യുവാവിനെ മര്‍ദ്ദിച്ച നാലംഗ സദാചാര ഗുണ്ടാസംഘം പിടിയില്‍

Wednesday 23 March 2016 10:53 pm IST

വളപട്ടണം: യുവാവിനെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഉപേക്ഷിച്ച നാലംഗ സദാചാര ഗുണ്ടാസംഘം പോലീസ് പിടിയിലായി. പാപ്പിനിശ്ശേരി ജിയുപി സ്‌കൂളിന് സമീപത്തെ പി.മുഹമ്മദ് സുഹൈല്‍ (21), റഷീദാ മന്‍സിലില്‍ കെ.ഒ.നൗഷാദ് (20) ഷാസ് മന്‍സിലില്‍ മുഹമ്മദ് ഷഫാസ് (21) അറബിക് കോളേജിന് സമീപത്തെ സുബൈദാ മന്‍സിലില്‍ പി.പി.മിഥിലാജ് (21) എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും കഴിഞ്ഞദിവസം പിടികൂടിയത്. പാപ്പിനിശ്ശേരിയിലെ ജുനൈദ് (25)നെയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി അക്രമിച്ചത്. പാപ്പിനിശ്ശേരിയിലെ ഒരു പെണ്‍കുട്ടിയുമായി ജുനൈദ് പ്രണയത്തിലായിരുന്നുവത്രെ. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ജുനൈദിനെ അക്രമിക്കാന്‍ നാലംഗ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച ജുനൈദിനെ തട്ടിക്കൊണ്ടുപോയ സംഘം അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം പാപ്പിനിശ്ശേരി ചുങ്കത്ത് ഉപേക്ഷിക്കുകയായിരുന്നു. പോലീസാണ് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലത്. പിടിയിലായവരെ കോടതി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.