ശാരി പീഡിപ്പിക്കപ്പെട്ടതിന്‌ തെളിവില്ലെന്ന്‌ കോടതി

Friday 20 January 2012 11:03 pm IST

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ ശാരി എസ്‌. നായര്‍ പീഡിപ്പിക്കപ്പെട്ടതിനു തെളിവില്ലെന്ന്‌ കോടതി. പീഡനം നടന്നതിനു ദൃക്‌സാക്ഷികളുടെയും മെഡിക്കല്‍ രേഖകളുടെയും തെളിവില്ലെന്നും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പറഞ്ഞു. ഇരുപത്തിയഞ്ചോളം സാക്ഷികള്‍ക്ക്‌ കേസുമായി ബന്ധമില്ല. സാഹചര്യത്തെളിവുകള്‍ മാത്രമാണ്‌ കോടതിക്ക്‌ മുന്നില്‍ ഉള്ളതെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെയുള്ളത്‌ മാപ്പു സാക്ഷി ഓമനക്കുട്ടിയുടെ മൊഴിമാത്രമാണ്‌. ഓമനക്കുട്ടിയുടെ മൊഴി വിശ്വാസ്യയോഗ്യമാണോ എന്ന്‌ പരിശോധിക്കണം. ഐപിഎസ്‌ ഉദ്യോഗസ്ഥ ശ്രീരേഖ എടുത്ത ശാരിയുടെ മൊഴി മരണമൊഴിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എഫ്‌ഐആറില്‍ ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്റെ മൊഴികള്‍ വിശ്വാസ്യയോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ടി.വി സീരിയലുകളിലും ആല്‍ബത്തിലും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ 2003 ആഗസ്റ്റില്‍ കോട്ടയം കിളിരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ലതാ നായരടക്കമുള്ള പ്രതികള്‍ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്‌.
ബസ്‌ കണ്ടക്ടര്‍മാരായ പ്രവീണ്‍,മനോജ്‌,കോട്ടയം കല്ലുപാറ കുന്തല വീട്ടില്‍ ലതാ നായര്‍, നാട്ടകം തെക്കെ ചിറയില്‍ കൊച്ചുമോന്‍ എന്ന ബിനു,കുമളി തയ്യില്‍ വീട്ടില്‍ സോമനാഥന്‍,തിരുവാര്‍പ്പ്‌ മീന്‍ചിറ വല്യാറ വീട്ടില്‍ ദേവദാസ്‌,ദേവികുളം വാളറ അബ്ദുല്ലത്തീഫ്‌ എന്നിവരാണ്‌ കേസില്‍ പ്രതികള്‍.
കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച കിളിരൂര്‍ കേസ്‌ അട്ടിമറിക്കാന്‍ തുടക്കം മുതലെ ശ്രമം നടന്നിരുന്നുവെന്ന്‌ ആരോപണമുണ്ടായിരുന്നു. ആശുപത്രിയില്‍ കിടന്ന ശാരിയെ വിഐപി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ്‌ രോഗം മൂര്‍ഛിച്ച്‌ മരിച്ചതെന്നായിരുന്നു ആരോപണം. ഈ വിഐപി ആരെന്ന ചോദ്യം അന്നത്തെ പ്രതിപക്ഷനേതാവ്‌ അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുകയും രാഷ്ട്രീയവിവാദമാകുകയും ചെയ്തു.
ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കളുടെ മക്കള്‍ക്ക്‌ സംഭവത്തില്‍ പങ്കുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഉന്നതര്‍ക്ക്‌ പങ്കുള്ള കേസായതിനാല്‍ തേയ്ച്ചുമായ്ച്ച്‌ കളയാനാണ്‌ അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചത്‌. സിബിഐയും ഏതാണ്ട്‌ അതേവഴിക്കാണ്‌ നീങ്ങിയതെന്ന സംശയമാണ്‌ ഇപ്പോള്‍. വിഐപികളുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു സിബിഐക്ക്‌. കുറ്റപത്രത്തില്‍ സിബിഐ പരാമര്‍ശമില്ല എന്നതിനാല്‍ വിഐപി പങ്ക്‌ അന്വേഷിക്കണമെന്ന ആവശ്യം സിബിഐ കോടതി നേരത്തെ തള്ളിയിരുന്നു.
തിരുവല്ലയില്‍ ആത്മഹത്യചെയ്ത നാരായണന്‍നമ്പൂതിരിയുടെയും കുടുംബത്തിന്റെയും മരണത്തിനു പിന്നിലും കിളിരൂര്‍ പെണ്‍വാണിഭപ്രശ്നം ഉണ്ടെന്ന്‌ തുടക്കത്തില്‍ വാര്‍ത്ത പരന്നിരുന്നു. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചപ്പോള്‍ രണ്ടും കേസുകളും തമ്മില്‍ ബന്ധപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സിബിഐ കോടതിയില്‍ പറഞ്ഞത്‌ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നായിരുന്നു.
സിബിഐയുടെ അന്വേഷണത്തിലും പ്രമാദമായ ഒരു കേസിന്റെ ചരമഗതി എന്നതാണ്‌ ഇന്നലത്തെ കോടതി ഉത്തരവ്‌ തെളിയിക്കുന്നത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.