ശ്രേയാംസ് കുമാറിന്റെ ഭൂമിയിലേക്ക് നടത്തിയ മാര്‍ച്ച് തടഞ്ഞു

Monday 4 July 2011 2:28 pm IST

കല്‍പ്പറ്റ: എം.വി ശ്രേയാംസ് കുമാറിന്റെ കൈവശമുള്ള വയനാട് കൃഷ്ണഗിരി എസ്റ്റേറ്റിലെ വിവാ‍ദ ഭൂമിയിലേക്ക് ആദിവാസി സംരക്ഷണ സമിതി ബഹുജന മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്റ്റേറ്റിന് 100 മീറ്റര്‍ അകലെ വച്ച് പോലീസ് തടഞ്ഞു. പ്രദേശത്ത്‌ വന്‍ പോലീസ്‌ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പോലീസുമായി ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. ശ്രേയാസ്‌കുമാര്‍ കൈവശം വെച്ചിരിക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി ജൂണ്‍ മുപ്പതിനകം സര്‍ക്കാരിന്‌ കൈമാറണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ആദിവാസി സംരക്ഷണ സമിതി ബഹുജന മാര്‍ച്ച്‌ നടത്തിയത്‌. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രേയാംസ് കുമാര്‍ കൈവശം വച്ചിരുന്ന ഭൂമി ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമാണ്. അതിനാല്‍ ഇവിടേയ്ക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണ കൂടം. സ്ഥിതി ഗതികള്‍ നിരീക്ഷിക്കാനായി തഹസില്‍‌ദാരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ മറുപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ മാര്‍ച്ച്‌ നടത്തി ഭൂമി പിടിച്ചെടുക്കുമെന്ന്‌ സിപിഐ(എം) ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.