ഉത്തരാഖണ്ഢില്‍ രാഷ്ട്രപതി ഭരണം

Monday 28 March 2016 1:17 am IST

ന്യൂദല്‍ഹി: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഉത്തരാഖണ്ഢില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്നലെ രാവിലെ രാഷ്ട്രപതി അംഗീകരിച്ചു. നിയമസഭ മരവിപ്പിച്ചു നിര്‍ത്താനും രാഷ്ട്രപതി ഉത്തരവിട്ടിട്ടുണ്ട്. ഭരണഘടനയുടെ 356-ാം വകുപ്പ് അനുസരിച്ചാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഉത്തരാഖണ്ഢിലെ സ്ഥിതിഗതികള്‍ വിലയിരുത്തി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം സംബന്ധിച്ച ഗവര്‍ണ്ണര്‍ കെ.കെ പോളിന്റെ റിപ്പോര്‍ട്ടുകളും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും അടിയന്തര മന്ത്രിസഭാ യോഗം പരിഗണിച്ചു. വിമത എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളത് തന്നെയാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങള്‍ കടക്കാതിരിക്കുന്നതിനായാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. മാര്‍ച്ച് 18ന് നിയമസഭയില്‍ ധനവിനിയോഗബില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെ തന്നെ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി മാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരണം. ഒമ്പത് വിമത എംഎല്‍എമാര്‍ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി പരസ്യമായത്. എന്നാല്‍ ഡിവിഷന്‍ വോട്ടിന് അനുമതി നല്‍കാതെ പരാജയപ്പെട്ട ബില്‍ റാവത്ത് സര്‍ക്കാര്‍ പാസാക്കി. രാജ്യത്ത് ഇതാദ്യത്തെ സംഭവമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത്തരത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. 71 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 67 പേര്‍ ഉണ്ടായിരിക്കെ ധനവിനിയോഗ ബില്ലിന്മേല്‍ ഡിവിഷന്‍ വോട്ട് വേണമെന്ന് 35പേര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി. എന്നാല്‍ വോട്ടിംഗ് നടത്താതെ സ്പീക്കര്‍ ബില്‍ പാസാക്കിയ സംഭവം ഭരണഘടനാ വിരുദ്ധമാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബില്‍ പരാജയപ്പെട്ടിട്ടും വിജയിച്ചതായി പ്രഖ്യാപിച്ചത്, ജെയ്റ്റ്‌ലി പറഞ്ഞു. അതിനിടെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ ഒമ്പതു പേരെ പുറത്താക്കിയതായി നിയമസഭാ സ്പീക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരീഷ് റാവത്തിന്റെ തീരുമാനം. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഉത്തരാഖണ്ഢില്‍ നടന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. 71 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 അംഗങ്ങളും ബിജെപിക്ക് 28 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഒമ്പതു വിമതര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം സംജാതമായത്. ബിഎസ്പിക്ക് രണ്ടും നാലു സ്വതന്ത്രരും ഒരു നോമിനേറ്റഡ് അംഗവുമാണ് സഭയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.