ഗ്രാമത്തിലെ തെരുവുകളിലും ഫുട്‌ബോള്‍ എത്തട്ടെ

Saturday 20 May 2017 12:04 am IST

എന്റെ പ്രിയപ്പെട്ട ദേശവാസികളേ! എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം. ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹം ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഏവര്‍ക്കും ഞാന്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു. എന്റെ യുവസുഹൃത്തുക്കളേ, നിങ്ങളൊക്കെ പരീക്ഷയുടെ തിരക്കിലായിരിക്കും. കുറേപേരുടെയെങ്കിലും പരീക്ഷ കഴിഞ്ഞുകാണും. കുറേപേര്‍ക്ക് ഒരുവശത്ത് പരീക്ഷയും മറുവശത്ത് ടി-20 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെയും പരീക്ഷണമായിരിക്കും. ഇന്നും നിങ്ങള്‍ ഒരുപക്ഷേ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള മാച്ചും പ്രതീക്ഷിച്ച് ഇരിക്കുകയായിരിക്കും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഭാരതം പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും രണ്ടാവേശകരമായ മത്സരങ്ങള്‍ വിജയിച്ചു. അത്യന്തം വിജയകരമായ മുഹൂര്‍ത്തങ്ങളാണ് വരാന്‍ ഇരിക്കുന്നത്. ഇന്ന് ആസ്‌ട്രേലിയയും ഭാരതവുമായി നടക്കുന്ന മത്സരമാണല്ലോ? രണ്ടു ടീമുകളിലേയും കളിക്കാര്‍ക്ക് ഞാന്‍ മംഗളമേകുന്നു. 65% യുവജനങ്ങളുള്ള നമ്മുടെ രാജ്യം കളിയില്‍ മുഴുകിയിരിക്കുന്നു. കളിയില്‍ മുഴുകിയതുകൊണ്ടുമാത്രമായില്ല, കളിയുടെ ലോകത്ത് പുതിയ മാറ്റങ്ങള്‍ വിതയ്ക്കാനുള്ള സമയമാണിത്. ഈ അവസരത്തില്‍ ഇന്ന് രാജ്യത്ത് ക്രിക്കറ്റിനോടൊപ്പം ഫുട്‌ബോള്‍, ഹോക്കി, ടെന്നീസ്, കബഡി എന്നീ കളികളോടും പ്രതിപത്തി ഏറിവരികയാണ്. ഇന്ന് രാജ്യത്തെ യുവാക്കളോട് സന്തോഷവാര്‍ത്തകളോടൊപ്പം കുറച്ചു പ്രതീക്ഷകളും പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരുന്ന വര്‍ഷം 2017-ല്‍ ഭാരതം ഫിഫാ അണ്ടര്‍-17ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്ന കാര്യം നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ? ലോകത്തെ മികച്ച 24 ടീമുകള്‍ ഇന്ത്യയില്‍ കളിക്കാന്‍ വരികയാണ്. 1951-ലെയും 62-ലെയും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഫുട്ബാളില്‍ സ്വര്‍ണം നേടിയിരുന്നു. 1956-ലെ ഒളിംമ്പിക്‌സില്‍ ഇന്ത്യ 4-ാം സ്ഥാനത്തായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറേ ദശകങ്ങളായി നാം പിന്നോക്കം പോകുകയാണ്. ഒരുപാട് ഒരുപാട് പിന്നോക്കം പോയി. ഇന്ന് ഫിഫാ റാങ്കിംഗില്‍ നമ്മുടെ സ്ഥാനം പറയാനുള്ള ധൈര്യംപോലും എനിക്കില്ല. മറുവശത്ത് ഇന്ന് ഭാരതത്തിലെ യുവാക്കളില്‍ ഫുട്ബാളിനോടുള്ള താല്പര്യം വര്‍ദ്ധിച്ചുവരുന്നത് ഞാന്‍ കാണുന്നു. അത് ഇ.പി.എല്‍. ആകട്ടെ, സ്പാനിഷ് ലീഗാകട്ടെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗാകട്ടെ, ഭാരതത്തിലെ യുവാക്കള്‍ അതിനെക്കുറിച്ച് അറിയാന്‍ ടി.