ഗ്രാമങ്ങളില്‍ ഒരു കോടി വീടുകള്‍ നിര്‍മ്മിക്കും

Wednesday 23 March 2016 11:48 pm IST

ന്യൂദല്‍ഹി: രാജ്യത്തെ ഒരുകോടി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവില്‍ വീടില്ലാത്തവര്‍ക്കും പഴകിയ വീടുകളില്‍ താമസിക്കുന്നവര്‍ക്കും പദ്ധതിയില്‍ ഭാഗമാകാം. 2016-2019 കാലയളവില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിക്കായി 81,975 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ദല്‍ഹി, ഛണ്ഢീഗഡ് എന്നവ ഒഴിച്ചുള്ള രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകളിലും പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നത് 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ്. ബാക്കിവരുന്ന 21,975 കോടി രൂപ നബാര്‍ഡില്‍ നിന്നും വായ്പയായി ലഭ്യമാക്കും. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മലമ്പ്രദേശങ്ങള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ക്കും 90 ശതമാനം കേന്ദ്രവിഹിതം നല്‍കും. നിരപ്പായ പ്രദേശങ്ങളില്‍ 1,20,000 രൂപയും മലമ്പ്രദേശങ്ങളില്‍ 1,30,000 രൂപയും ഭവന നിര്‍മ്മാണത്തിനായി പദ്ധതി പ്രകാരം ലഭിക്കും. 2011ലെ സാമൂഹ്യ-സാമ്പത്തിക- ജാതി സെന്‍സസ് വിവരങ്ങള്‍ അനുസരിച്ചാകും പദ്ധതിയുടെ ഉപഭോക്താക്കളെ കണ്ടെത്തുക. ഉപഭോക്താക്കളുടെ പട്ടിക ഗ്രാമസഭകളില്‍ അവതരിപ്പിച്ചാണ് അംഗീകാരം നേടേണ്ടത്. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പദ്ധതിയുടെ ധനസഹായം സര്‍ക്കാര്‍ കൈമാറും. ഓരോ വീടുകള്‍ക്കും ഉപഭോക്താവിന് ആവശ്യമെങ്കില്‍ 70,000 രൂപ വായ്പാ സൗകര്യവും ലഭിക്കും. ഒരുകോടി ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വേണ്ട സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി ദേശീയ സാങ്കേതിക സഹായ ഏജന്‍സി രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ വീടുകളുടേയും നിര്‍മ്മാണ ഘട്ടം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കും. ഉപഭോക്താവിന് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ ദിവസങ്ങള്‍ തൊഴിലാളികളെ വീടുനിര്‍മ്മാണത്തിന് വിനിയോഗിക്കാനും അവസരമുണ്ട്. നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദനം, ചുടുകട്ട നിര്‍മ്മാണം, ഭൂമി നിരത്തല്‍ തുടങ്ങിയ ജോലികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്കാരെ വിനിയോഗിക്കാം. പ്രാദേശികമായ ശൈലിയില്‍ തന്നെ വീടുകള്‍ നിര്‍മ്മിക്കാം. 20 മുതല്‍ 25 ചതുരശ്ര മീറ്റര്‍ വരെ വലുപ്പത്തില്‍ പാചകപുരയോടു കൂടിയ ഡിസൈനുകള്‍ വീടുകള്‍ക്ക് വേണം. സ്വാതന്ത്ര്യലബ്ദിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും രാജ്യത്ത് 3.51 കോടി ഭവനരഹിതര്‍ക്ക് വീടുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 1.06ലക്ഷം കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ആദ്യഘട്ടത്തിനാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ആനുമതി നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.