മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം മുടങ്ങിയത് തെരഞ്ഞെടുപ്പ് വിഷയമാകും

Thursday 24 March 2016 11:12 am IST

കോഴിക്കോട്: നഗരത്തിലെ സ്വപ്ന പദ്ധതിയായ മാനാഞ്ചിറ-വെളളിമാട്കുന്ന് നാലുവരിപാതാ വികസനം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജകമണ്ഡലങ്ങളില്‍ മുഖ്യ ചര്‍ച്ചാ വിഷയമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. നഗരപാതാ വികസന പദ്ധതിയില്‍ റോഡ് വികസനം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 64 കോടി രൂപ അനുവദിക്കുകയും ജില്ലയിലെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നിസ്സഹകരണം മൂലം റോഡ് വികസനം ഇന്ന് വഴിമുട്ടി നില്‍ക്കുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ റിലീസ് ചെയ്ത് ജില്ലാ കലക്ടറുടെ അക്കൗണ്ടിലുള്ള 39 കോടി രൂപയുടെ പ്രവൃത്തി ഉടനെ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മാര്‍ച്ച് നാലിന് ലൈറ്റ് മെട്രോ പ്രാരംഭ പ്രവൃത്തി ഉദ്ഘാടന വേളയില്‍ പൊതുമാരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞും പദ്ധതിയുടെ ചാര്‍ജ് വഹിക്കുന്ന മന്ത്രി ഡോ.എം.കെ. മുനീറും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഈ റോഡിന്റെ രണ്ട് ഫയലുകള്‍ നേരത്തെ കലക്ടറേറ്റില്‍ നിന്ന് മുക്കിയത്, അപൂര്‍ണ്ണമായി ഫയലുകള്‍ ഗസറ്റ് വിജ്ഞാപനത്തിന് അയച്ചത്, 87 സെന്റ് സ്ഥലം വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയത്, മലാപ്പറമ്പ് ജംഗ്ഷന്‍ മാത്രം വിപുലീകരിച്ച് പദ്ധതി അട്ടിമറിക്കാന്‍ നടന്ന ഗൂഡാലോചന, പ്രസ്തുത ഗൂഡാലോചന പ്രാവര്‍ത്തികമാക്കാന്‍ അപകടമേഖലകളായ പാറോപ്പടി വളവും, കിഴക്കെ നടക്കാവും ഏറ്റെടുക്കാതെ പ്രത്യേക ഫണ്ടുള്ള ലൈറ്റ് മെട്രോ പാതയിലെ തര്‍ക്കങ്ങളുള്ള സ്ഥലത്തേക്ക് ഫണ്ട് തിരിച്ചുവിട്ട് വൃഥാവിലാക്കാനുള്ള കുത്സിതശ്രമം, റോഡ് വികസനത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നവര്‍ ഭൂമാഫിയകളുടെ ഏജന്റുമാരാണെന്ന ജില്ലാ കലക്ടറുടെ വിവാദ ഫെയ്‌സ്ബുക്ക് പരാമര്‍ശം എന്നിവയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയ്ക്ക് വിധേയമാകും. ജനപ്രതിനിഥികളായ മന്ത്രി ഡോ. എം. കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരുടെ പങ്കാളിത്തവും നിലപാടുകളും വ്യക്തമാക്കുന്നതിനൊപ്പം ജില്ലാ ഭരണകൂടത്തിന്റെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങലും പുറത്തുവരേണ്ടതുണ്ട്. നോര്‍ത്ത്,സൗത്ത് നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍, മുന്നണികളുടെ ഓരോ പ്രതിനിധി, എം.പി, മേയര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച സംഘടിപ്പിക്കും. നോമിനേഷന്‍ പിന്‍വലിച്ചതിനു ശേഷമുള്ള തിയതിയിലാണ് പരിപാടി സംഘടിപ്പിക്കുക. നേരത്തെ ആക്ഷന്‍ കമ്മിറ്റി നല്‍കുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാം. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.ജിയഎസ്. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം. പി. വാസുദേവന്‍, കെ. വി. സുനില്‍കുമാര്‍, കെ.പി. വിജയകുമാര്‍, പി. എം.എ. നാസര്‍, പ്രദീപ് മാമ്പറ്റ, പി.എം. കോയ, സിറാജ് വെള്ളിമാട്കുന്ന്, എ.കെ. ശ്രീജന്‍, പി. സദാനന്ദന്‍ മാസ്റ്റര്‍, എം.കെ. ഹരീഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.