വിയില്‍ അത് കാണാന്‍ സമയം കണ്ടെത്തുന്നു. പറഞ്ഞുവരുന്നത് ഫുട്ബാളിനോടുള്ള താത്പര്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ്. പക്ഷേ, ഇത്ര നല്ല സുവര്‍ണ്ണാവസരം നമുക്ക് കൈവരുമ്പോള്‍ കേവലം ആതിഥേയരായി നമ്മുടെ കടമ പൂര്‍ത്തീകരിക്കുക മാത്രമാണോ ചെയ്യേണ്ടത്? ഈ വര്‍ഷം മുഴുവന്‍ നമുക്ക് ഫുട്ബാള്‍.... ഫുട്ബാള്‍.... ഫുട്ബാള്‍..... എന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാം.സ്‌കൂളുകളിലും കോളേജുകളിലും എന്നുവേണ്ട ഭാരതത്തിന്റെ മുക്കിലും മൂലയിലും നമ്മുടെ യുവാക്കളും ബാലന്മാരും വിയര്‍ത്തൊലിക്കട്ടെ. ചുറ്റും ഫുട്ബാള്‍ കളിക്കട്ടെ.അങ്ങിനെ ചെയ്താല്‍ ആതിഥേയത്വം നമുക്ക് ആസ്വദിക്കാന്‍ കഴിയും. അതുകൊണ്ട് ഓരോ ഗ്രാമത്തിലും ഓരോ തെരുവിലും ഫുട്ബാളിന്റെ സന്ദേശം എത്തിക്കാന്‍ ശ്രമിക്കാം. 2017 ഫിഫാ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ ഒരവസരമായി കണ്ട് ഒരുവര്‍ഷത്തിനകം നമ്മുടെ യുവാക്കളില്‍ ഫുട്ബാളിനോട് പുതിയ ഉണര്‍വ്വും ആവേശവും നിറയ്ക്കാന്‍ ശ്രമിക്കാം. ഈ ആതിഥേയത്വത്തിന്റെ മറ്റൊരു നേട്ടം നമ്മുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കും എന്നതാണ്. കളിയ്ക്ക് ആവശ്യമായ സൗകര്യങ്ങളെപ്പറ്റി നമ്മള്‍ ശ്രദ്ധിക്കും. നമ്മുടെ യുവാക്കള്‍ ഫുട്ബാളിനോടൊപ്പം കൂട്ടിയിണക്കപ്പെട്ടാലെ എനിയ്ക്ക് ആനന്ദം ലഭിക്കൂ. ഈ ആവേശത്തിന് എന്തുചെയ്യണം സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളില്‍ നിന്നും ഒരുകാര്യം പ്രതീക്ഷിക്കുന്നു. 2017-ലെ ഈയവസരം നാം എങ്ങിനെ പ്രയോജനപ്പെടുത്തണം?, ഈ വര്‍ഷം മുഴുവനും ഫുട്ബാള്‍ ജ്വരം നിലനിര്‍ത്താന്‍ നമ്മള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം?, എങ്ങിനെ ഇതിനെ പ്രചരിപ്പിക്കണം?, നടത്തിപ്പ് എങ്ങിനെ മെച്ചപ്പെട്ടതാക്കണം?, ഫിഫാ അണ്ടര്‍ 17 ലോകകപ്പിലൂടെ നമ്മുടെ യുവാക്കളില്‍ ഫുട്ബാളിനോടുള്ള താത്പര്യം എങ്ങിനെ വളര്‍ത്തണം?, സര്‍ക്കാരിലും വിദ്യാലയങ്ങളിലും സാമൂഹ്യ സ്ഥാപനങ്ങളിലും ഇതിനുള്ള താത്പര്യം വളര്‍ത്താന്‍ എന്തൊക്കെ ചെയ്യണം? എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ തരില്ലേ? ക്രക്കറ്റിനോട് കാട്ടുന്ന താത്പര്യം മറ്റ് കളികളോടും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഈ ഫുട്ബാള്‍ അതിനൊരവസരം ആകണം. ലോകത്തിന് മുമ്പില്‍ നമുക്ക് സ്വയം മുദ്രണം ചെയ്യപ്പെടാന്‍ ഇതൊരവസരമാണെന്ന് ഞാന്‍ കരുതുന്നു. ഭാരതത്തിന്റെ യുവശക്തി ലോകത്തിന് കാട്ടിക്കൊടുക്കുവാന്‍ ഇതൊരവസരമായി ഞാന്‍ കാണുന്നു. കളിയിലൂടെ നാം എന്തു നേടി? എന്തു നേടിയില്ല?എന്നര്‍ത്ഥത്തിലല്ല. മറിച്ച്, ഈ ആതിഥേയത്വത്തിന്റെ തയ്യാറെടുപ്പിലൂടെ നമ്മുടെ ശക്തി ലോകത്തിന് മുന്നില്‍ തെളിയിച്ച് നമുക്ക് ബ്രാന്‍ഡ് ചെയ്യപ്പെടാന്‍ സാധിക്കും. നിങ്ങള്‍ എനിയ്ക്ക് നരേന്ദ്രമോദി ആപ്പിലൂടെ നിര്‍ദ്ദേശങ്ങള്‍ അയയ്ക്കില്ലേ? ലോഗോ എങ്ങിനെയാകണം? മുദ്രാവാക്യങ്ങള്‍ എങ്ങിനെയാകണം? ഭാരതമൊട്ടുക്ക് ഇത് എങ്ങിനെ പ്രചരിപ്പിക്കണം? അവതരണ ഗാനം എങ്ങിനെയാകണം? സോവനീറുകള്‍ ഏതൊക്കെ തരത്തിലാകണം..... സുഹൃത്തുക്കളേ നിങ്ങള്‍ ചിന്തിക്കൂ. ഞാന്‍ ആഗ്രഹിക്കുന്നത് ഓരോ യുവാവും 2017 ഫിഫാ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ അംബാസിഡര്‍ ആകണമെന്നാണ്. ഭാരതത്തിന്റെ മഹത്വം ലോകത്തിനു മുന്നില്‍ എത്തിക്കാനുള്ള ഈ സുവര്‍ണാവസരത്തില്‍ നിങ്ങളും പങ്കാളികളാകൂ. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, അവധി ദിനങ്ങളില്‍ നിങ്ങള്‍ യാത്രയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാകുമല്ലോ. വിദേശങ്ങളില്‍ പോകുന്നവരായി വളരെ കുറച്ചുപേരെ കാണുകയുള്ളൂ. മിക്കവരും നാട്ടില്‍തന്നെ അഞ്ചാറു ദിവസങ്ങള്‍ യാത്ര പോകുന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നവരും ഉണ്ടാകും. കഴിഞ്ഞ അവധി ദിനങ്ങളില്‍ നിങ്ങള്‍ പോയ ഇടങ്ങളിലെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിനോദസഞ്ചാരവകുപ്പിനോ, സാംസ്‌കാരിക വകുപ്പിനോ, സംസ്ഥാന സര്‍ക്കാരിനോ, ഭാരതസര്‍ക്കാരിനുതന്നെയോ ചെയ്യാന്‍ കഴിയാത്ത കാര്യം നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് സഞ്ചാരികള്‍ അന്ന് ചെയ്തു. വ്യത്യസ്തങ്ങളായ സ്ഥലങ്ങളുടെ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ കണ്ട് എനിയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. ഇക്കാര്യത്തില്‍ നമുക്കിനിയും മുന്നേറേണ്ടതുണ്ട്. ഇത്തവണ നിങ്ങള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനൊപ്പം ഒന്നുകൂടെ ചെയ്യൂ. പുതിയ സ്ഥലങ്ങളില്‍ പോയപ്പോഴുള്ള അനുഭവങ്ങളെക്കുറിച്ച് എഴുതൂ. ക്ലാസ്സ് മുറികളിലും വീട്ടിലും സുഹൃത്തുക്കളില്‍ നിന്നും ഒന്നും പഠിക്കാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ നമുക്ക് യാത്രയിലൂടെ പഠിക്കാന്‍ സാധിക്കും. പുതിയ ഇടങ്ങളില്‍ നമുക്ക് പുതുമ അനുഭവിക്കാന്‍ കഴിയും. പുതിയ ആളുകള്‍, ഭാഷ, ആഹാര പദാര്‍ത്ഥങ്ങള്‍, ജീവിത രീതി എന്നിവ നേരിട്ട് കണ്ടറിയാനുള്ള അവസരമാണത്. ''നിരീക്ഷണമില്ലാത്ത ഒരു സഞ്ചാരി ചിറകില്ലാത്ത പക്ഷിയെപ്പോലെയാണെന്ന്'' ആരോ പറഞ്ഞിട്ടുണ്ടല്ലോ. കാഴ്ചകൊതിക്കുന്നവനാണെങ്കില്‍ ചുറ്റും നിരീക്ഷിക്കും. ഭാരതം വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യമാണ്. ഒന്ന് കാണാന്‍ ഇറങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ കാണാനുള്ള കാഴ്ചകള്‍ ഉണ്ട്. കാഴ്ചകള്‍ കണ്ട് മതിവരികയില്ല. ഞാന്‍ ഭാഗ്യവാനാണ്. എനിയ്ക്ക് ഒരുപാട് യാത്രചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ലാതിരുന്നപ്പോഴും നിങ്ങളുടെ പ്രായത്തില്‍ ഞാന്‍ ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ പോകാത്തതായി ഭാരതത്തില്‍ ഒരു ജില്ലപോലും ഉണ്ടാകാനിടയില്ല. ജീവിതം കരുപ്പിടിപ്പിക്കാന്‍ യാത്ര നല്‍കുന്ന ശക്തി വളരെ വലുതാണ്. ഇന്ന് ഭാരതീയ യുവാക്കളില്‍ യാത്രയ്ക്കുള്ള ആവേശവും ജിജ്ഞാസയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പഴയതുപോലെ നിശ്ചിതസ്ഥലങ്ങളിലൂടെയല്ല മറിച്ച് പുതുമയാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതൊരു നല്ല ലക്ഷണമായി ഞാന്‍ കാണുന്നു. നമ്മുടെ യുവാക്കള്‍ സാഹസികരാണ്. ആരും എത്താത്തിടത്ത് എത്താനുള്ള