ശരണാരവങ്ങള്‍ക്കിടയില്‍ പുണ്യപമ്പയില്‍ ശ്രീ ധര്‍മ്മശാസ്താവിന് ആറാട്ട്

Wednesday 23 March 2016 10:52 pm IST

പമ്പ: ഭക്തസഹസ്രങ്ങളുടെ ശരണാരവങ്ങള്‍ക്കിടയില്‍ പുണ്യപമ്പയില്‍ ശ്രീ ധര്‍മ്മശാസ്താവിന് ആറാട്ട്. അയ്യപ്പസ്വാമി പമ്പയിലെ തീര്‍ത്ഥക്കുളത്തില്‍ ആറാടിയപ്പോള്‍ ആറാട്ട് പുണ്യംനുകര്‍ന്ന് ഭക്തസഹസ്രങ്ങള്‍ പമ്പയില്‍ മുങ്ങിക്കുളിച്ച് സുകൃതം നേടി. ഇന്നലെ 11.30 ഓടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടേയും മേല്‍ശാന്തി എസ്.ഇ ശങ്കരന്‍ നമ്പൂതിരിയുടേയും കാര്‍മികത്വത്തിലായിരുന്നു ആറാട്ട്. രാവിലെ 8.30 ഓടെ സന്നിധാനത്ത് ആറാട്ട് ബലി തൂകി ദേവനെ മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍നമ്പൂതിരി കൈയിലേന്തി പതിനെട്ടാം പടിയിറങ്ങി. തുടര്‍ന്ന് തിടമ്പില്‍ ഉറപ്പിച്ചശേഷം ആനപ്പുറത്ത് ആറാട്ടിനായി പമ്പയിലേക്ക് പുറപ്പെട്ടു. 11.15 ഓടെ പമ്പാ ഗണപതികോവിലിലെത്തി ഇറക്കിയെഴുന്നെള്ളിച്ചശേഷം മേല്‍ശാന്തി ദേവവിഗ്രഹം പമ്പയില്‍ പ്രത്യേകം തയ്യാറാക്കിയ ആറാട്ട് കുളത്തിലേക്ക് എഴുന്നെള്ളിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജാചടങ്ങുകള്‍ക്ക് ശേഷം തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പ വിഗ്രഹവുമായി ആറാട്ട് കുളത്തില്‍ മുങ്ങി. തുടര്‍ന്ന് ദേവന് മഞ്ഞള്‍ അഭിഷേകം ചെയ്ത് വീണ്ടും ആറാടി. ഇതിന് ശേഷം അഷ്ടാഭിഷേകം നടത്തി. പ്രസന്നപൂജയ്ക്ക് ശേഷം ഭഗവാന് നിവേദ്യം നല്‍കി ഗണപതി കോവിലിലേക്ക് ആനയിച്ചു. അവിടെ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ അയ്യപ്പസ്വാമിയെ എഴുന്നള്ളിച്ചിരുത്തി. തുടര്‍ന്ന് നൂറുകണക്കിന് ഭക്തര്‍ ശ്രീധര്‍മ്മശാസ്താവിന് മുമ്പില്‍ പറ സമര്‍പ്പിച്ച് അനുഗ്രഹം നേടി. വൈകിട്ട് നാല് മണിയോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. എഴുന്നള്ളത്ത് സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്ക് നടന്നു. തുടര്‍ന്ന് മൂലബിംബത്തിലേക്ക് ദേവ ചൈതന്യം ആവാഹിച്ച് പൂജകള്‍ നടത്തി. രാത്രി 10 മണിയോടെ തിരുനട അടച്ചു. ഇതോടെ പത്തുദിവസം നീണ്ടുനിന്ന ശബരിമല ഉത്സവത്തിന് സമാപ്തിയായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെമ്പര്‍മാരായ അജയ് തറയില്‍, പി.കെ.കുമാരന്‍, ചലച്ചിത്രതാരം സുരേഷ് ഗോപി തുടങ്ങിയവര്‍ ആറാട്ട് ഉത്സവത്തിനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.