ആനുകാലിക മാധ്യമരംഗം ഭാരതത്തില്‍!

Thursday 24 March 2016 10:12 pm IST

ലോകമെങ്ങുമുള്ള സാധാരണക്കാരുടെ വഴികാട്ടിയും മാര്‍ഗദര്‍ശിയും മറ്റുമായാണ് മാധ്യമങ്ങളെ വിലയിരുത്തിവന്നിരുന്നത്. ജനാധിപത്യം കശാപ്പു ചെയ്യുമ്പോള്‍, പൗരാവകാശം ചവുട്ടിമെതിക്കുമ്പോള്‍, ഒരു സ്വതന്ത്രമാധ്യമമാണ് പ്രകാശഗോപുരവും ആശാനാളവുമായി നിലകൊള്ളേണ്ടത്. കഴിഞ്ഞ ഒരു ദശകത്തിലധികം കാലത്തെ 'ചരി്ര്രതം' പരിശോധിച്ചാല്‍, ഭാരതത്തിലെ മാധ്യമങ്ങളെക്കുറിച്ച് പ്രത്യാശയെക്കാള്‍, സാധാരണക്കാരുടെ മനസ്സില്‍ അങ്കുരിക്കുന്നത് ഭയവും വെറുപ്പുമാണ്. സ്വാതന്ത്ര്യത്തിന്റെയും സുതാര്യതയുടെയും എളിമയുടെയും കാവല്‍ഭടന്മാരാകേണ്ട മാധ്യമപ്രവര്‍ത്തകര്‍ ചാവേറുകളായി മാറുന്ന കാഴ്ച ഹൃദയഭേദകം തന്നെ. അച്ചടി മാധ്യമങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും ലേഖകര്‍ മുതല്‍ പത്രാധിപന്മാര്‍ വരെയുള്ളവരുടെ രാഷ്ട്രീയ-സാമുദായിക-വാണിജ്യ താല്‍പ്പര്യങ്ങള്‍ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും വ്യക്തമായി മനസ്സിലായതോടെ അവര്‍ സമൂഹത്തിനു മുമ്പാകെ പൂര്‍ണമായും നഗ്നരായി മാറിയിരിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍നിന്നും ഭാരതത്തെ സ്വതന്ത്രമാക്കുന്നതിന് പടപൊരുതിയവരുടെ കൂട്ടത്തില്‍ നൂറുകണക്കിന് പത്രപ്രവര്‍ത്തകരുണ്ടായിരുന്നു. അധികം പേരും വിദ്യാലയങ്ങളില്‍നിന്നും കലാശാലകളില്‍നിന്നും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ആവേശഭരിതരായി ചാടിയിറങ്ങിയ കാലം. (ഭാഗ്യം! അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഇല്ലാതെപോയത് കാരണം ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു) ഇവരില്‍ ആര്‍ക്കും കൊളംബിയ സര്‍വകലാശാലയില്‍നിന്നോ കേരള സര്‍വകലാശാലയില്‍നിന്നോ പത്രപ്രവര്‍ത്തനത്തിലും ടെലിവിഷന്‍ പരിപാടി നിര്‍മാണപ്രക്രിയയിലും ബിരുദമോ ബിരുദാനന്തരബിരുദമോ ഉണ്ടായിരുന്നില്ല. അവര്‍ സ്വയം അറിവുനേടുകയായിരുന്നു. വായനയിലൂടെ, ചര്‍ച്ചകളിലൂടെ, യാത്രകളിലൂടെ! ആ കാലഘട്ടത്തിലെ പത്രപ്രവര്‍ത്തകന്‍ ആരും സ്വയം ബുദ്ധിജീവി പരിവേഷം ചാര്‍ത്തിയെടുത്തിരുന്നില്ല. അന്നത്തെ സമൂഹം ആ പത്രപ്രവര്‍ത്തകര്‍ എഴുതിയ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും വായിച്ച്, അവരുടെ പാണ്ഡിത്യത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് അവര്‍ക്ക് 'ബുദ്ധിജീവി' എന്ന