മനസ്സാണ് അവര്‍ക്കുണ്ടാകേണ്ടത്. കോള്‍ ഇന്ത്യയെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. നാഗ്പൂരിനടുത്ത് സാവനേറില്‍ വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ (ണഇഘ) കല്‍ക്കരി ഖനികളുണ്ട്. ആ ഖനികളില്‍ അവര്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വിനോദസഞ്ചാരപഥം വികസിപ്പിച്ചിരിക്കുന്നു. സാധാരണ നമ്മുടെ ചിന്തയില്‍ കല്‍ക്കരിഖനികളാണെങ്കില്‍ അതിനടുത്ത് പോകരുതെന്നാണ് വിചാരം. അവിടെ പണിയെടുക്കുന്നവരുടെ ഫോട്ടോകള്‍ കണ്ടാല്‍ അവിടെ പോയാല്‍ എന്തു സംഭവിക്കുമെന്ന് നമുക്ക് ആശങ്കയുണ്ടാകും. കല്‍ക്കരി പുരണ്ടാല്‍ കറുക്കും എന്നൊരു ചൊല്ലുതന്നെ നമുക്കുണ്ടല്ലോ. ആളുകള്‍ അവിടേയ്ക്ക് പോകാറില്ല. കല്‍ക്കരിഖനിയെ ടൂറിസത്തിന്റെ ഭാഗധേയമാക്കിമാറ്റുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഇതൊരു നല്ല തുടക്കമാണ്. മാത്രമല്ല, ഇതുവരെ ഏകദേശം പതിനായിരത്തില്‍പ്പരം ആളുകള്‍ നാഗ്പൂരിനടുത്ത് സാവനേര്‍ ഗ്രാമത്തിനുസമീപത്തെ ഈ പ്രകൃതിസൗഹൃദ ഖനി ടൂറിസത്തെ കണ്ടു. ഇത് പുതിയ കാഴ്ചകള്‍ കാണുന്നതിനുള്ള അവസരം ഒരുക്കുന്നു. ഞാന്‍ ആഗ്രഹിക്കുകയാണ്, ഈ ഒഴിവുകാലത്ത് എപ്പോഴെങ്കിലും വിനോദയാത്രയ്ക്ക് നിങ്ങള്‍ പോകുകയാണെങ്കില്‍ ശുചിത്വത്തിനായി താങ്കള്‍ക്ക് എന്തെങ്കിലും സംഭാവന നല്കാന്‍ കഴിയുമോ? ശുചിത്വം ഓര്‍മ്മിപ്പിക്കട്ടെ... ഈ ദിവസങ്ങളില്‍ ശുചിത്വത്തെപ്പറ്റി ഒരുകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചെറിയ അളവിലാണെങ്കിലും അതിനെക്കുറിച്ച് പര്യാലോചിക്കേണ്ടതുണ്ട്. അതിനുള്ള സന്ദര്‍ഭവും ഒത്തുവന്നിരിക്കുന്നു. എന്നാലും ഞാന്‍ പറയുകയാണ് ഇക്കാര്യത്തില്‍ ഒരു അവബോധം ജനങ്ങള്‍ക്കിടയില്‍ വന്നിട്ടുണ്ട്. വിനോദസഞ്ചാരയിടങ്ങളില്‍ ആളുകള്‍ ശുചിത്വം നിലനിര്‍ത്തുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ടൂറിസ്റ്റുകളും അതില്‍ പങ്കാളികളാവുന്നു. മാത്രമല്ല, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രദേശവാസികളും എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. വളരെ ശാസ്ത്രീയമായ രീതിയില്‍ ആയിരിക്കണമെന്നില്ല. പക്ഷേ, നടക്കുന്നുണ്ട്. താങ്കളും ഒരു ടൂറിസ്റ്റ് എന്ന നിലയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ശുചിത്വത്തിന് ഊന്നല്‍ കൊടുക്കുമോ? എനിക്ക് വിശ്വാസമുണ്ട്. എന്റെ യുവസുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ എന്നെ തീര്‍ച്ചയായും സഹായിക്കുമെന്ന്. ഒരുകാര്യം ശരിയാണ്. എന്തെന്നാല്‍, വിനോദസഞ്ചാരം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന മേഖലയാണ്. സഞ്ചാരികള്‍ വിനോദകേന്ദ്രങ്ങളില്‍ പോകുമ്പോള്‍ പാവപ്പെട്ടവര്‍പോലും അതില്‍നിന്നും സമ്പാദ്യമുണ്ടാക്കുന്നു. പാവപ്പെട്ട സഞ്ചാരികള്‍ പോകുകയാണെങ്കിലും എന്തെങ്കിലുമൊക്കെ വാങ്ങാതിരിക്കുമോ? പണക്കാരാണെങ്കില്‍ ധാരാളം കാശ് ചെലവഴിക്കും. അങ്ങനെ വിനോദസഞ്ചാരംവഴി ധാരാളം തൊഴിലവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. ലോകത്തിനെ അപേക്ഷിച്ച് ഭാരതം ടൂറിസത്തിന് വളരെ പുറകിലാണ്. എന്നാല്‍ നമ്മള്‍, 125 കോടി ദേശവാസികളായ നമ്മള്‍, ഇങ്ങനെ തീരുമാനിക്കണം. നമ്മുടെ ടൂറിസത്തിന് ഊന്നല്‍കൊടുക്കുകയാണെങ്കില്‍ നമുക്ക് ലോകത്തിനെ ആകര്‍ഷിക്കാന്‍ കഴിയും. ലോക ടൂറിസത്തിന്റെ വളരെ വലിയ ഒരു ഭാഗത്തിനെ നമ്മളിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയും. മാത്രമല്ല, നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ക്ക് അതുവഴി തൊഴിലവസരങ്ങള്‍ നേടിക്കൊടുക്കാനും കഴിയും. സര്‍ക്കാരാകട്ടെ, സ്ഥാപനങ്ങളാകട്ടെ, സമൂഹമാകട്ടെ, പൗരന്മാരാകട്ടെ നമ്മളെല്ലാപേരും ഒരുമിച്ചുനിന്ന് നിറവേറ്റേണ്ട കാര്യമാണ്. വരൂ, ഈ കര്‍മ്മമാര്‍ഗത്തില്‍ അണിനിരക്കാം. എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ, അവധികള്‍ അങ്ങിനെ വെറുതേ വന്നു പോകുന്നു. എനിയ്ക്ക് ഇക്കാര്യം ഒട്ടും ഇഷ്ടമാകുന്നില്ല. നിങ്ങളും ഇത്തരത്തില്‍ ആലോചിക്കുവിന്‍. നിങ്ങളുടെ അവധികള്‍ ജീവിതത്തിലെ വിലയേറിയ വര്‍ഷത്തെ മഹത്തായ വേളകള്‍ ഇങ്ങിനെ വെറുതെ കളയാന്‍ നിങ്ങള്‍ അനുവദിക്കണമോ? ഞാന്‍ നിങ്ങള്‍ക്ക് ചിന്തിക്കാനായി ഒരു കാര്യം അവതരിപ്പിക്കുന്നു. എന്താ നിങ്ങള്‍ക്ക് അവധിക്കാലത്ത് എന്തെങ്കിലും ഒരു കല, തന്റെ വ്യക്തിത്വത്തില്‍ പുതിയ എന്തെങ്കിലും ഒരു കാര്യം ചേര്‍ക്കുന്നതിനുള്ള ദൃഢനിശ്ചയം ഇവ എടുക്കാന്‍ കഴിയില്ലേ? നിങ്ങള്‍ക്ക് നീന്താന്‍ അറിയില്ലായെങ്കില്‍ അവധിക്കാലത്ത് ഞാന്‍ നീന്തല്‍ പഠിക്കുമെന്ന് തീരുമാനമെടുക്കാം. സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെങ്കില്‍ അവധിക്കാലത്ത് സൈക്കിള്‍ പഠിക്കാന്‍ തീരുമാനിക്കാം. ഇന്ന് ഞാന്‍ രണ്ടു വിരല്‍ കൊണ്ടാണ് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നത്. എന്താ ഞാന്‍ ടൈപ്പിംഗ് പഠിക്കട്ടെ? നമ്മുടെ വ്യക്തിത്വവികസനത്തിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ഇവയെല്ലാം പഠിച്ചുകൂടാ? എന്തുകൊണ്ട് നമ്മുടെ കുറച്ച് കുറവുകള്‍ ദുരീകരിക്കുന്നില്ല?എന്തുകൊണ്ട് നമുക്ക് നമ്മുടെ ശക്തിയെ വിശ്വസിച്ചുകൂടാ? ഇതും ചിന്തിക്കേണ്ടിയിരിക്കുന്നു, ഇതിന് വളരെ മെച്ചപ്പെട്ട ക്ലാസ്സുകള്‍ വേണം, ഏതെങ്കിലും പരിശീലകന്‍ വേണം, വളരെ വലിയ ഫീസും വേണം, വലിയ ബജറ്റ് വേണം, എന്നാല്‍ അങ്ങിനെയല്ല, നിങ്ങള്‍ നിങ്ങളുടെ ചുറ്റുവട്ടത്തുനിന്നുതന്നെ ഇതെല്ലാം നേടാന്‍ ശ്രമിക്കണം. വെയ്സ്റ്റില്‍ നിന്ന് ബെസ്റ്റ് ഞാന്‍ വെയ്സ്റ്റില്‍ നിന്ന് ബെസ്റ്റ് ഉണ്ടാക്കുമെന്ന് തീരുമാനിക്കണം. എന്തെങ്കിലുമൊന്ന് കണ്ടാല്‍ അതില്‍നിന്ന് എന്തെങ്കിലും നിര്‍മ്മിക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ക്ക് സന്തോഷം വരും. നോക്കൂ, വൈകുന്നേരം ആകുമ്പോഴേക്കും നിങ്ങള്‍ ഈ പാഴ്‌വസ്തുക്കളില്‍നിന്ന് എന്താണ് ഉണ്ടക്കിയിരിക്കുന്നതെന്ന്? നിങ്ങള്‍ക്ക് പെയിന്റിംഗില്‍ താല്പര്യമുണ്ട്. പക്ഷേ, അറിയില്ല. എന്നാല്‍ ശ്രമിച്ചു നോക്കൂ. ശരിയായി വരും. നിങ്ങള്‍ നിങ്ങളുടെ അവധി സമയങ്ങള്‍ വ്യക്തിത്വവികസനത്തിനുവേണ്ടി, ഒരു പുതിയ വിദ്യയ്ക്കുവേണ്ടി, നൈപുണിയ്ക്കുവേണ്ടി തീര്‍ച്ചയായും ചിലവഴിക്കണം. അങ്ങിനെയുള്ള എണ്ണമറ്റ മേഖലകളുമുണ്ട്.