തേക്കടി ബോട്ട് ദുരന്തം; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെ കുറ്റപത്രം നല്‍കില്ലെന്ന് ക്രൈംബ്രാഞ്ച്

Wednesday 23 March 2016 8:13 pm IST

ഇടുക്കി: നാല്പത്തഞ്ചുപേരുടെ ജീവനപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള തുടരന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പൂര്‍ത്തിയാക്കി. എസ്പി പി.എ. വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തിയത്. കേസ് വാദിക്കുന്നതിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിന് ശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്നു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 2014 ഡിസംബര്‍ 24നാണ് ബോട്ട് ദുരന്തത്തിന്റെ കേസ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചത്. കുറ്റപത്രത്തില്‍ അവ്യക്തതകളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍പ്പെട്ടിരിക്കുന്ന പ്രതികളെല്ലാം വ്യത്യസ്ത കുറ്റകൃത്യങ്ങളാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പ്രതികളുടെ കുറ്റകൃത്യത്തിനനുസരിച്ച് വെവ്വേറെ കുറ്റപത്രം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ്ഫയല്‍ കോടതിയില്‍ എത്തിയപ്പോള്‍ പ്രോസിക്യൂഷന്‍ കേസ്ഡയറി സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി കോടതിയെ ബോധിപ്പിക്കാഞ്ഞതിനാലാണ് കേസ് തുടരന്വേഷണത്തിന് വിടാന്‍ കാരണമായതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുറ്റപത്രം നല്‍കുന്നതിന് മുന്‍പ് പ്രോസിക്യൂഷനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തെക്കുറിച്ച് ചര്‍ച്ച നടത്തിയില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കോടതി പറഞ്ഞ രീതിയിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസ് സംബന്ധിച്ച് സാങ്കേതിക പദപ്രയോഗങ്ങളുണ്ട്. ഇത് വ്യക്തമായി മനസിലാക്കി കോടതിയില്‍ അതാത് സമയത്ത് അവതരിപ്പിക്കണമെങ്കില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ വേണമെന്നാണ് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ കുറ്റപത്രം നല്‍കൂ. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടര്‍ സാമുവല്‍, ലസ്‌കര്‍ അനീഷ് എന്നിവര്‍ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഇവരെ രണ്ട് പേരെയും ഒരു കുറ്റപത്രത്തിലാണ് പെടുത്തിയിരിക്കുന്നത്. മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം. മാത്യൂസ്, ഫോറസ്റ്റ് വാച്ചര്‍ പ്രകാശന്‍, ബോട്ട് നിര്‍മ്മിച്ച കമ്പനി ഉടമ എന്‍.എ ഗിരി, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. 2009 സെപ്റ്റംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെടിഡിസിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങിയത്. ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചിരുന്നു. മരിച്ചവരെല്ലാം അന്യ സംസ്ഥാനത്തുനിന്നുള്ളവരായതിനാല്‍ അന്വേഷണവും കേസ് വിസ്താരവും വേഗത്തിലാക്കാന്‍ ഒരു ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടാകുന്നില്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ കൂട്ടക്കുരുതിയുടെ ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.