ബഹുമതി നല്‍കി ആദരിക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ദശാബ്ദങ്ങള്‍ കഴിഞ്ഞാണ് പത്രപ്രവര്‍ത്തനത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നല്‍കുന്ന കോഴ്‌സുകള്‍ ഭാരതത്തില്‍ ആരംഭിച്ചതുതന്നെ. ഈ ബിരുദവും ബിരുദാനന്തരബിരുദവും ലഭിച്ചവരെല്ലാം പത്രപ്രവര്‍ത്തകരായി! അല്ലാത്തവരെല്ലാം പുറത്ത്!! പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ രംഗത്തുവന്നതോടെ മാധ്യമരംഗം അഴിമതിയുടെ കൂത്തരങ്ങായി മാറി. ഇതൊരു വന്‍കിട ബിസിനസ്സാക്കി മാറ്റി തിണ്ണമിടുക്കുള്ള രൂസി കരഞ്ചിയ (ബ്ലിറ്റ്‌സ്), സയ്യദ് അയൂബ് തുടങ്ങിയവര്‍. അന്നത്തെ ഈജിപ്റ്റ് പ്രസിഡന്റ് നാസ്സര്‍, ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ഇല്‍ സൂങ്, സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ എന്നിവരില്‍നിന്ന് 'ദമ്പടി' ഒപ്പിച്ചുകൊണ്ടുള്ള പത്രപ്രവര്‍ത്തനമായിരുന്നു ഈ മഹാന്മാരുടേത്. മാധവിക്കുട്ടിയെ സയ്യദ് അയൂബ് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് എം.പി.നാരായണപിള്ള തന്റെ 'ആറാം കണ്ണ്' എന്ന ലേഖനസമാഹാരത്തില്‍ വിശദീകരിക്കുന്നുണ്ട്. അയൂബിന്റെയും കരഞ്ചിയയുടെയും ആധുനികരൂപങ്ങളാണ് ഇന്നു നമ്മള്‍ കണ്ടുവരുന്ന 'മാധ്യമ വ്യാഘ്രങ്ങള്‍.' ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വിജു വി.നായര്‍ എന്ന റിബല്‍ പത്രപ്രവര്‍ത്തകന്‍ കേരളത്തിലെ അഭിനവ മാധ്യമവ്യാഘ്രങ്ങളെക്കുറിച്ച് ഇസ്ലാമിക മതമൗലികവാദികളുടെ ആനുകാലികങ്ങളില്‍ ഒന്നില്‍ കൗതുകകരമായ ഒരു ലേഖനം എഴുതിയിരുന്നു. ഭാരതത്തിലെ വന്‍കിട കമ്പനികളിലൊന്ന് ഒരു പുതിയ ബ്രാന്റ് തലയിണ വിപണിയിലിറക്കി. അതിനു നാന്ദിയായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒന്നില്‍ പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തിന് സന്നിഹിതരായ പത്രപ്രവര്‍ത്തകര്‍ക്ക് മൃഷ്ടാന്ന ഭോജനം, പാനീയ വിതരണം എന്നിവ കമ്പനി തരമാക്കിയിരുന്നു. പത്രസമ്മേളനം കഴിഞ്ഞ് പിരിഞ്ഞ പത്രലേഖകര്‍ക്കെല്ലാം ഓരോ തലയിണയും 'കോംപ്ലിമെന്റാ'യി നല്‍കി. ആഴ്ചകള്‍ കഴിഞ്ഞിട്ടും തങ്ങള്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്ന ബിസിനസ്സ് പത്രലേഖകനെ തിരക്കി കമ്പനി പ്രതിനിധികള്‍ എത്തി. വാര്‍ത്ത നല്‍കാതിരുന്നതിന് പത്രലേഖകന്‍ പറഞ്ഞ കാരണവും വിജു എഴുതിയിരുന്നു. ''നിങ്ങള്‍ ഒരു തലയിണ മാത്രമേ തന്നുള്ളൂ. എനിക്ക് ഒന്നുരണ്ടെണ്ണംകൂടി വേണം,'' എന്നായിരുന്നു മാധ്യമ സിംഹത്തിന്റെ ആവശ്യം. തലയിണ അഞ്ചോ, ആറോ എണ്ണം കമ്പനി പ്രതിനിധികള്‍ എത്തിച്ചുകൊടുത്തുവെന്നാണ് പിന്നാമ്പുറത്തുനിന്നും കേട്ടത്. ഇത് പത്രപ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം തന്നെയായി വിശേഷിപ്പിക്കാം. രണ്ടായിരമാണ്ടുകഴിഞ്ഞപ്പോഴേക്കും പത്രപ്രവര്‍ത്തന ശൈലി തന്നെ മാറി. ഈ നാട് ആരുഭരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കും എന്ന ധാര്‍ഷ്ട്യം ഒരു ദുര്‍ഭൂതത്തെപ്പോലെ ഭാരതത്തിലെ പത്രപ്രവര്‍ത്തകരെ ബാധിച്ചു. പത്രപ്രവര്‍ത്തകര്‍ എന്നും റിബലുകളായിത്തന്നെ നില്‍ക്കണം. സംശയമില്ല. തര്‍ക്കവുമില്ല. അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും എവിടെ കണ്ടാലും അത് പൊതുജനശ്രദ്ധയില്‍ കൊണ്ടുവരണം. കാര്യകാരണ സഹിതം തെളിവുകളുമായി. പത്രപ്രവര്‍ത്തകര്‍ വാടക കൊലയാളികളും തെരുവുഗുണ്ടകളുമായി അധഃപതിക്കുന്ന കാഴ്ചകളാണ് നാം കണ്ടുവരുന്നത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെതിരെ എന്തുവിമര്‍ശനം ഉന്നയിച്ചാലും അതിനു നല്ല വിപണിയുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് ദിനംപ്രതിയെന്നോണം പുറത്തുവന്നിരുന്ന അഴിമതി കഥകള്‍ നല്ല ഉദാഹരണമാണ്. കല്‍ക്കരി കുംഭകോണമായാലും സ്‌പെക്ട്രം അഴിമതിയായാലും തെളിവുസഹിതമാണ് പ്രസ്തുത വാര്‍ത്തകള്‍ അച്ചടിച്ചുവന്നത്. പക്ഷേ കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനോട് ഭാരതത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിലപാട് അസഹിഷ്ണുതയുടേത് മാത്രമാണ്. എല്ലാ രാഷ്ട്രീകക്ഷികളോടും തുല്യ അകലം പാലിക്കേണ്ട മാധ്യമങ്ങള്‍ ചില പ്രത്യേക രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും തങ്ങളുടെ മാനസപുത്രന്മാരും മാനസപുത്രികളുമായി ദത്തെടുത്തിരിക്കുന്നു. ''മോദിയുടെ ഭരണത്തിന്‍ കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുന്നു,'' ''അധികാരകേന്ദ്രങ്ങള്‍ക്കുനേരെ വിമര്‍ശനം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുന്നു'' എന്നൊക്കെ ബാനര്‍ തലവാചകങ്ങളോടെയാണ് ഇക്കൂട്ടര്‍ വാര്‍ത്തകള്‍ എഴുന്നള്ളിക്കുന്നതും ചാനലുകളില്‍ ആഘോഷിക്കുന്നതും. ഇതൊരു വിരോധാഭാസമാണ്. ഭാരതത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും മോദി വിരുദ്ധ, ഹൈന്ദവവിരുദ്ധ വാര്‍ത്തകളാണ് മുഴച്ചുനില്‍ക്കുന്നത്. നോവലിസ്റ്റ് എന്ന് അവകാശപ്പെടുന്ന സാറാ ജോസഫു മുതല്‍ പി.