ഞാന്‍ പറയുന്ന മേഖലകള്‍തന്നെ ആയിരിക്കണമെന്നില്ല. ഇതില്‍നിന്ന് മറ്റുള്ളവര്‍ താങ്കളുടെ വ്യക്തിത്വം തിരിച്ചറിയുകയും അതുവഴി നിങ്ങളുടെ ആത്മവിശ്വസം വളരെ വര്‍ദ്ധിക്കുകയും ചെയ്യും. ഒരുതവണ നോക്കൂ. നിങ്ങള്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളില്‍ മടങ്ങിപ്പോകുമ്പോള്‍, കോളേജില്‍ മടങ്ങിപ്പോകുമ്പോള്‍ കൂട്ടുകാരോട് പറയണം സുഹൃത്തേ, ഞാന്‍ അവധിക്കാലത്ത് ഇതെല്ലാം പഠിച്ചുവെന്ന്. അപ്പോള്‍ അയാള്‍ ഒന്നും പഠിച്ചിട്ടില്ലായെങ്കില്‍ തന്റെ ദിവസങ്ങള്‍ വെറുതെ പാഴാക്കിക്കളഞ്ഞുവല്ലോയെന്നും നിങ്ങള്‍ എന്തായാലും സമര്‍ത്ഥനാണ്. എന്തെങ്കിലും പഠിച്ചിട്ടുവന്നുവല്ലോയെന്ന് കൂട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയാകും. എനിയ്ക്ക് വിശ്വാസമുണ്ട്. തീര്‍ച്ചയായും നിങ്ങള്‍ ഇത് ചെയ്യുമെന്ന്. എന്നോട് പറയുവിന്‍ നിങ്ങള്‍ എന്താണ് പഠിച്ചത്. പറയുമല്ലോ അല്ലേ? ഇത്തവണത്തെ 'മന്‍ കി ബാതി'ല്‍ ാ്യഴീ്-ല്‍ ഒത്തിരി നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ''എന്റെ പേര് അഭി ചതുര്‍വ്വേദി എന്നാണ്. നമസ്‌തേ പ്രധാനമന്ത്രിജി. താങ്കള്‍ കഴിഞ്ഞ വേനല്‍ അവധിക്കാലത്ത് പറഞ്ഞിരുന്നു, ഉഷ്ണകാലം പക്ഷികള്‍ക്കും ബാധകമാണ്. അതിനാല്‍ നമ്മള്‍ ഒരു പാത്രത്തില്‍ വെള്ളം പക്ഷികള്‍ക്ക് കുടിക്കാനായി ബാല്‍ക്കണിയിലോ, വീടിന്റെ മുകളിലോ വയ്ക്കാന്‍ ശ്രമിക്കണമെന്ന്. ഞാന്‍ അപ്രകാരം ചെയ്തു. എനിയ്ക്ക് വളരെ സന്തോഷം തോന്നി. ഈ പ്രവൃത്തിയിലൂടെ എനിയ്ക്ക് വളരെയധികം കിളികളുമായി കൂട്ടുകൂടാനായി. ഞാന്‍ താങ്കളോട് അപേക്ഷിക്കുകയാണ് താങ്കള്‍ ഈ കാര്യം വീണ്ടും 'മന്‍ കി ബാതി'ലൂടെ പറയണമെന്ന്.'' എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ അഭി ചതുര്‍വ്വേദിയോടെ കടപ്പെട്ടിരിക്കുന്നു. ഈ ബാലന്‍ ഞാന്‍ മറന്നുപോയ ഒരു കാര്യം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. ഞാന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്ന് മനസ്സില്‍ വിചാരിച്ചിരുന്നതല്ല. എന്നാല്‍, കഴിഞ്ഞ തവണ മണ്‍പാത്രങ്ങളില്‍ വീടിനു വെളിയില്‍ പക്ഷികള്‍ക്കായി വെള്ളം വയ്ക്കുന്ന കാര്യം പറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ അഭി ചതുര്‍വ്വേദി എന്ന ബാലനോട് നന്ദി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അവന്‍ ഫോണ്‍ ചെയ്ത് ഒരു നല്ല കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ തവണ എനിയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. ഞാന്‍ പറഞ്ഞിരുന്നു വേനല്‍ക്കാലത്ത് പക്ഷികള്‍ക്കുവേണ്ടി തന്റെ വീടിനു വെളിയില്‍ വെള്ളം വയ്ക്കാന്‍. അഭി പറഞ്ഞു അവന്‍ വര്‍ഷം മുഴുവന്‍ ഈ കാര്യം ചെയ്തുവെന്ന്. മാത്രമല്ല അവനോട് ഒത്തിരി കിളികള്‍ കൂട്ടാവുകയും ചെയ്തു. ഇന്ത്യയിലെ മഹാകവയിത്രി മഹാദേവി വര്‍മ്മ പക്ഷികളെ വളരെയധികം സ്‌നേഹിച്ചിരുന്നു. അവര്‍ തന്റെ കവിതയില്‍ ഇങ്ങിനെ എഴുതി; ''നിന്നെ ദൂരെ പോകാന്‍ അനുവദിക്കില്ല ധാന്യങ്ങള്‍കൊണ്ട് മുറ്റം നിറച്ചിടാം. മണ്‍തൊട്ടിയില്‍ നിറച്ചിടാം അതിമധുരമാം തണുത്തവെള്ളം'' മഹാദേവിജിയുടെ ഈ ആശയത്തെ നമുക്കും സ്വീകരിക്കാം. ഞാന്‍ അഭിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഒപ്പം ഈ മഹത്തരമായ കാര്യം എന്നെ ഓര്‍മ്മിപ്പിച്ചതിന് നന്ദിയും അറിയിക്കുന്നു. മൈസൂരില്‍നിന്നും ശില്പാകൂകേ വളരെ വികാരപരമായ ഒരു കാര്യമാണ് നമ്മുടെ എല്ലാവരുടെയും മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. അവര്‍ പറയുകയാണ്, വീടിന്റെ അടുക്കല്‍ പാല്‍ക്കാരന്‍ വരാറുണ്ട്, പത്രക്കാരന്‍ വരാറുണ്ട്, പോസ്റ്റ്മാന്‍ വരാറുണ്ട്, ചെലപ്പോഴൊക്കെ പാത്രം വില്‍ക്കുന്നവരും, തുണി വില്‍ക്കുന്നവരും കടന്നുപോകാറുമുണ്ട്. എന്നാല്‍, നമ്മള്‍ എപ്പോഴെങ്കിലും വേനല്‍ക്കാലത്ത് ഇവരോട് വെള്ളം വേണമോ കുടിക്കാനെന്ന് ചോദിച്ചിട്ടുണ്ടോ? എന്താ എപ്പോഴെങ്കിലും അവര്‍ക്ക് വെള്ളം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടോ? ശില്പ, ഞാന്‍ നിങ്ങളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, നിങ്ങള്‍ വളരെ വികാരപരമായ ഈ വിഷയത്തെ അതിസാധാരണമായി തന്മയത്ത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഈ കാര്യം വളരെ ശരിയാണ്. കാര്യം നിസ്സാരമാണ്. നമ്മുടെ വീട്ടിനടുത്ത് പോസ്റ്റുമാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് കുടിക്കാന്‍ വെള്ളം കൊടുത്താല്‍ അദ്ദേഹത്തിന് എന്തു സന്തോഷമാകും. ഭാരതത്തില്‍ എന്തായാലും ഈ പതിവ് ഉണ്ടെന്നിരിക്കട്ടെ, എന്നാലും ശില്പാ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ നിരീക്ഷിച്ചിരിക്കുന്നു. കര്‍ഷക ബന്ധുക്കളേ... എന്റെ പ്രിയപ്പെട്ട കര്‍ഷക സഹോദരീ സഹോദരന്മാരേ, ഡിജിറ്റല്‍ ഇന്ത്യ.... ഡിജിറ്റല്‍ ഇന്ത്യ.... എന്നൊക്കെ നിങ്ങള്‍ ഒരുപാട് കേട്ടുകാണുമല്ലോ? ചില ആളുകളുടെ വിചാരം ഡിജിറ്റല്‍ ഇന്ത്യ എന്നത് നഗരത്തിലെ യുവാക്കളുടെ ലോകമാണ് എന്നാണ്. എന്നാല്‍ അത് അങ്ങിനെയല്ല. എന്തെന്നാല്‍, നിങ്ങളുടെ സേവനത്തിനായി കിസാന്‍ സുവിധാ ആപ്പ് ഇപ്പോള്‍ ലഭ്യമാണ്. ഈ കിസാന്‍ സുവിധാ ആപ്പ് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ ഇതിലൂടെ നിങ്ങള്‍ക്ക് കൃഷിസംബന്ധമായ, കാലാവസ്ഥ സംബന്ധമായ വളരെയധികം കാര്യങ്ങള്‍ തന്റെ കൈയ്ക്കുള്ളില്‍തന്നെ കിട്ടും. കമ്പോളനിലവാരമെങ്ങിനെ? കമ്പോളത്തിന്റെ സ്ഥിതിയെങ്ങിനെ?ഇപ്പോള്‍ നല്ല വിളവുകളുടെ ഗതിയെങ്ങിനെയാണ്? ഏതെല്ലാം വളങ്ങളാണ് അനുയോജ്യം? അങ്ങിനെ അനേകം വിഷയങ്ങള്‍ അതിലുണ്ട്.