തിരിച്ചടിക്കും; പ്രചാരണത്തിന് കനയ്യ വേണ്ടെന്ന് സിപിഎം

Wednesday 23 March 2016 8:07 pm IST

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎന്‍യുവിലെ വിവാദനായകന്‍ കനയ്യ കുമാര്‍ കേരളത്തിലും പശ്ചിമ ബംഗാളിലും പ്രചാരണത്തിന് വേണ്ടെന്ന് സിപിഎം നേതൃത്വം. ഇത് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജെഎന്‍യുവിലെ രാഷ്ട്രീയം തലക്കുപിടിച്ച അവസ്ഥയല്ല കേരളത്തിലും ബംഗാളിലുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ യാഥാര്‍ഥ്യം ഇതല്ല. ജെഎന്‍യുവില്‍ വൈകാരികമായിരുന്നു പ്രതികരണം. അതിനാല്‍ കനയ്യയെ പ്രചാരണത്തിന് ഇറക്കിയാല്‍ തിരിച്ചടിയാകും ലഭിക്കുക. ജെഎന്‍യുവിലെ അന്തരീക്ഷവും കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തമ്മില്‍ വലിയ അന്തരമുണ്ട്. പാര്‍ട്ടി നേതാക്കള്‍ കരുതുന്നു. മാത്രമല്ല ദേശീയതയും രാഷ്ട്രവിരുദ്ധതയും തമ്മിലുള്ള വ്യത്യാസം തുറന്നുകാട്ടി ബിജെപി നടത്തുന്ന, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നുള്ള പ്രചാരണത്തിനിടെ കനയ്യയെ കൊണ്ടുവരുന്നത് വലിയ ദോഷമുണ്ടാക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. കനയ്യയെ പ്രചാരണത്തിന് ഇറക്കുമെന്നാണ് മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നത്. കേരളത്തിലും ബംഗാളിലും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംഘടിപ്പിക്കുന്ന ചില പരിപാടികളില്‍ കനയ്യയെ കൊണ്ടുവന്നേക്കും. അതു മാത്രം മതിയെന്നാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും കേന്ദ്രനേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.