മോഷണം തുടര്‍ക്കഥയായി; മുണ്ടക്കയത്ത് ജനങ്ങള്‍ ഭീതിയില്‍

Tuesday 22 March 2016 10:48 pm IST

മുണ്ടക്കയം: മുണ്ടക്കയത്ത് മോഷണം തുടര്‍ക്കഥയാവുന്നു. നിരവധി മോഷണങ്ങള്‍ മൂന്നു മാസത്തിനിടെ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ലെന്നതും ജനങ്ങളെ ഭീതിയിലാക്കി. വീടുകള്‍ മാത്രല്ല ആരാധനാലയങ്ങളും മോഷ്ടാക്കളുടെ വിഹാരരംഗമായി. ഏറ്റവുമൊടുവില്‍ വെളളിയാഴ്ച രാത്രി എസ്എന്‍ഡിപി മുരിക്കുംവയല്‍ ശാഖാ സെക്രട്ടറി വാസുദേവന്റെ പുലിക്കുന്നിലെ വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ 1.75 ലക്ഷം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. വീടു പണിയാന്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ചക്കുളളില്‍ രണ്ടു തവണയാണ് പൈങ്ങന സെന്റ് തോമസ് പളളിയില്‍ മോഷ്ടാക്കള്‍ കയറിയത്. ആദ്യ തവണ രണ്ടായിരം രൂപ കൈക്കലാക്കിയെങ്കിലും, രണ്ടാം തവണ നേര്‍ച്ചപ്പെട്ടി തകര്‍ത്ത കളളന്‍ നിരാശനായി. തലേദിവസം നേര്‍ച്ചപ്പെട്ടിയിലെ പണം പള്ളി ഭാരവാഹികള്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം കണ്ണിമലയിലെ ഒരു വീട്ടില്‍ നിന്നു ഒന്നര പവന്റെ സ്വര്‍ണമാല, 3500 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയി. നഗരത്തനടുത്ത് മുണ്ടമറ്റം ഭാഗത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകളില്‍ മോഷണശ്രമം നടന്നു. എല്ലാ സ്ഥലങ്ങളിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കളളന്‍ ഓടി രക്ഷപെടുകയായിരുന്നു. അത്യുഷ്ണത്താല്‍ രാത്രിയില്‍ വീട്ടുകാര്‍ ജനലുകള്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇത് കളളന്മാര്‍ക്ക് മോഷണം എളുപ്പമാക്കാന്‍ ഇടയാക്കുന്നതായാണ് കണ്ടു വരുന്നത്. കണ്ണിമല കല്ലുങ്കല്‍ ജസ്റ്റിന്റെ വീട്ടിലെ തുറന്നു കിടന്ന ജനലിലൂടെ കയ്യിട്ടു കതകു തുറന്നാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. മാല ഉറങ്ങാന്‍ നേരം ഊരി ജസ്റ്റിന്‍ കിടക്കു മുറിയുടെ മേശപ്പുറത്തു ബാഗില്‍ വച്ചിരുന്നു. ഒപ്പം മൊബൈലും. കിടക്ക മുറിയില്‍ കയറിയ കളളന്‍ മേശപ്പുറത്തിരുന്ന ബാഗും, മൊബൈലും മോഷ്ടിച്ചു. ബാഗില്‍ 3500 രൂപയുമുണ്ടായിരുന്നു. മുണ്ടക്കയം പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ നിന്നു രണ്ടാഴ്ച മുമ്പ് 2000 രൂപ മോഷണം പോയിരുന്നു. രണ്ടാഴ്ച പിന്നിടവേ കഴിഞ്ഞ ദിവസവും മോഷണം ശ്രമം നടന്നു. പളളിയുടെ സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന മെറ്റല്‍ വാരാന്‍ ഉപയോഗിക്കുന്ന ഷൗവ്വല്‍ ( മെറ്റല്‍ കോരി) കൊണ്ട് പളളിയുടെ മുന്‍ വശത്തെ കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സമീപത്തെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി മേശയിലുണ്ടായിരുന്ന മറ്റ് മുറികളുടെ താക്കോലുകള്‍ കൈക്കലാക്കി. ഓഫീസ് മുറിയിലെ അലമാരകള്‍ കുത്തിതുറക്കുവാന്‍ ശ്രമം നടത്തി. പളളിയുടെ അകത്ത് ഉണ്ടായിരുന്ന നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നേര്‍ച്ചപ്പെട്ടി തുറന്ന് പണം എടുത്തതിനാല്‍ നിസാര തുക മാത്രമെ പെട്ടിയിലുണ്ടായിരുന്നുളളു. അതേ രാത്രിയില്‍ പളളിയില്‍ നിന്നു 100 മീറ്റര്‍ അകലെ മുണ്ടമറ്റം ഭാഗത്തെ നിരവധി വീടുകളില്‍ മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ദൗത്യം ഉപേക്ഷിച്ചു മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.