ഹനുമാന്‍ ശ്രീരാമസന്നിധിയില്‍

Wednesday 23 March 2016 6:45 pm IST

വാല്‍മീകി രാമായണത്തില്‍ ലക്ഷ്മണനോട് കുശലം പറയണം എന്നു മാത്രമേയുള്ളൂ. ലക്ഷ്മണനോട് പരുഷം പറയേണ്ടിവന്നതില്‍ സീതയുടെ പശ്ചാത്താപവും മഹത്വവും ഇവിടെ വെളിപ്പെടുന്നു. തുടര്‍ന്ന് ഹനുമാന്‍ താന്‍ അശോകവനം തകര്‍ത്തതും കിങ്കരന്മാരെ കൊന്നതും വിവരിച്ചു. തന്നെ പിടിക്കാന്‍ വന്ന ജംബുമാലി ഉള്‍പ്പെടെയുള്ള മന്ത്രിപുത്രന്മാരെയും, പിന്നെ രാവണപുത്രനായ അക്ഷകുമാരനേയും വധിച്ചു. മേഘനാഥന്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. അതിനെ മാനിച്ച് ബന്ധനസ്ഥനായി അഭിനയിച്ച് രാവണസന്നിധിയിലെത്തി. പറഞ്ഞകാര്യങ്ങളും ശ്രീരാമനെ കേള്‍പ്പിച്ചു. തന്നെ കൊല്ലാന്‍ രാവണന്‍ കല്‍പിച്ചപ്പോള്‍ വിഭീഷണന്‍ തടഞ്ഞു. പിന്നെ രാവണന്റെ നിര്‍ദ്ദേശമനുസരിച്ചു അവര്‍ തന്റെ വാലില്‍ തുണിചുറ്റി തീകൊളുത്തി അത് അവസരമാക്കി ലങ്ക ചുട്ടെരിച്ചിട്ട് ഇങ്ങോട്ടു മടങ്ങിപ്പോന്നു. ഹനുമാന്റെ വാക്കുകള്‍ കേട്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഹൃദയത്തില്‍ ആനന്ദബാഷ്പം നിറഞ്ഞു ഹനുമാനെ പ്രീതിയോടെ ആലിംഗനം ചെയ്തു. ഈ രംഗം അദ്ധ്യാത്മരാമായണം മൂലത്തില്‍ ഇങ്ങനെയാണ് രാമന്‍ പ്രസന്നനായി പറഞ്ഞു. 'ഹനുമാന്‍ അങ്ങുചെയ്ത കാര്യം ദേവന്മാര്‍ക്കുപോലും അസാദ്ധ്യമായതാണ്. ഇതിനുപകരമായി എന്തുപകാരം ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂടാ. എടുത്തുകൊള്ളൂ. ഞാനിപ്പോള്‍ തന്നെ എന്റെ സര്‍വസ്വവും അങ്ങേക്കു സമര്‍പ്പിക്കുന്നു.''ഇങ്ങനെ പറഞ്ഞ് അദ്ദേഹം വാനരശ്രേഷ്ഠനായ ഹനുമാന് ഗാഢമായ ആലിംഗനം നല്‍കി. അദ്ദേഹത്തിന്റെ നേത്രങ്ങളില്‍ കണ്ണുനീരും ഹൃദയത്തില്‍ പരമമായ പ്രേമവും നിറഞ്ഞുതുളുമ്പി. ഭക്തവത്സലനായ രഘുരാമന്‍ ഹനുമാനോടു പറഞ്ഞു: ''സംസാരത്തില്‍ എന്റെ ആലിംഗനം ലഭിക്കുകയെന്നത് പരമദുര്‍ലഭമാണ്. ഹേ പരിപുംഗവാ, ആ സൗഭാഗ്യം താങ്കള്‍ക്കു കിട്ടിയിരിക്കുന്നു. താങ്കള്‍ എന്റെ പ്രിയമിത്രവും പരമഭക്തനുമാണ്.'' ശ്രീ പരമേശ്വരന്‍ പാര്‍വതിയോടു പറയുന്നു യത് പാദപത്മയുഗളം തുളസീദളാദൈ്യഃ സമ്പൂജ്യ വിഷ്ണുപദവീമതുലാം പ്രയാന്തി തേനൈവ കിം പുനരസൗ പരിരബ്ധമൂര്‍ത്തീ രാമേണ വായുതനയഃകൃതപുണ്യപുഞ്ജഃ (ഹേ പാര്‍വതീ, യാതൊരാളുടെ ചരണാരവിന്ദയുഗളത്തെ തുളസീദളം തുടങ്ങിയവകൊണ്ട് പൂജിച്ചാല്‍, ഭക്തജനങ്ങള്‍ അതുല്യമായ വിഷ്ണുപദം പ്രാപിക്കുന്നുവോ അങ്ങനെയുള്ള രാമന്റെ ആലിംഗനം ലഭിക്കത്തക്കവിധം പരിശുദ്ധകര്‍മ്മമനുഷ്ഠിച്ച പവനപുത്രന്റെ പുണ്യത്തെപ്പറ്റി എന്തു പറയാനാണ്) സുന്ദരകാണ്ഡത്തിലെ ഹനുമാനെ ആത്മാന്വേഷിയായ ഒരു സാധകനായി കാണണം. ആദ്യം ലക്ഷ്യം തീരുമാനിച്ചു. പിന്നെ അതുറപ്പിച്ചു. ഈ ജന്മത്തില്‍തന്നെ ഞാന്‍ ആത്മസാക്ഷാത്കാരം നേടും എന്നുറപ്പിക്കുന്ന സാധകന്‍ എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് അതു നേടുന്നു. അതിന്റെ ഫലമായി ആ ഭഗവാന്റെ ആലിംഗനത്തില്‍ അമര്‍ന്ന് സര്‍വ്വസ്വവും സമ്പാദിക്കുന്നു. ഭക്തനും ഭഗവാനും ഒന്നായിത്തീരുന്നു. അതാണ് ഹനുമാന്റെ ഭാഗ്യോദയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.