തൃപ്പൂണിത്തുറയില്‍ നിന്ന് തലയൂരാന്‍ കഴിയാതെ സിപിഎം

Saturday 26 March 2016 7:42 pm IST

കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ സാധിക്കാതെ സിപിഎം നേതൃത്വം വട്ടം കറങ്ങുന്നു. തുടക്കത്തില്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ മത്സരിപ്പിക്കാന്‍ ഒരു വിഭാഗം കരുക്കള്‍ നീക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒന്നരക്കൊല്ലമായി തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചായിരുന്നു രാജീവിന്റെ പ്രവര്‍ത്തനം. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയായ പി. രാജീവ് മത്സരിക്കേണ്ടന്ന് തിരുമാനിച്ചതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ചില ജില്ലാ സെക്രട്ടറിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയും മന്ത്രി കെ. ബാബുവിനെതിരെ മത്സരിപ്പിക്കാന്‍ തയ്യാറെടുത്തിരുന്ന രാജീവിന് അംഗീകാരം നല്‍കാതിരിക്കുകയും ചെയ്ത നടപടി മണ്ഡലത്തില്‍ പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിലാണ് പള്ളുരുത്തി മുന്‍ എംഎല്‍എയും മുന്‍ ജില്ലാ സെക്രട്ടറിയുമായ ദിനേശ് മണിയുടെ പേര് തൃപ്പുണിത്തറയിലേക്ക് പരിഗണിച്ചത്. ഇതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലെത്തി. ദിനേശ് മണിയുടെ സ്ഥാനാര്‍ത്ഥിത്വം റിപ്പോര്‍ട്ട് ചെയ്ത യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ തൃപ്പൂണിത്തുറയില്‍ മത്സരിക്കാനില്ലെന്ന് ദിനേശ്മണി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാര്‍ട്ടി കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ തവണ കെ. ബാബുവിനെതിരെ മത്സരിച്ച ദിനേശ് മണി പതിനാറായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ദിനേശ് മണിക്കെതിരെ ജില്ലയില്‍ വ്യാപകമായ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഒരോരുത്തരെ കൊണ്ടുവരുമ്പോള്‍ അതിനെയെല്ലാം എതിര്‍ക്കുന്ന നടപടിയെ ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്നറിയാതെ സിപിഎം നേതൃത്വം നെട്ടോട്ടമോടുകയാണ്. ഇതിനിടയിലാണ് ഡിവൈഎഫ്‌ഐ നേതാവ് എം. സ്വാരജിനെ തൃപ്പൂണിത്തുറയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. ഇതും പ്രതിഷേധത്തിന് വഴിവെച്ചേക്കും. ബാബുവിനെ സംരക്ഷിക്കുന്നതിന് സിപിഎം നേതൃത്വം നടത്തുന്ന വഴിവിട്ട കളികള്‍ പാര്‍ട്ടിയ്ക്ക് തന്നെ തലവേദനയായിരിക്കുയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.