വാഹനങ്ങള്‍ മോഷ്ടിക്കുകയും പൊളിച്ച് വില്‍ക്കുകയും ചെയ്യുന്ന അന്തര്‍ സംസ്ഥാന നാലംഗ മോഷണ സംഘം ഇരിട്ടിയില്‍ പിടിയില്‍

Wednesday 23 March 2016 10:54 pm IST

ഇരിട്ടി: സംസ്ഥാനത്തുടനീളം വാഹനങ്ങള്‍ മോഷ്ടിക്കുകയും അവ അന്യ സംസ്ഥാനത്ത് പൊളിച്ചു വില്‍ക്കുകയും ചെയ്യുന്ന അന്തര്‍ സംസ്ഥാന ബന്ധമുള്ള നാലംഗ സംഘത്തെ ഇരിട്ടി പോലീസ് അറസ്റ്റ്‌ചെയ്തു. പടിയൂര്‍ പൂവം സ്വദേശികളായ അമ്പാട്ട് ഹൗസില്‍ രമേശന്‍ (45), വാവോലി സജി തോമസ് (39), ശ്രകണ്ഠപുരം പഴയങ്ങാടി ഉപ്പാലക്കണ്ടി അബ്ദുള്ള (48), ശ്രീകണ്ഠപുരം ഐച്ചേരി പുല്ലാഞ്ഞി ഹൗസില്‍ മനോജ് (45)എന്നിവരെയാണ് ഇരിട്ടി ഡിവൈഎസ് പി.കെ.സുദര്‍ശനും സംഘവും അറസ്റ്റ് ചെയ്തത്. ഈ സംഘത്തിലെ കണ്ണിയായ പടിയൂര്‍ സ്വദേശി ജയ്‌മോന്‍ പോലീസിനെ കണ്ടയുടനെ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ വിവിധ ഇനത്തില്‍പ്പെട്ട നൂറോളം വാഹനങ്ങള്‍ മോഷണം നടത്തുകയും തമിഴ്‌നാട്ടിലെ ചെന്നെയിലും മറ്റും എത്തിച്ചു പൊളിച്ചു വില്‍ക്കുകയും ചെയ്തിട്ടുള്ളതായി ഡിവൈഎസ്പി പറഞ്ഞു. ഇരിട്ടിക്കടുത്ത പെരുമ്പറമ്പിലെ പാറമ്മല്‍ ശോഭന ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയാണ് ഇവരിലേക്ക് അന്വേഷണം നീങ്ങാന്‍ പോലീസിനെ സഹായിച്ചത്. ശോഭനയുടെ ഇന്‍ഡിക്ക കാര്‍ ബാക്കി വന്ന ലോണ്‍ അടച്ചു തീര്‍ത്തുകൊള്ളാം എന്ന ഉറപ്പിന്മേല്‍ രമേശന്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ലോണ്‍ അടക്കുകയോ വാഹനം തിരിച്ചു നല്‍കുകയോ ചെയ്യാതിരുന്നതിനാല്‍ ശോഭന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന വിപുലമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. രമേശനും സജി തോമസും വാഹന മോഷണം പതിവാക്കിയവരാണ്. അബ്ദുള്ളയും മനോജും പിടികിട്ടാനുള്ള ജയ്‌മോനും വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു. പേരാമ്പ്ര, ചന്തേര, പെരിങ്ങോം, തിരൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പരാതികളും നിലനില്‍ക്കുന്നുണ്ട്. രമേശന്‍ ഇന്‍ഡിക്ക കാര്‍ മലപ്പുറം എടവണ്ണയിലും, ഇരിക്കൂറിലെ അബ്ദുള്ളയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ചു തമിഴ്‌നാട്ടിലും കൊണ്ടുപോയി വിറ്റതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇതിന്റെ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന കന്യാകുമാരി സ്വദേശി നാഗരാജാണ്. ഇയാള്‍ ഇപ്പോള്‍ ചെന്നൈ പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളതെന്നും പോലീസ് പറഞ്ഞു. അന്വേഷണസംഘം വിശദമായ അന്വേഷണങ്ങള്‍ക്കായി ഉടനെ തമിഴ്‌നാട്ടിലേക്ക് പോകും. ഇരിട്ടി ഡിവൈഎസ്പിയെ കൂടാതെ ഇരിക്കൂര്‍ എസ്‌ഐ കെ.വി.മഹേഷ്, സ്‌ക്വാഡ് അംഗങ്ങളായ റാഫി, റജി സ്‌കറിയ, ജയരാജന്‍, പ്രമോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.