കടുവ ഭീതിയില്‍ വയനാടും തമിഴ്‌നാടും അതിര്‍ത്തി ജില്ലകളില്‍ കടുവ വകവരുത്തിയത് 25 പേരെ

Wednesday 23 March 2016 11:05 pm IST

ഗൂഡലൂര്‍/കല്‍പ്പറ്റ: വയനാടിന് കടുവാഭീതി മാറുന്നില്ല. വയനാട് വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാസംരക്ഷണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന വനാതിര്‍ത്തി ഗ്രാമങ്ങളാണ് ആശങ്കയില്‍ കഴിയുന്നത്. കടുവകള്‍ വിശപ്പകറ്റാന്‍ കാടിറങ്ങുന്നത് തുടര്‍ക്കഥയാകുമോയെന്ന ഭീതിയാണിവര്‍ക്ക്. കാട്ടില്‍ ഇരതേടാന്‍ ശേഷിയില്ലാത്ത അവശരായ കടുവകള്‍ അതിനായി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്. മനുഷ്യര്‍ ഇരയാകുന്നതും അങ്ങനെയാണ്. പ്രായാധിക്യം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇര തേടാനുള്ള ആരോഗ്യം നഷ്ടമായ കടുവകളുടെ എണ്ണം ബത്തേരി റെയ്ഞ്ചില്‍ പെരുകിയിട്ടുണ്ട്. ഇത്തരം ഗണത്തില്‍പ്പെട്ട കടുവകളില്‍ ഒന്നാണ് കൊട്ടനോട് കഴിഞ്ഞദിവസം കെണിയിലായത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജു(25)വിനെ കടുവ കൊന്നുതിന്നിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പുത്തൂര്‍ വനത്തില്‍ ഫെബുവരി 10ന് സുന്ദരത്തില്‍ ഭാസ്‌കരന്റെ(56) ജഡം കണ്ടെത്തി. ഇയാളെയും കടുവ കൊന്നതാണ് സംസ്ഥാന അതിര്‍ത്തിയില്‍ കടുവ കൊലപ്പെടുത്തിയത് 25 പേരെയാണ്. 1954ല്‍ നീലഗിരി ജില്ലയിലെ മസിനഗുഡി, സിഗൂര്‍, മാവനെല്ല ഭാഗങ്ങളില്‍ 15 പേരെ കടുവ കൊന്നു. അന്നും നരഭോജി കടുവയെ വെടിവെച്ചുകൊന്നു. 1990 ല്‍ ഊട്ടിക്ക് അടുത്ത് രണ്ട് കുട്ടികളെ കടുവ കൊന്നു തിന്നു. 2003 ല്‍ ഊട്ടി കുറുത്തുകുളി ഗ്രാമത്തില്‍ ഒരു സ്ത്രീയെയും കടുവ ഇരയാക്കി. 2014 ല്‍ ഊട്ടിയില്‍ മൂന്ന് പേരെ കൊന്നു തിന്നു. ഈ കടുവയെയും തമിഴ്‌നാട് ദൗത്യസേനയാണ് വെടിവെച്ചുകൊന്നത്. 2015 ല്‍ ബിദര്‍ക്കാട് മുത്തുലക്ഷ്മിയെ കടുവകൊന്നു. ഇതിനെയും ദൗത്യസേന വെടിവെച്ചുകൊന്നു. മാര്‍ച്ച് 11ന് ദേവര്‍ഷോല വുഡ്ബ്രയര്‍ എസ്‌റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വാദേശി മകുബോറ(45)യും കടുവ അക്രമിച്ചുകൊന്നു. ദിവസങ്ങള്‍ക്കു ശേഷം ഈ കടുവയെയും ദൗത്യസേന വെടിവെച്ചു കൊന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.