കുട്ടനാട്ടിലെ കര്‍ഷകര്‍ ചോദിക്കുന്നു എന്തിന് വോട്ടു ചെയ്യണം ?....

Thursday 24 March 2016 7:04 pm IST

ആലപ്പുഴ: കുട്ടനാട്ടിലെ കര്‍ഷകര്‍ ചോദിക്കുന്നു, ഞങ്ങള്‍ എന്തിന് ഇത്തവണ വോട്ടു ചെയ്യണം, ആര്‍ക്ക് വോട്ടു ചെയ്യണം? ടൂറിസം, ഭൂമാഫിയകള്‍ക്ക് പാടശേഖരങ്ങള്‍ തീറെഴുതാനോ, അതോ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ നെല്‍കൃഷി നഷ്ടത്തിലേക്ക് നയിക്കുന്നവര്‍ക്കോ, നെല്ലുവില യഥാസമയം നല്‍കാതെ പീഡിപ്പിക്കുന്നവര്‍ക്കോ, കുട്ടനാട് പാക്കേജ് അട്ടിമറിച്ചവര്‍ക്കോ, അഴിമതി നടത്തിയവര്‍ക്കോ? കര്‍ഷകരുടെ ഈ ചോദ്യങ്ങള്‍ക്ക് ഇടതുവലതു മുന്നണികള്‍ക്ക് ഉത്തരമില്ല. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടനാടിന്റെ സമഗ്രവികസനത്തിന് ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1,841 കോടിയുടെ പാക്കേജ് അനുവദിച്ചത്. 2008 ജൂലൈ 24നാണ് പാക്കേജിന് അന്തിമാംഗീകാരം നല്‍കിയത്. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പദ്ധതി നടത്തിപ്പ് ഉദ്ഘാടനം ചെയ്തു. തുടക്കത്തിലെ തന്നെ അട്ടിമറിക്കുകയും ചെയ്തു. മുന്‍ഗണനാ പട്ടിക ഒഴിവാക്കി പുറംബണ്ടുകളും സഹായവിതരണവും നടത്തിയതോടെ വിഎസ് സര്‍ക്കാരിന്റെ കാലത്തു തന്നെ പദ്ധതിയുടെ ദിശ തെറ്റി. മൂന്നു വര്‍ഷത്തിനകം നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ പദ്ധതി നടത്തിപ്പ് അഴിമതിയില്‍ മുങ്ങി. ഇതുവരെ പാക്കേജിന് ചെലവഴിച്ചത് 302 കോടിയാണ്. ഇതില്‍ കോടികളുടെ അഴിമതി ആരോപണവും. കേന്ദ്രപദ്ധതികള്‍ പോലും നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്. കുട്ടനാട്ടിലെ കൃഷിയിടങ്ങളില്‍ അമഌത്വം കൂടുതലാണ്. കേന്ദ്രത്തിന്റെ 'മണ്ണറിഞ്ഞു കൃഷി ചെയ്യുക' എന്ന പദ്ധതി ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. ഹെക്ടറിന് 3,200 രൂപ വരെ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി പദ്ധതി നടപ്പാക്കുന്നില്ല. കേന്ദ്രത്തിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഹെക്ടറിന് 3,500 രൂപ വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ കേരളാ സീഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് നെല്‍വിത്ത് വാങ്ങുന്നവര്‍ക്ക് മാത്രമെ പദ്ധതി പ്രകാരം സഹായം നല്‍കുന്നുള്ളു. ഉമ വിത്താണ് കുട്ടനാട്ടിലെ കര്‍ഷകര്‍ ഇരുപത് വര്‍ഷത്തോളമായി ഉപയോഗിക്കുന്നത്. കീടങ്ങള്‍ ബാധിക്കുന്നത് കൂടാതെ ഉത്പാദന ക്ഷമതയും കുറവാണ്. ഇതിന് പകരം ശ്രേയസ് എന്ന വിത്ത് പുതുതായി പുറത്തിറക്കിയെങ്കിലും, കര്‍ഷകര്‍ക്ക് ആവശ്യത്തിന് ലഭിക്കുന്നില്ല. നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ മില്ലുകാരുടെ കടുത്ത ചൂഷണത്തിനിരയാകുന്നു. നിലവില്‍ രണ്ടു മുതല്‍ പത്തു കിലോ വരെയാണ് ഒരു ക്വിന്റല്‍ നെല്ലില്‍ മില്ലുകാര്‍ കുറവു വരുത്തുന്നത്. 