ഓഹരി കൈമാറ്റം: വോഡാഫോണ്‍ നികുതി അടയ്ക്കണ്ട

Friday 20 January 2012 5:33 pm IST

ന്യൂദല്‍ഹി: വിദേശത്ത് നടന്ന ഓഹരിക്കൈമാറ്റത്തില്‍ വോഡാഫോണ്‍ മൊബൈല്‍ കമ്പനി ഇന്ത്യയില്‍ നികുതി അടയ്ക്കേണ്ടതില്ലെന്ന് വിധിച്ചു. കമ്പനി 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന മുംബൈ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. ഹച്ചിസണ്‍ എസ്സാര്‍ കമ്പനിയുടെ 67 ശതമാനം ഓഹരി ഏറ്റെടുത്തതിന് നികുതി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. വോഡാഫോണില്‍ നിന്ന് ഈടാക്കിയ 2500 കോടി രൂപ പലിശ സഹിതം ആദായ നികുതി വകുപ്പ് തിരിച്ചടയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഹച്ചിസണ്‍ എസ്സാറുമായുള്ള ഇടപാടില്‍ മൂലധന നേട്ട നികുതിയായി വൊഡാഫോണ്‍ 12,550 കോടി രൂപ നികുതി നല്‍കണമെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം. ഇതിനെതിരെയാണു കമ്പനി കോടതിയെ സമീപിച്ചത്. വിദേശത്തുള്ള കമ്പനികള്‍ തമ്മിലുള്ള ഇടപാടായതിനാല്‍ രാജ്യത്തെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നായിരുന്നു വൊഡാഫോണിന്‍റെ വാദം. ഈ വാദം കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അംഗമായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണു വിധി അംഗീകരിച്ചത്. ബ്രിട്ടണ്‍ ആസ്ഥാനമായ വൊഡാഫോണ്‍ കനേഡിയന്‍ കമ്പനി ഹച്ചിസണ്‍ ഇന്റര്‍ നാഷണലിന്റെ ഓഹരി ഏറ്റെടുത്ത ഇടപാടാണ് കേസിന് ആധാരം. വൊഡാഫോണ്‍ ഏറ്റെടുത്ത് 67 ശതമാനം ഹച്ചിസണ്‍ എസ്സാര്‍ എന്ന ഇന്ത്യന്‍ കമ്പനിയുടേതാണെന്ന് ആദായ നികുതി വകുപ്പു വാദിച്ചു. ഹച്ചിസണ്‍ ഇന്റര്‍ നാഷനലിന്റെ ഇന്ത്യന്‍ വിഭാഗമാണിത്. എന്നാല്‍ വാദം കോടതി തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.