ശബരിമലയില്‍ ആറാട്ട് ഇന്ന്

Tuesday 22 March 2016 10:38 pm IST

പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് ഇന്ന് നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 11നാണ് പമ്പയില്‍ ആറാട്ട് ചടങ്ങുകള്‍ നടക്കുക. ഇന്നലെ ശരണഘോഷമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പള്ളിവേട്ട നടന്നു. രാത്രി ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് 9 ണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഭഗവത് ചൈതന്യം തിടമ്പിലേക്ക് ആവാഹിച്ച് ആനപ്പുറത്ത് ശരംകുത്തിയിലേക്ക് എഴുന്നള്ളിച്ചു. ഭഗവാന് മുന്നില്‍ നായാട്ട് വിളി ഉയര്‍ന്നു. ശരംകുത്തിയില്‍ വേട്ടക്കുറുപ്പിന്റെ സാന്നിദ്ധ്യത്തില്‍ മൂന്നുതവണ അമ്പെയ്ത് ദുഷ്ട ശക്തികളെ ഇല്ലായ്മചെയ്ത് ശംഖുമുഴക്കി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എഴുന്നള്ളത്ത് സന്നിധാനത്തെത്തിയപ്പോള്‍ ഭക്തര്‍ കര്‍പ്പൂരദീപം തെളിയിച്ച് ഭഗവാനെ സ്വീകരിച്ചു. സന്നിധാനത്ത് പ്രത്യേക മണ്ഡപത്തില്‍ ഭഗവാന്‍ ഇന്നലെ പള്ളിയുറങ്ങി. ഇന്ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് മടങ്ങി. തുടര്‍ന്ന് ഉഷപൂജയ്ക്ക് ശേഷം 8.30 ഓടെ ആറാട്ട് പുറപ്പാടിനുള്ള ചടങ്ങുകള്‍ തുടങ്ങും. ആറാട്ട് ബലിക്ക് ശേഷം ആനപ്പുറത്ത് ഭഗവാന്‍ പമ്പയിലേക്ക് എഴുന്നള്ളും. ശരംകുത്തി, ശബരിപീഠം, അപ്പാച്ചിമേട് വഴി പമ്പയിലെത്തും. 11 മണിയോടെ പമ്പയില്‍ ആറാട്ട് നടക്കും. തുടര്‍ന്ന് ഭഗവാനെ പമ്പാ ഗണപതികോവിലില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ എഴുന്നള്ളിച്ചിരുത്തും. ഈസമയം ഭക്തര്‍ക്ക് പറ സമര്‍പ്പണത്തിനുള്ള സൗകര്യവുമുണ്ട് . വൈകിട്ട് 4 മണിയോടെ സന്നിധാനത്തേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ഏഴുമണിയോടെ കൊടിയിറക്കിന് ശേഷം അകത്തേക്ക് എഴുന്നള്ളിച്ച് ഭഗവത് ചൈതന്യം മൂലവിഗ്രഹത്തിലേക്ക് മാറ്റി പൂജകള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.