വാര്‍ഡ് ഫണ്ടില്‍ വര്‍ധന പെരുമാറ്റചട്ടം: പ്രഖ്യാപനങ്ങളില്ലാതെ കോര്‍പ്പറേഷന്‍ ബജറ്റ്

Thursday 24 March 2016 10:21 am IST

കോഴിക്കോട്: വാര്‍ഡ് വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ഭേദഗതിയില്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് കോഴിക്കോട് കോര്‍പ്പറേഷന്റെ 2015-16 വര്‍ഷത്തെ പുതുക്കിയ ബജറ്റും, 2016-17 വര്ഷത്തെ മതിപ്പ് ബജറ്റും ഐകകണ്‌ഠ്യേന അംഗീകരിച്ചു. ജപ്യൂട്ടി മേയറും ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണുമായ മീരാദര്‍ശക് ആണ് ബജറ്റ് അവതരിപ്പിച്ചത്. കോര്‍പ്പറേഷനില്‍ നേരത്തെ ഉണ്ടായിരുന്ന 27 വാര്‍ഡുകളുടെ വിഹിതം 8 ലക്ഷത്തില്‍ നിന്ന് 10 ലക്ഷം രൂപയായും കൂട്ടിച്ചേര്‍ത്ത 48 വാര്‍ഡുകളില്‍ 10 ല ക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. പദ്ധതി വിഹിതം 38 ലക്ഷം രൂപ വകയിരുത്തും. 409,13,66,108 രൂപ വരവും 397,62,87,000 രൂപ ചെലവും 11,50,79,108 രൂപ നീക്കിയിരിപ്പുമാണ് 2016-17 വര്‍ഷത്തെ ബജറ്റിലുള്ളത്. പ്രതീക്ഷിത വരുമാനത്തില്‍ 3455 ലക്ഷം രൂപ വസ്തു നികുതിയും 3426 ജനറല്‍ പര്‍പ്പസ് ഗ്രാന്റ് വകയുമാണ് ലഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. പൂര്‍ത്തിയാക്കിയതും നടന്നുവരുന്നതുമായ പദ്ധതികളുടെ വരവ് ചെലവ് കണക്കുകളും പ്രതീക്ഷിത വരമാനവും മാത്രമാണ് ബജറ്റിലവതരിപ്പിച്ചത്. എന്നാല്‍ ബജറ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി, യുഡിഎഫ്, കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. എ.പ്രദീപ്കുമാറിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമമാണ് ബജറ്റിലെന്നും മറ്റു എംഎല്‍എ മാരെ ഒഴിവാക്കിയിരിക്കുകയാണെന്നും കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ ആരോപിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് വിശദമാക്കണമെന്ന് എന്‍. സതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. അമൃത് പദ്ധതി കോഴിക്കോട് നഗരസഭയ്ക്കനുവദിച്ചെങ്കിലും പദ്ധതി യഥാസമയം സമര്‍പ്പിക്കാത്തതിനാല്‍ കോടികള്‍ നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ഇബിക്ക് ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങള്‍ വാങ്ങുന്നതിന് ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ടെങ്കിലും തെരുവു വിളക്കുകള്‍ കത്താത്തിനാല്‍ നഗരം ഇരുട്ടിലാണെന്ന് നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ആനക്കുളം സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്‌തെങ്കിലും അത് ഉപയോഗിക്കാന്‍ തുടങ്ങിയില്ലെന്ന് ഇ. പ്രശാന്ത് കുമാര്‍ ചൂണ്ടിക്കാട്ടി. ഭരണവീഴ്ച വെളിച്ചത്താകുന്നതാണ് ബജറ്റവതരണമെന്ന് നമ്പിടി നാരായണന്‍ പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുകയാണ് അദ്ദേഹം പറഞ്ഞു. വി.ടി. സത്യന്‍ പി. കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന്‍, ഉഷാദേവി, വിദ്യാബാലകൃഷ്ണന്‍, എം. ശ്രീജ ഹരീഷ്, ശോഭിത കെ.സി, ആശാ ശശാങ്കന്‍, എം. പി. സുരേഷ് , എം.സി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചക്ക് ശേഷം ബജറ്റ് യോഗം അംഗീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.