ഗോവിന്ദപ്പിള്ളയുടെ മരുമകന്‍ ശിവന്‍കുട്ടിവരെ നരേന്ദ്രമോദിയേയും ആര്‍എസ്എസിനെയും ദിനംപ്രതി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് രൂക്ഷമായ ഭാഷയില്‍ത്തന്നെ അധിക്ഷേപിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ആരും ഒരു നടപടിയും എടുത്തതായി കേട്ടിട്ടില്ല. ചാനല്‍ ചര്‍ച്ചകള്‍ എല്ലാം തന്നെ നരേന്ദ്രമോദിയെ ആക്ഷേപിക്കാനുള്ള വേദികളായി ചാനല്‍ മുതലാളിമാര്‍ തന്നെ തരംതാഴ്ത്തിയിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ എന്തു സ്വാതന്ത്ര്യമാണ് ഇക്കൂട്ടര്‍ക്ക് വേണ്ടത്? 2001 മുതല്‍ തന്നെ നരേന്ദ്രമോദിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്ന മാധ്യമലേഖകനാണ് രാജ്ദീപ് സര്‍ദേസായി. പ്രണോയ് റോയിയുടെ ചാനലില്‍നിന്നും കലഹിച്ചു പുറത്തുവന്ന സര്‍ദേസായി സിഎന്‍എന്‍-ഐബിഎന്‍ എന്ന ചാനല്‍ വഴി മോദിയെ ക്രൂശിക്കാന്‍ തുടങ്ങി. ഒരളവുവരെ പ്രേക്ഷകര്‍ സഹിച്ചിരിക്കാം. ഇതിനിടെ മറ്റൊരു സംഭവം നടന്നു. പ്രണോയ് റോയിയുടെ ചാനലില്‍ സര്‍ ദേസായിയുടെ സഹപ്രവര്‍ത്തകനായിരുന്ന അര്‍ണാബ് ഗോസ്വാമിയോട് സര്‍ദേസായിക്കുള്ള അസൂയ, കുനുഷ്ഠ് എന്നീ വികാരങ്ങള്‍ പരിധിവിട്ടു. ''അള മുട്ടിയാല്‍ ചേരയും തിരിഞ്ഞു കടിക്കും'' എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഗോസ്വാമി 'ടൈംസ് ഓഫ് ഇന്ത്യ' യുടെ മുതലാളിമാരുമായി ചേര്‍ന്ന് 'ടൈംസ് നൗ' തുടങ്ങി. കിട്ടിയ അവസരങ്ങളിലൊക്കെ ഗോസ്വാമി തന്റെ ശത്രുവിന് നല്ല 'പണിയും' കൊടുത്തിരുന്നു. ഫലമോ? റേറ്റിങ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തട്ടിപ്പില്‍ സര്‍ദേസായിയുടെ ചാനല്‍ മുങ്ങി. സര്‍ദേസായിക്ക് ചാനല്‍ വിടേണ്ടിവന്നു. അതിനും ഉത്തരവാദിത്വം നരേന്ദ്രമോദിക്കാണെന്നായിരുന്നു സര്‍ദേസായിയുടെ വാദം! മലയാളത്തിലെ ഒരു വാര്‍ത്താ ചാനല്‍ സേവന നികുതി അടക്കാത്ത കുറ്റത്തിന് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, വ്യവസായിയായ അദാനിയുടെ 'കറുത്ത കൈകളാണ്' ഇതിനു പിന്നിലെന്നു വിളിച്ചുകൂവിയ ചാനല്‍കുമാറും ഇങ്ങു കേരളത്തിലുണ്ട്. പറഞ്ഞുവന്നത് ചാനല്‍ കുമാരന്മാരുടെ മോദി വിരുദ്ധ നിലപാടുകളെക്കുറിച്ചാണല്ലോ. ഈ മുഴുനീള വാര്‍ത്താചാനലുകള്‍ നിലനില്‍ക്കുന്നതുതന്നെ കുഴല്‍പ്പണത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്. മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കുപ്രസിദ്ധമാണ്. ഭാരതത്തില്‍നിന്നുള്ള 