കണ്ണൂര്‍ സ്‌ഫോടനം: ഒരാള്‍ റിമാന്‍ഡില്‍

Saturday 26 March 2016 9:28 pm IST

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിനെ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ വ്യാഴാഴ്ച രാത്രിയാണ് ഇരുനിലവീട് തകര്‍ന്നടിയുകയും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സ്‌ഫോടനമുണ്ടായത്. ഉത്സവങ്ങളും വിഷുവിപണിയും ലക്ഷ്യമിട്ട് നിര്‍മിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജണല്‍ ഫോറന്‍സിക് അസി. ഡയറക്ടര്‍ പി. സച്ചിദാനന്ദന്റെ നേതൃത്തിലുള്ള സംഘം പരിശോധന നടത്തി. സംഘത്തില്‍ ഫോറന്‍സിക് ഓഫീസര്‍മാരായ കെ.ദീപേഷ്, കെ വി ശ്രീജ എന്നിവരും ഉണ്ടായിരുന്നു. സമീപവാസികളോട് അനുമാലിക് എന്ന പേരാണ് അനൂപ് പറഞ്ഞത്. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ ഇരുനിലവീട് വാടകക്കെടുത്തത്. മയ്യില്‍ സ്വദേശിനിയും അമേരിക്കയില്‍ താമസക്കാരിയുമായ ജ്യോത്സ്‌നയുടെ വീടാണിത്. 15,000 രൂപയാണ് മാസവാടക. അയല്‍വാസികളുടെ ശ്രദ്ധപതിയാതിരിക്കാന്‍ അനൂപ് തന്റെ വീടിന്റെ മതിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. പരിചയമില്ലാത്തയാളായതിനാല്‍ അയല്‍വാസികള്‍ ഈ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അനൂപ് ബിസിനസുകാരനാണെന്നും ഭാര്യയും മക്കളുമാണ് കൂടെയുള്ളതെന്നുമാണ് ഇവര്‍ കരുതിയത്. പല ദിവസങ്ങളിലും രാവിലെ കാറില്‍ പുറത്തുപോകുന്ന അനൂപ് മാലിക് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. വീട്ടിനകത്ത് അനധികൃതമായി പടക്ക വിപണനം നടത്തിയിരുന്നയാളാണ് അനൂപ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2009 ലും 2013 ലും അനധികൃത പടക്കം സൂക്ഷിച്ചതിന് വളപട്ടണം പോലീസ് ഇയാളെ പിടികൂടിയിരുന്നു. സ്‌ഫോടനത്തില്‍ പ്രദേശത്തെ നാല്‍പത്തഞ്ചോളം വീട്ടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. സംഭവ സമയത്ത് അനൂപും റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. കനത്ത സ്‌ഫോടനം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചു. ഇതിന്റെ ഫലമായാണ് 45 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. വീടുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിഡബ്ല്യുഡി അധികൃതര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത വീട്ടുകാരെ മാറ്റിത്താമസിപ്പിക്കാന്‍ കളക്ടര്‍ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. റിമാന്റിലായ പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. അനൂപിനൊപ്പം താമസിക്കുന്ന റാഹിലയെയും മക്കളെയും പോലീസ് ചോദ്യംചെയ്യും. റാഹിലയുടെ ഇളയകുട്ടി ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ മറ്റൊരു മകള്‍ ഹിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹിബ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.