മണിയുടെ മരണം: പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും

Thursday 24 March 2016 3:33 pm IST

തൃശ്ശൂര്: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അവ്യക്തത നീക്കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിക്കും. ഫോറന്‍സിക്, രാസ പരിശോധനാ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിക്കുക. മണിയുടെ ശരീരത്തില്‍ എത്ര അളവ് കീടനാശിനി ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തത വരുത്താനും രാസപരിശോധനാ ലാബിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചു. കലാഭവന്‍ മണിയുടെ ശരീരത്തിലെത്തിയ കീടനാശിനി സംബന്ധിച്ച് ചികിത്സിച്ച ഡോക്ടര്‍മാരും രാസപരിശോധനാഫലവും രണ്ട് തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഡിജിപിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. ഫോറന്‍സിക്, രാസപരിശോധനാ വിഗദ്ധരും സംഘത്തില്‍ ഉണ്ടാകും. ഇവരുടെ അഭിപ്രായങ്ങള്‍ തേടുന്നതൊടൊപ്പം എത്ര അളവ് കീടനാശിനി മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തത വരുത്തും. കാക്കനാട്ടെ ലാബിനോട് കീടനാശിനിയുടെ അളവ് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രലാബില്‍ പരിശോധനാഫലവും വേഗത്തിലാക്കാനുള്ള നീക്കം തുടങ്ങി. അന്തിമ പരിശോധനാ ഫലങ്ങളും വിദഗ്ധ സംഘത്തിന്റെ നിഗമനങ്ങളും മുനനിര്‍ത്തിയാവും മരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നത്. അതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ ഭാഗികമായി വിട്ടയച്ചു. ഒരാഴ്ചയായി നടത്തുന്ന ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്നും ആത്മഹത്യയിലേക്കോ, കൊലപാതകത്തിലേക്കോ വിരല്‍ ചൂണ്ടാവുന്ന മൊഴികള്‍ ലഭിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി വീട്ടില്‍ പോയി രാവിലെ മടങ്ങിയെത്താന്‍ അന്വേഷണ സംഘം നിരദ്ദേശം നല്‍കിയത്. അവസാന സമയം മണിക്കൊപ്പമുണ്ടായിരുന്ന ഇവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.