ദുഖവെള്ളി-സഹനത്തിന്റെ കവിത

Saturday 20 May 2017 12:14 am IST

തീവ്ര വേദനയുടെ കുരിശു മരണം യേശു നീതിയുടെ ആത്മ ബലിയാക്കിയതിന്റെ ഓര്‍മ ലോകം മുഴുവന്‍ ഇന്ന് ക്രിസ്ത്യാനികള്‍ ദുഖ വെള്ളിയായി ആചരിക്കുകയാണ്. ത്യാഗത്തിന്റെ മുള്‍ക്കിരീടം സഹനത്തിന്റെ നിണമണിഞ്ഞ സങ്കടദിനം. അനീതിക്കെതിരെയുള്ള പിടിവിടാത്ത സഹന സമരത്തില്‍ കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചുകൊടുക്കുകയായിരുന്നു ക്രിസ്തു. അങ്ങനെ സത്യത്തിലേക്കുള്ള വഴി ആപത് ബാന്ധവമുള്ള നെടിയ പീഡനങ്ങളുടേതാണെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു. ഉപാധിയില്ലാത്ത സ്‌നേഹവും ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട് ഇല്ലാത്തവന്റെ ഒപ്പംനിന്ന് മനുഷ്യന് ദൈവമാകാമെന്നു തെളിയിച്ച യേശുവിനൊപ്പം നില്‍ക്കാന്‍ പക്ഷേ സ്വന്തങ്ങളോ ബന്ധങ്ങളോ ശിഷ്യരോപോലും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അവരെല്ലാം നിസഹായതയുടെ പടുകുഴിയാലായിരുന്നു. ജനക്കൂട്ടം ആവശ്യപ്പെട്ടത് യേശുവിനു പകരം കുറ്റവാളിയായ ബറാബസിനെ വിട്ടുകിട്ടാനാണ്. കാലിത്തൊഴുത്തില്‍ പിറന്നതു മുതല്‍ കുരിശാരോഹണം വരെയുള്ള ക്രിസ്തു ജീവിതം മറ്റെന്തിനേക്കാളും നാടകീയമാണ്. ഗ്രീക്കുനാടകങ്ങള്‍ക്കു പോലുമില്ലാത്ത ദുരന്ത പര്യവസാനം. നീതിമാന്‍ സ്വന്തംദേശത്ത് അപമാനിക്കപ്പെടുമെന്ന് യേശു പറഞ്ഞ് സ്വന്തം ജീവിതത്തെ തൊട്ടുനിന്നാണ്. അതാകട്ടെ ദുരന്തത്തിന്റെ സമ്മോഹനമായൊരു കാവ്യനീതിയുമായി. ദുഖത്തിന്റെ പാനപാത്രത്തില്‍ നിന്നാണ് ആഹ്‌ളാദത്തിനുള്ള വിഭവങ്ങളെന്നാണോ ദുഖവെള്ളി നല്‍കുന്ന സൂചന. ദുഖവെള്ളിയില്‍ നിന്നും ഈസ്റ്റര്‍ എന്ന ആനന്ദോത്സവത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ഇടുക്കു വഴികളിലൂടെ ഞെരിഞ്ഞമര്‍ന്ന് കല്ലുംമുള്ളും ചവിട്ടി എത്തുന്നതാണ് രാജവീഥി എന്നാണോ മനസിലാക്കേണ്ടത്. അല്ലെങ്കില്‍ നരക വാതിലിലൂടെ കടന്നാണ് സ്വര്‍ഗത്തിലെത്തേണ്ടതെന്നോ. ആഹ്‌ളാദിക്കുവിന്‍ എന്ന് യേശു പറഞ്ഞിട്ടുണ്ട്. പക്ഷേ ആഹ്‌ളാദത്തിന്റെ വഴികളില്‍ കണ്ണു നനയിക്കുന്ന ദുരിതങ്ങളുണ്ടെന്നു കൂടി ഓര്‍മ്മിപ്പിക്കുകയാണ് യേശു. ദൈവത്തെപ്പോലെ അതിശയം കാട്ടിയും