'വീഡിയോ ഫൂട്ടേജുകളും' ദൃശ്യങ്ങളും വിദേശചാനലുകള്‍ക്ക് വിറ്റുകിട്ടിയതാണ് എന്ന അവകാശവാദവുമായി ഈ ചാനലുകള്‍ നേടുന്നത് ആയിരക്കണക്കിന് കോടി ഡോളറുകളാണ്. ഈ ദൃശ്യങ്ങള്‍ വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഭാരതസര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ സംഭരിക്കാത്തിടത്തോളം കാലം സര്‍ദേസായിമാരും ദത്തുമാരും തഴച്ചുവളരും. ദില്ലിയിലെ ഔദ്യോഗിക ബംഗ്ലാവുകളില്‍ സൗജന്യ വാടക നിരക്കില്‍ കഴിയുന്ന പത്രപ്രവര്‍ത്തകര്‍ക്കും കേരള സംസ്ഥാന ഭവന നിര്‍മാണ വകുപ്പ് നിര്‍മിച്ച് നല്‍കിയ ഫഌറ്റുകള്‍ മുടക്കുമുതലൊന്നും ഇല്ലാതെ സ്വന്തമാക്കിയ പത്രപ്രവര്‍ത്തക ദമ്പതികള്‍ക്കും ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ നടത്തുന്നതിന് ലഭിക്കുന്ന അവസരമാണ് മോദിവിരുദ്ധ പ്രചാരണവും വാര്‍ത്തകളുടെ വളച്ചൊടിക്കലും. ചാനല്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്ന വ്യക്തി, 'ആങ്കര്‍ പേഴ്‌സണ്‍' എന്ന് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കപ്പെടുന്നവര്‍, സ്വയം മനസ്സിലാക്കേണ്ട ഒരു നിയമമുണ്ട്. ഒരു ഫുട്‌ബോള്‍ മത്സരം നിയന്ത്രിക്കുന്ന റഫറിയുടെ ചുമതല തന്നെയാണ് ഈ ചര്‍ച്ച നിയന്ത്രിക്കുന്ന വ്യക്തിക്ക്. പക്ഷേ, നമ്മുടെ ചാനലുകളില്‍ ഗോളടിക്കാന്‍ ഏറ്റവും കൂടുതല്‍ വ്യഗ്രത കാണിക്കുന്നത് ഈ 'ആങ്കര്‍'മാര്‍ തന്നെയാണ്. ചര്‍ച്ചകള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കു മനസ്സിലാകും അവതാരകന്റെ രാഷ്ട്രീയ ചായ്‌വ് എന്താണെന്ന്. അവരുടെ ശരീരഭാഷ തന്നെ ഇതിന് ധാരാളം മതിയാകും. മലയാളത്തിലെ ചാനല്‍ അവതാരകരില്‍ ഒരു മാന്യ ഭാരതീയ ജനതാ പാര്‍ട്ടി പ്രതിനിധികളോട് ചോദ്യം ഉന്നയിക്കുന്നതുതന്നെ പുച്ഛവും പരിഹാസവും നിറഞ്ഞ പുഞ്ചിരിയോടെയാണ്. അവതാരകന്/അവതാരകക്ക് ഉത്തരം മുട്ടുന്നതോടെ ചര്‍ച്ചാ വിഷയത്തിന് തിരശ്ശീല വീഴുകയായി. നമ്മുടെ മാധ്യമവ്യാഘ്രങ്ങള്‍ പുതിയ തന്ത്രം മെനയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അദ്ധ്യാത്മ രാമായണം, ആരണ്യകാണ്ഡത്തില്‍ ശ്രീരാമന്‍ അത്രി മഹര്‍ഷിയെ കണ്ട് ആശീര്‍വാദം നേടുന്ന ഒരു സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്. ശ്രീരാമനും സീതക്കും ലക്ഷ്മണനും ദണ്ഡകാരണ്യത്തിലേക്കു പോകണം. ''മുനി സമൂഹം വസിക്കുന്ന