ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍

Wednesday 23 March 2016 10:58 pm IST

പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍ പാലക്കാട്: ഭര്‍തൃമതിയെ ബലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വല്ലപ്പുഴ മാട്ടായ ചെട്ടിയാര്‍ തൊടി വീട്ടില്‍ ഉസ്മാനെയാണ്(31) ടൗണ്‍ നോര്‍ത്ത് സിഐ കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2015 മാര്‍ച്ചിലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ യുവതി മൂന്ന് വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തായ ഉസ്മാന്‍ ഈ തക്കം മുതലെടുത്ത് ഫോണ്‍ വഴി ബന്ധപ്പെടുകയും യുവതിയുമായി അടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭര്‍ത്താവുമായുള്ള പ്രശ്‌നം ഒത്ത്തീര്‍ക്കാന്‍ എന്ന വ്യാജേന യുവതിയെ ഒലവക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള സ്വകാര്യലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍ന്നും പല തവണ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവതിയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം കോടതിവഴി ഒത്ത് തീര്‍ന്ന് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ഉസ്മാന്‍ യുവതിയെ ഭീഷണിപ്പെടുത്തി 12 ലക്ഷം ആവശ്യപ്പെടുകയും നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയുകയും പട്ടാമ്പി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം ഒലവക്കോടായതിനാല്‍ ടൗണ്‍നോര്‍ത്ത് പോലീസിന് എഫ്‌ഐആര്‍ കൈമാറി. അന്വേഷണം നടത്തിവരവെ ഉസ്മാന്‍ നാടുവിടുകയും പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച് വരികയുമായിരുന്നു. മാബൈല്‍ നമ്പറുകള്‍ മാറി മാറി ഉപയോഗിച്ച ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച് അതിലൂടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും രഹസ്യ താവളം കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉസ്മാന്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. എസ്‌ഐ ടി.സി. മുരുകന്‍, ജി.എഎസ്‌ഐ ഷേണു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ ജലീല്‍, എസ്‌സിപിഒ അനൂപ്, സിപിഒ മാരായ ആര്‍.കിഷോര്‍, കെ.അഹമ്മദ് കബീര്‍, ആര്‍ റിനീഷ്, ആര്‍.രാജീത്, ഹരി, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ഷബീബ് റഹ്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.