മനുഷ്യനെപ്പോലെ ജീവിച്ചും ദുരിത ദുഖങ്ങള്‍ സഹിച്ചും വേദനയില്‍ കരഞ്ഞും ജീവിച്ചവന്‍. അനവധി അത്ഭുതങ്ങള്‍ യേശു കാണിച്ചു. കുരിശില്‍ നിന്നും രക്ഷപെടാന്‍ എന്തുകൊണ്ടു അത്തരം അതിശയം കാട്ടിയില്ലെന്ന് ചോദിക്കാം. ദൈവപുത്രന്‍ മനുഷ്യപുത്രനായി പിറന്ന യേശു നേരത്തെ എഴുതപ്പെട്ടത് നിവര്‍ത്തിക്കുകയായിരുന്നു. ചെകുത്താനാല്‍ പരീക്ഷിക്കപ്പെട്ടതും ശിഷ്യനാല്‍ ഒറ്റിക്കൊടുക്കപ്പെട്ടതും മറ്റൊരു ശിഷ്യനാല്‍ തള്ളിപ്പറയേണ്ടിവന്നതും ഉടുതുണി പങ്കുവെക്കപ്പെട്ടതുമെല്ലാം നേരത്തെ എഴുതപ്പെട്ടതാണ്. ഓരോ ഗോതമ്പുമണിയിലും അതു ഭക്ഷിക്കേണ്ടതാരെന്നു എഴുതപ്പെട്ടതുപോലെ നമ്മുടെ ജീവിതവും എഴുതപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ അതൊന്നും ഓര്‍ക്കാറില്ല. നമ്മെ പിടിച്ചു നിര്‍ത്തി അതു ഓര്‍മ്മിപ്പിക്കുകയാണ് യേശുവിനെപ്പോലുള്ള മഹത്തുക്കള്‍. ചരിത്രവും ഭാവനയും ഉപമകളും അതിശയങ്ങളുമൊക്കെ കൂടിക്കുഴഞ്ഞതാണ് യേശുജീവിതം. വലുതാകാന്‍ ചെറുതാകണമെന്ന് അദ്ദേഹം പറഞ്ഞു. ശത്രുവിനെ സ്‌നേഹിക്കണമെന്നും. ശതിരുവില്ലാത്ത സ്‌നേഹ സാമ്രാജ്യമാണ് അദ്ദേഹം വിഭാവനം ചെയ്തത്. അതു തന്റേതായ രീതിയില്‍ അതു നിവര്‍ത്തിക്കുകയും ചെയ്തു യേശു. അന്നത്തെ സാമൂഹ്യ വിപ്‌ളവകാരിയുടെ വാക്കുകളും അത്യാവശ്യം ചാട്ടവാറും അദ്ദേഹം ഉപയോഗിച്ചു. ദൈവാലയത്തിലെ കള്ളക്കച്ചവടക്കാരെ അടിച്ചോടിച്ചതു അങ്ങനെയാണ്. സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്നു പറഞ്ഞ യേശു തന്നെ പിന്തുടരുന്നവര്‍ തനിക്കു പിന്നാലെ കുരിശുമെടുത്തു വരണമെന്നു പറഞ്ഞു. വേദന പ്രാര്‍ഥനയാക്കിയ യേശു ആന്തരികമായ ആത്മീയതയിലേക്കു നയിക്കാന്‍ നീതിയുടേയും ന്യായത്തിന്റെയും പുതിയ സുവിശേഷങ്ങള്‍ അവതരിപ്പിച്ചു. അതു ചിലര്‍ക്കു മനസിലായില്ല. മനസിലായവര്‍ക്കാകട്ടെ തങ്ങളുടെ സാമ്രാജ്യം തകരുമെന്ന് ഭയപ്പെട്ടു. അവരാണ് അദ്ദേഹത്തെ കുറ്റവാളിയാക്കി കുരിശേറ്റിയത്. മനുഷ്യന്‍ മറ്റൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് അവനവനെ കണ്ടെത്താനും സ്വയംതിരുത്താനുമുള്ള ആത്മാവിന്റെ അള്‍ത്താരയിലെ കുമ്പസാരമാണ് ദുഖവെള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.