്ടെങ്കിലും മഴ ശക്തിപ്പെടാത്തത് ഇവരെ വിഷമത്തിലാക്കി. ജില്ലയിലെ ഉയര്‍ന്ന താപനില നിലവില്‍ 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. സൂര്യതാപത്തില്‍ വെന്തുരുകുന്ന സാഹചര്യത്തിലാണ് ആശ്വാസം പകര്‍ന്ന് ചെറിയ വേനല്‍മഴ എത്തുന്നത്. വൈകുന്നേരം പെയ്ത മഴ ആസ്വദിക്കാനായി നഗരവാസികള്‍ ഒത്തുച്ചേര്‍ന്നു. തൊടുപുഴക്ക് സമീപം മുട്ടം, കാഞ്ഞാര്‍ എന്നിവിടങ്ങളിലും മഴ പെയ്തു. അതേ സമയം നേരിയ തോതില്‍ പെയ്ത മഴ മൂലം നഗരത്തില്‍ രാത്രിയില്‍ ചൂട് വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: