അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ് രണ്ടാം പ്രതിയുടെ വിസ്താരം തുടങ്ങി

Wednesday 23 March 2016 8:28 pm IST

തൊടുപുഴ:  അമ്മയേയും മകളെയും ബലാല്‍സംഗം ചെയ്യുകയും എതിര്‍ത്തപ്പോള്‍ വാക്കത്തിക്കും കമ്പിവടിക്കും തലയില്‍ അടിച്ചും വെട്ടിയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതി ജോമോന്റെ കേസിന്റെ വിസ്താരം തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കേസിലെ ഒന്നാം സാക്ഷി പൊന്നമ്മ കേസിന്റെ സംഭവം  കോടതിയില്‍ ബോധിപ്പിച്ചു. പൊന്നമ്മയുടെ മൊഴി ഇങ്ങനെ: 2007 ഡിസംബര്‍ 3ന് എസ്റ്റേറ്റില്‍ പണികഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുമ്പോള്‍ കൊല്ലപ്പെട്ട നീനുവിന്റെ കുഞ്ഞ് വീട്ടുമുറ്റത്ത് കയ്യാലയ്ക്ക് സമീപം കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ട് കുട്ടിയെ എടുത്തുവെങ്കിലും നീനുവിനേയും അമ്മ മോളിയേയും പലതവണ വിളിച്ചെങ്കിലും കണ്ടെത്താനായില്ല.വിളി കേള്‍ക്കാതെ വന്നതില്‍ അസ്വാഭികത തോന്നിയപ്പോള്‍ കുട്ടിയേയും കൊണ്ട് തന്റെ വീട്ടില്‍ വന്ന്  വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തിയാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്. ഇതാണ് പൊന്നമ്മയുടെ മൊഴി.  അസുഖം മൂലം സഞ്ചരിക്കാന്‍ പറ്റാതിരുന്നിട്ടും വണ്ടിപ്പെരിയാറില്‍ നിന്ന് പൊന്നമ്മ കോടതി സമയത്തുതന്നെ എത്തി മൊഴി നല്‍കുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയെ തൊടുപുഴ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുള്ളതാണ്. രണ്ടാം പ്രതിയുടെ വിസ്താരം ഈ മാസം 30 വരെ കോടതിയില്‍ തുടരും. കേസില്‍ 39 സാക്ഷികളെ വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി  സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഇ എ റഹിമാണ് കോടതിയില്‍ ഹാജരാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.