'പതിരു വാശി, നനവു വാശി' എന്നീ പേരുകളിലാണ് കര്‍ഷകരെ കൊള്ളയടിക്കുന്നത്. നെല്ല് സംഭരണം സര്‍ക്കാര്‍ ഏറ്റെടുത്ത കാലത്ത് നല്‍കിയ തുക തന്നെയാണ് ഇപ്പോഴും കര്‍ഷകര്‍ക്ക് കൈകാര്യ ചെലവായി, നല്‍കുന്നത്. ഒരു ക്വിന്റല്‍ നെല്ലിന് 12 രൂപ. എന്നാല്‍ ഇന്ന് ഒരു ക്വിന്റലിന് 150 രൂപ വരെയാണ് കര്‍ഷകന് കൂലിയിനത്തില്‍ ചെലവാകുന്നത്. വള്ളങ്ങളില്‍ നെല്ല്, വാഹന സൗകര്യം ഉള്ളയിടങ്ങളില്‍ എത്തിക്കാനുള്ള ചെലവ് വേറെ. വാഹന സൗകര്യമില്ലായ്മയാണ് മറ്റൊന്ന്. കായല്‍ നിലങ്ങളില്‍ നിന്നും മറ്റും നെല്ല് കരയില്‍ എത്തിക്കാന്‍ പലപ്പോഴും വള്ളങ്ങള്‍ ലഭിക്കാറില്ല. രാഷ്ട്രീയ, മത സ്വാധീനങ്ങള്‍ അനുസരിച്ചാണ് റോഡുകളും, പാലങ്ങളും നിര്‍മ്മിക്കുന്നത്. അതിനാല്‍ പല പാടശേഖരങ്ങളിലേക്കും റോഡ് സൗകര്യമില്ല. നെല്ലുവില നല്‍കുന്നതിലും സര്‍ക്കാരിന് അനാസ്ഥയാണ്. വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ നെല്ലുവില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണം. പുഞ്ചക്കൃഷി വിളവെടുപ്പ് തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 15 കോടിയോളം രൂപയാണ് നെല്ലുവില ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. കിലോയ്ക്ക് 21.50 രൂപ പ്രകാരം നെല്ലു സംഭരിക്കുന്നതില്‍ 14.10 രൂപയും കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരാകട്ടെ ബാക്കിപണം നല്‍കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. 2013- 14 സീസണ്‍ മുതലള്ള നഷ്ടപരിഹാരത്തുക കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കും. സര്‍ക്കാര്‍ അവഗണന മാത്രമല്ല കാലാവസ്ഥാ വ്യതിയാനവും കര്‍ഷകരെ ചതിച്ചു. കടുത്ത വേനലും, വേനല്‍ മഴയുടെ കുറവും വിളവിനെ ബാധിച്ചു. കര്‍കര്‍ക്ക് നേരത്തെ ഒരേക്കറിന് 60 രൂപയാണ് ഉത്പാദന ബോണസ് ഇനത്തില്‍ നല്‍കിയിരുന്നത്. ഇത് നാനൂറ് രൂപയാക്കി വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് 2012ലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷെ ഇതുവരെ ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ച് നല്‍കിയിട്ടില്ല. പമ്പിങ് സബ്‌സിഡിയായി 1,200 രൂപ വരെയായി വര്‍ദ്ധിപ്പിച്ച് നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്, പക്ഷെ നടപ്പായില്ല. നിലവില്‍ 800 രൂപ വരെയാണ് ലഭിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം തുക വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നതിനും മറ്റുമായി കര്‍ഷകര്‍ക്ക് ചെലവാകുന്നു. കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന്‍ കര്‍ഷകന്‍ അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കൊയ്ത്തു മെതിയന്ത്രങ്ങളാണ് കര്‍ഷകര്‍ക്ക് ആശ്രയമാകുന്നത്. സര്‍ക്കാര്‍ കൊയ്ത്തു മെതിയന്ത്രങ്ങള്‍ നോക്കാനാളില്ലാതെ പുറമ്പോക്ക് ഭൂമിയില്‍ തുരുമ്പെടുത്തു നശിക്കുകയാണ്. 20 ഓളം യന്ത്രങ്ങളാണ് അമ്പലപ്പുഴയ്ക്ക് സമീപം സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയ്ക്ക് പിന്നിലെ വിജനമായ പുരയിടത്തില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടും കെയ്‌ക്കോയുടേയും, ആഗ്രോ ഇന്‍ഡ്‌സ്ട്രിസിന്റേയും വര്‍ക്‌ഷോപ്പുകളിലും, കളര്‍കോട്ടെ കൃഷി എന്‍ജിനിയറിങ് കേന്ദ്രത്തിലുമെല്ലാം യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കൃഷി വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഉടമസ്ഥതയില്‍ ജില്ലയില്‍ 154 കൊയ്ത്തു മെതിയന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ്. ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍ നാമമാത്ര യന്ത്രങ്ങള്‍ മാത്രമാണ് വിളവെടുപ്പിനായി രംഗത്തുള്ളത്. ഇങ്ങനെ കര്‍ഷകരുടെ അടിയന്തരാവശ്യങ്ങള്‍ നീളുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.