തെലുങ്കാന: കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എ മാര്‍ രാജി വച്ചു

Monday 4 July 2011 4:19 pm IST

ഹൈദ്രാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തെലുങ്കാന മേഖലയില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജി സമര്‍പ്പിച്ചു. തെലുങ്കാന മേഖലയില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് എം.പിമാര്‍ ഇന്ന് രാജി വയ്ക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇവര്‍ക്ക് സ്പീക്കറെ കാണാന്‍ സാധിച്ചില്ല. ഇന്ന് രാവിലെ ദല്‍ഹിയില്‍ യോഗം ചേര്‍ന്ന ശേഷമാണ് എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് തെലുങ്കു ദേശത്ത് നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം സ്പീക്കര്‍ അനുവദിച്ചിരുന്നത്. എന്നാല്‍ അനുവദിച്ച സമയത്ത് എം.പിമാര്‍ പാര്‍ലമെന്റില്‍ എത്തിയില്ല. സ്പീക്കര്‍ പാര്‍ലമെന്റില്‍ നിന്നും പോയ ശേഷമാണ് എം.പിമാര്‍ എത്തിയത്. ഏഴ് ലോക്‍സഭാ എം.പിമാരും ഒരു രാജ്യസഭാ എം.പിയുമാണ് രാജി വയ്ക്കാനായി എത്തിയിട്ടുള്ളത്. രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് എം.പിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആകെ 12 എം.പിമാരാണ് കോണ്‍ഗ്രസിന് തെലുങ്കാന മേഖലയില്‍ നിന്നുമുള്ളത്. കേന്ദ്ര മന്ത്രി ജയ്‌പാല്‍ റെഡ്ഡി തെലുങ്കാനയില്‍ നിന്നുമുള്ള അംഗമാണ്. എം.പിമാര്‍ രാജിവയ്ക്കുകയാണെങ്കില്‍ ലോക്‍സഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 272ല്‍ നിന്നും താഴോട്ടു പോകും. ഇത് വലിയൊരു പ്രതിസന്ധി യു.പി.എ സര്‍ക്കാരിലുണ്ടാക്കും. ഇക്കാരണത്താല്‍ സ്പീക്കാര്‍ രാജി സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.