ദണ്ഡകാരണ്യത്തിലേക്ക് പ്രയാസം കൂടാതെ എത്തിച്ചേരുവാന്‍ അനുഗ്രഹിക്കണം. പണ്ഡിത ശ്രേഷ്ഠനായ താപസേന്ദ്രാ, ദണ്ഡകാരണ്യത്തിലേക്ക് സഞ്ചാരയോഗ്യമായ വഴി ഞങ്ങള്‍ക്കു പറഞ്ഞുതരുകയോ, കാണിച്ചുതരുകയോ ചെയ്താലും'' എന്ന് അഭ്യര്‍ത്ഥിക്കുന്നു ഭഗവാന്‍ ശ്രീരാമന്‍. ഇതുകേട്ട അത്രി മഹര്‍ഷി ഭഗവാനോട് പറഞ്ഞതെന്താണെന്നോ? ''എല്ലാവര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുന്ന അങ്ങേയ്ക്ക് നേരായ വഴി കാണിച്ചുതരാന്‍ ആരാണുള്ളത്? എങ്കിലും ലോകമര്യാദയനുസരിച്ച് എന്റെ ശിഷ്യന്മാര്‍ അങ്ങേക്ക് ദണ്ഡകാരണ്യത്തിലേക്കുള്ള വഴി കാണിച്ചുതരും.'' ശ്രീരാമനെക്കുറിച്ച് അത്രിമഹര്‍ഷിക്കുണ്ടായിരുന്ന ധാരണ തന്നെയാവണം മാധ്യമങ്ങളെക്കുറിച്ച് സാധാരണക്കാരനും ഉണ്ടാവേണ്ടത്. പക്ഷേ ഇക്കാലത്ത് മാധ്യമങ്ങള്‍ക്കുള്ളത് വിരാധന്‍ എന്ന രാക്ഷസന്റെ ഛായയാണ്. വിദ്യയുടെ ചിഹ്നമായ സരസ്വതീ ദേവിയുടെയും ശക്തിയുടെ പ്രതീകമായ ദുര്‍ഗ്ഗയുടെയും ചിത്രങ്ങളെയാണ് മാധ്യമങ്ങള്‍ അനുസ്മരിപ്പിക്കേണ്ടത്. പ്രമുഖ പത്രാധിപരായ അരുണ്‍ ഷൂരി ഒരിക്കല്‍ അഭിപ്രായപ്പെട്ടു ''ഒരു കാലത്തു പത്രപ്രവര്‍ത്തകരും പത്രാധിപന്മാരും മിഷണറി (സന്യാസിവര്യന്മാരെന്ന അര്‍ത്ഥത്തില്‍)മാരായിരുന്നു. ഇക്കാലത്ത് മിക്കവരും മെഴ്‌സിനറി (കൂലിപ്പടയാളികള്‍)ആയി അധഃപതിച്ചിരിക്കുന്നു.'' മിക്ക പത്രാധിപന്മാര്‍ക്കും പത്രാധിപകള്‍ക്കും കൂലിത്തല്ലുകാരുടെയും വാടകക്കൊലയാളികളുടെയും മോഷ്ടാക്കളുടെയും തട്ടിപ്പുകാരുടെയും ഛായയാണുള്ളത്. ലോകത്തിലെ എല്ലാ വിഷയത്തെക്കുറിച്ചും സാമാന്യവിജ്ഞാനമെങ്കിലും ഉള്ളവരായിരുന്നു പഴയതലമുറയിലെ പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും. ഇന്ന് മിക്ക പത്രാധിപ സിംഹങ്ങളുടെയും പ്രധാന യോഗ്യത വിവരക്കേട് ഒന്നുമാത്രം! വെറുതെയല്ല, പത്രങ്ങളും വാര്‍ത്താചാനലുകളും ഒന്നിനുപുറകെ ഒന്നായി അടച്ചുപൂട്ടുന്നത്. പത്രാധിപന്മാരും പത്രപ്രവര്‍ത്തകരും പരസ്പരം ചെളിവാരി എറിയുന്നു... ഒരു ചാനല്‍ മേധാവി മറ്റൊരു ചാനല്‍ മേധാവിയെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയില്‍ ആരോപണം ഉന്നയിക്കുന്നു. ചാനലുകളില്‍ കൂടി നടത്തുന്ന മലിനീകരണംകൊണ്ടു മാത്രം തൃപ്തരാകാതെ ബര്‍ക്കാദത്തും സര്‍ദേസായിയും പുസ്തക രചന നടത്തി കലാപം സൃഷ്ടിക്കുന്നു. ഇതൊക്കെയാണ് ആനുകാലിക മാധ്യമരംഗം ഭാരതത്തില്‍! (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.