ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു തെരഞ്ഞെടുപ്പിന് ശേഷം കേരള ഭരണം നിയന്ത്രിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യം : സി.കെ.പത്മനാഭന്‍

Thursday 24 March 2016 9:56 pm IST

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം വന്‍ മുന്നേറ്റം നടത്തുമെന്നും തെരഞ്ഞെടുപ്പിനു ശേഷം കേരള ഭരണം നിയന്ത്രിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സി.കെ.പത്മനാഭന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ സാഹചര്യം കേരളത്തിലും ഉരുത്തിരിഞ്ഞു വന്നിരിക്കുകയാണ്. ദേശീയതലത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കുന്നതിന് അനുസൃതമായ മുന്നേറ്റം കേരളത്തിലും ഇത്തവണ ദൃശ്യമാകും. ഇടത്-വലത് മുന്നണികള്‍ക്ക് ബദലായി ശക്തമായ മൂന്നാം മുന്നണി കേരളത്തില്‍ രൂപം കൊണ്ടുകഴിഞ്ഞു. ജനാധിപത്യ മുന്നണി ജനകീയ മുന്നണിയായി മാറിക്കഴിഞ്ഞു. 60 വര്‍ഷക്കാലം കേരളത്തിന്റെ ഭരണം നിയന്ത്രിച്ച മുന്നണികള്‍ കേരളത്തിന്റെ സമസ്ത മേഖലകളേയും കൊളളയടിച്ച് നരകമാക്കി മാറ്റി. ഇതേ ഇടതരും വലതരും പുതിയ വാഗ്ദാനങ്ങളുമായി വോട്ടര്‍മാരുടെ മുന്നിലെത്തുകയാണ്. ആറു പതിറ്റാണ്ട് ഭരണം നടത്തിയിട്ടും ഒന്നും ചെയ്യാത്തവരാണ് കഷ്ടങ്ങളും ദുരിതങ്ങളും ചൂണ്ടിക്കാട്ടി എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി കേരളീയരുടെ മുന്നില്‍ വന്നു നില്‍ക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സംഘടിത വോട്ടുബാങ്കിനു വേണ്ടി മുന്നണികള്‍ രണ്ടും മത്സരിക്കുകയായിരുന്നു. തേനും പാലുമൊഴുക്കിയെന്ന് അവകാശപ്പെടുന്നവര്‍ കണ്ണീരും ചോരയുമാണ് ഇത്രയും കാലം കേരളത്തിലൊഴുക്കിയത്. ഇതിന്റെ ഫലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം എല്ലാം സഹിച്ചും അവഗണനപേറിയും ഇവിടെ ജീവിച്ചുവരികയാണ്. ഈ ജനവിഭാഗം പൂര്‍ണ്ണമായും പുതിയ പ്രതീക്ഷയായ ബിജെപിയുള്‍പ്പെടുന്ന മൂന്നാം മുന്നണിക്ക് കീഴില്‍ അണിനിരന്നു കഴിഞ്ഞു. കേരളത്തിന്റെ സാമ്പത്തിക അടിത്തറ ദുര്‍ബലമായിക്കിടക്കുകയാണ്. പ്രവാസി ലോകത്തിന്റെ സാമ്പത്തിക സ്രോതസ്സിലാണ് കേരളം പിടിച്ചു നില്‍ക്കുന്നത്. കര്‍ഷിക-വ്യാവസായിക മേഖലകളും പരമ്പരാഗത വ്യവസായ മേഖലയും തകര്‍ന്നിരിക്കുകയാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളും പൂര്‍ണ്ണമായും ഭരണകൂട ഒത്താശയോടെ നികത്തപ്പെടുകയും ചെയ്തതിന്റെ ഫലമായി കേരളം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ജനസംഘകാലം മുതല്‍ പ്രതിസന്ധികളെ മാത്രം അഭിമുഖീകരിക്കുകയും ഇവയെ സധൈര്യം നേരിടുകയും ചെയ്ത ചരിത്രമുളളവരാണ് കണ്ണൂരിലേയും കേരളത്തിലേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആ കരുത്തുറ്റ വീരപാരമ്പര്യം ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തില്‍ കരുത്തുറ്റ ശക്തിയായി മാറാന്‍ ബിജെപിയെ സഹായിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ രഹസ്യ ബാന്ധവമുണ്ടാക്കിയ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ഇത്തവണ പരസ്യമായി തന്നെ ബംഗാള്‍ മാതൃകയില്‍ രംഗത്തു വന്നുകഴിഞ്ഞു. ബിജെപിയെ തേല്‍പ്പിക്കാന്‍ എന്തു നെറികേടും ഇക്കൂട്ടര്‍ കാട്ടുമെന്നും സികെപി പറഞ്ഞു. വര്‍ഗ്ഗീയ-ഭീകര മുന്നണികളായ ഇടത്-വലത് മുന്നണികളെ തൂത്തെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. രാമമന്ത്രവും കൃഷ്ണ തന്ത്രവുമാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ വിജയത്തിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എ.വി.കേശവന്‍, കെ.രാധാകൃഷ്ണന്‍, സെക്രട്ടറി വിജയന്‍ വട്ടിപ്രം, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.