ഇങ്ങനെ മതിയോ?

Thursday 24 March 2016 10:19 pm IST

ബെംഗളൂരു: ലക്ഷ്യവും നോട്ടവുമെല്ലാം ട്വന്റി20 ലോകകപ്പിലെ കിരീടമെന്ന സൗഭാഗ്യത്തിലേക്ക്. എന്നാല്‍, പ്രകടനം അതിനൊത്ത നിലവാരത്തില്‍ എത്തുന്നുമില്ല. പറയുന്നത് ടീം ഇന്ത്യയെക്കുറിച്ച്. നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ ഒരു റണ്ണിനു കീഴടക്കി സെമി പ്രതീക്ഷ സജീവമാക്കിയെങ്കിലും ഈ പ്രകടനം കൊണ്ട് എവിടം വരെയെന്ന ചോദ്യം മുന്‍പില്‍. പോരാട്ടവീര്യവും സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കരുത്തുമാണ് ബംഗ്ലാദേശിനെതിരെ ജയം സമ്മാനിച്ചത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, മൂന്നു പന്തില്‍ രണ്ടു റണ്‍ മാത്രം മതിയായിരിക്കെ രണ്ടു പേര്‍ ഉയര്‍ത്തിയടിച്ച് മടങ്ങിയതു കാണാതിരുന്നുകൂട. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ബംഗ്ലാദേശിന് വേണ്ടിയിരുന്നത് 11 റണ്‍സ്. കൈയില്‍ നാലു വിക്കറ്റും. ആദ്യ പന്തില്‍ മഹ്മൂദുള്ള ഒരു റണ്‍ നേടി. രണ്ടാമത്തേതിലും മൂന്നാമത്തേതിലും സ്‌ട്രൈക്ക് ചെയ്ത മുഷ്ഫിഖര്‍ പന്ത് രണ്ടുവട്ടം അതിര്‍ത്തി കടത്തി ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചു. മൂന്നു പന്തില്‍ രണ്ട് റണ്‍ എന്ന അനായാസ ലക്ഷ്യം മുന്നില്‍. എന്നാല്‍, നാലാം പന്ത് മുഷ്ഫിഖര്‍ ഡീപ് മിഡ് വിക്കറ്റില്‍ ശിഖര്‍ ധവാന്റെ കൈയിലേക്കും, അഞ്ചാം പന്ത് മഹ്മുദുള്ള ബൗണ്ടറിക്ക് സമീപം രവീന്ദ്ര ജഡേജയുടെ കൈയിലേക്കും അടിച്ചിട്ടു നല്‍കി. ഷുഗതയെ മറികടന്നെത്തിയ അവസാന പന്ത് കൈപ്പിടിയിലൊതുക്കിയ ധോണി റണ്ണിനുള്ള ബംഗ്ല താരങ്ങളുടെ ശ്രമം തടഞ്ഞു. റണ്‍ പൂര്‍ത്തിയാക്കാന്‍ മുസ്തഫിസുര്‍ ക്രീസിലേക്ക് എത്തും മുന്‍പ് ഇന്ത്യന്‍ നായകന്‍ സ്റ്റംപ് തെറിപ്പിച്ചു. അങ്ങനെ ആവേശോജ്ജ്വലമായ ജയം, ഒപ്പം സെമി പ്രതീക്ഷയും. ഞായറാഴ്ച അവസാന കളിയില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയ്ക്ക് ജയിച്ചാല്‍ സെമി ഉറപ്പ്. ഇന്നത്തെ കളിയില്‍ പാക്കിസ്ഥാനോട് ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യ - ഓസീസ് പോരാട്ടം ഫലത്തിലൊരു ക്വാര്‍ട്ടര്‍ ഫൈനലാകും. അതു കണക്കിലെ കളികള്‍. ട്വന്റി20യില്‍ ഓസീസിനെതിരെ വ്യക്തമായ മുന്‍തൂക്കമുള്ള ഇന്ത്യ ജയിക്കുമെന്നും മുന്നേറുമെന്നും കരുതുന്നവരേറെ. എന്നാല്‍, ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോടും കഴിഞ്ഞ ദിവസം ബംഗ്ലാദേശിനോടും പുറത്തെടുത്ത പ്രകടനം കണ്ടാല്‍ സംശയം ബാക്കി. ബംഗ്ലാദേശിനെതിരെ മികച്ച തുടക്കം കിട്ടിയിട്ടും മുന്‍നിരക്കാരെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. അനാവശ്യമായി പന്ത് ഉയര്‍ത്തിയടിച്ച് സമ്മര്‍ദം ചോദിച്ചുവാങ്ങി ബാറ്റിങ് നിര. ഇത് അവസാന ഓവറുകളില്‍ റണ്‍ ഉയര്‍ത്താനാകാതെ പോയതിനും കാരണമായി. ബാറ്റിങ്ങില്‍ ഒരു പൊളിച്ചെഴുത്ത് വേണ്ടതല്ലേയെന്ന സംശയം ഉയരുന്നു. ഏതു ഫോര്‍മാറ്റിലായാലും ഏതു സ്ഥാനത്തും മികച്ച പ്രകടനത്തിനു പോന്ന അജിങ്ക്യ രഹാനെയെന്ന വ്യക്തി പുറത്തിരിക്കുമ്പോള്‍ പ്രത്യേകിച്ചും. നായകന്‍ എം.എസ്. ധോണിക്ക് താത്പര്യമില്ലെങ്കിലും രോഹിത്തിനൊപ്പം മികച്ച തുടക്കം നല്‍കാന്‍ അജിങ്ക്യ പ്രാപ്തനെന്ന് കരുതുന്നവരേറെ. പ്രത്യേകിച്ചും ഇന്ത്യന്‍ പിച്ചുകളില്‍. ഐപിഎല്ലില്‍ താരത്തിന്റെ പ്രകടനം ഇതിനും സാക്ഷ്യവും. ഉപഭൂഖണ്ഡത്തിനു പുറത്തുള്ള ടീമുകള്‍ പോലും സ്പിന്നറെ വച്ച് കളി കൈയിലെടുക്കുമ്പോള്‍ ഹര്‍ഭജന്‍ സിങ്ങിനെ പോലെ പരിചയ സമ്പന്നനമായ താരത്തെ പുറത്തിരുത്തണമോയെന്നതും സംശയം. പ്രായം പ്രശ്‌നമെങ്കില്‍ ഇടംകൈന്‍ സ്പിന്നറായ യുവതാരം പവന്‍ നേഗിയുണ്ട്. നെഹ്‌റയ്ക്കു തുണയാകാന്‍ മീഡിയം പേസറായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുള്ളപ്പോള്‍ ജസ്പ്രീത് ബുംറയെ മാറ്റുകയുമാകാം. കഴിഞ്ഞ ദിവസം ബുംറ ഫീല്‍ഡില്‍ അമ്പേ പരാജയമായിരുന്നു. ജയിക്കുന്ന ടീമിനെ മാറ്റിപ്പണിത് കുഴപ്പമാകേണ്ടെന്ന ചിന്തയാകാം ടീം നിലനിര്‍ത്തിലിനു പിന്നിലെങ്കിലും പരീക്ഷണങ്ങള്‍ക്ക് ഭയക്കുന്നവര്‍ കാലത്തിനു പുറകിലാകുമെന്ന സത്യം വിസ്മരിക്കാനാകില്ല. ബംഗ്ലാദേശിനെതിരെയുള്ള ജയത്തില്‍ നായകന്‍ പ്രശംസകള്‍ക്ക് നടുവിലാണ്. ശാന്തനായി ടീമിനെ ജയത്തിലേക്കു നയിച്ച് മിസ്റ്റര്‍ കൂള്‍ എന്ന പേര് അന്വര്‍ത്ഥമാക്കിയെന്ന് ആരാധകര്‍. അവസാനത്തെ റണ്ണൗട്ട് ധോണിയെന്ന ക്രിക്കറ്ററുടെ പ്രതിഭയ്ക്കു സാക്ഷ്യമെന്നതില്‍ സംശയമില്ല. അവസാന ഓവര്‍ എറിയാന്‍ ഹാര്‍ദിക്കിനെ ചുമതലപ്പെടുത്തിയതും നായകന്റെ ധൈര്യം. എന്നാല്‍, ഹാര്‍ദിക്കിന് പിഴച്ചിരുന്നുവെങ്കില്‍ തീരുമാനം കൂടുതല്‍ വിമര്‍ശിക്കപ്പെട്ടേനെ. ഹാര്‍ദിക്കിന്റെ മികവിനെ നമിക്കാമെങ്കിലും ബംഗ്ല ബാറ്റ്‌സ്മാന്മാരുടെ മണ്ടത്തരത്തെ കണ്ടില്ലെന്നു നടിക്കാനാകില്ല. കൂടുതല്‍ പ്രൊഫഷണലായ പരിചയസമ്പന്നരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇത്തരം ചൂതാട്ടങ്ങള്‍ക്ക് പ്രസക്തിയില്ല. ജയിക്കാമെന്ന നേരിയ അവസ്ഥ പോലും അവര്‍ വ്യക്തമായി മുതലാക്കും. അവരുടെ നാട്ടില്‍ അവരെ തകര്‍ത്തതു പോലെ ആധികാരികമായ പ്രകടനം കൊണ്ടു മാത്രമെ സെമിയെന്ന വാതില്‍ ഇന്ത്യയ്ക്കു മുന്നില്‍ തുറക്കൂ. അതിന് പാളിച്ചകള്‍ ഒഴിവാക്കുക തന്നെ വേണം, ചില ശാഠ്യങ്ങളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.