മാത്രമല്ല, നിങ്ങള്‍ക്ക് കൃഷിശാസ്ത്രജ്ഞന്മാരുമായി, വിദഗ്ദ്ധരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ ഒരു ബട്ടണ്‍ ഇതിലുണ്ട്. നിങ്ങള്‍ നിങ്ങളുടെ ഏതെങ്കിലും ഒരു ചോദ്യം അവരുടെ മുന്നില്‍ വയ്ക്കുകയാണെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് മറുപടി തരുന്നു, മനസ്സിലാക്കിത്തരുന്നു. എന്റെ കര്‍ഷക സഹോദരീ സഹോദരന്മാരേ, കിസാന്‍ സുവിധാ ആപ്പിനെ എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ശ്രമിച്ചു നോക്കൂ, അതില്‍നിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടുമോയെന്ന്. എന്നിട്ടും എന്തെങ്കിലും കുറവുകള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് പരാതിപ്പെടാം. എന്റെ കര്‍ഷക സഹോദരീ സഹോദരന്മാരേ, മറ്റുള്ളവര്‍ക്ക് വേനല്‍ക്കാലം അവധിക്കുള്ള അവസരമാണ്. എന്നാല്‍, കര്‍ഷകര്‍ക്കാണെങ്കില്‍ പിന്നെയും വിയര്‍പ്പൊഴുക്കേണ്ട അവസരമാണിത്. അവര്‍ മഴയെ പ്രതീക്ഷിച്ചിരിക്കുന്നു. എന്നാല്‍ അതിനു മുന്‍പുതന്നെ തന്റെ നിലം ഒരുക്കുന്നതിനുവേണ്ടി മഴയുടെ ഒരു തുള്ളിപോലും പാഴാകാതിരിക്കുന്നതിനായി അഹോരാത്രം പണിയെടുക്കുന്നു. കര്‍ഷകന് കൃഷിപ്പണി തുടങ്ങുന്നകാലം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ നമ്മള്‍ ദേശവാസികള്‍ ആലോചിക്കേണ്ടതാണ്, വെള്ളമില്ലാതെ എന്തു നടക്കും. എന്താ, ഈ സമയം നമ്മള്‍ നമ്മുടെ കുളം, നമ്മുടെ അടുത്തുള്ള ജലസ്രോതസ്സുകള്‍ വെള്ളം ഒഴുകി വരുന്ന വഴികള്‍ ഇവയെല്ലാം ചപ്പുംചവറുംകൊണ്ട് മൂടപ്പെട്ടുകിടക്കുകയല്ലേ? ഇങ്ങനെയാകുമ്പോള്‍ വെള്ളത്തിന്റെ വരവു കുറയുന്നു. അതുകാരണം ജലസംഭരണം ക്രമേണ കുറഞ്ഞു വരുന്നു. എന്താ, നമുക്ക്ആ പഴയ ജലസ്രോതസ്സുകളെ വൃത്തിയാക്കി പുനര്‍ നിര്‍മ്മിച്ച് കൂടുതല്‍ വെള്ളം സംഭരിക്കുന്നതിനായി തയ്യാറാക്കുവാന്‍ കഴിയുമോ? എത്രമാത്രം ജലം സംരക്ഷിക്കപ്പെടും? ആദ്യ മഴയില്‍ത്തന്നെ വെള്ളം സംഭരിക്കുകയും കുളങ്ങള്‍ നിറയുകയും നമ്മുടെ നദികളും തോടുകളും നിറയുകയുമാണെങ്കില്‍ പിന്നീട് മഴയില്‍ കുറവുവന്നാല്‍ക്കൂടി നമ്മുടെ നഷ്ടം കുറവായിരിക്കും. ഇത്തവണ നിങ്ങള്‍ കണ്ടു കാണും, 5 ലക്ഷം കുളങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കായി മാറ്റാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. ജലസംഭരണത്തിനായി വലിയ ഊന്നല്‍ നല്കിയിട്ടുണ്ട്. ഓരോ ഗ്രാമവും ജലം സംരക്ഷിക്കും. വരുന്ന മഴക്കാലങ്ങളില്‍ ഓരോ തുള്ളിവെള്ളവും എങ്ങിനെ സംരക്ഷിക്കാം എന്ന് ആലോചിക്കണം. ഗ്രാമത്തിലെ വെള്ളം ഗ്രാമത്തില്‍തന്നെ സംരക്ഷിക്കാം. ഈ പദ്ധതി എങ്ങിനെ നടപ്പാക്കും? നിങ്ങള്‍ ആസൂത്രണം ചെയ്യുവിന്‍. സര്‍ക്കാരിന്റെ പദ്ധതികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവിന്‍. അങ്ങിനെ ഇതൊരു ജനപങ്കാളിത്ത പരിപാടിയായി മാറ്റുവിന്‍. ഇതിലൂടെ ജലത്തിന്റെ മാഹാത്മ്യം എല്ലാവരും മനസ്സിലാക്കട്ടെ. ജലസംഭരണത്തിനായി എല്ലാവരും ഒരുമിക്കട്ടെ. ഈ കാര്യം നിര്‍വ്വഹിക്കുന്ന ഏതെങ്കിലും ഒരു ഗ്രാമം, പുരോഗമന ചിന്താഗതിക്കാരായ കര്‍ഷകര്‍, ഏതെങ്കിലും ജാഗരൂകരായിട്ടുള്ള പൗരന്മാര്‍ ആരെങ്കിലും നമ്മുടെ രാജ്യത്ത് കാണും. എന്നിരുന്നാലും ഈ മേഖലയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്. എന്റെ കര്‍ഷക സഹോദരീ സഹോദരന്മാരേ, ഞാന്‍ ഇന്ന് ആവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. കാരണം കഴിഞ്ഞ നാളുകളില്‍ ഭാരത സര്‍ക്കാര്‍ ഒരു വലിയ കാര്‍ഷികമേള സംഘടിപ്പിച്ചിരുന്നു. അതില്‍ എന്തെല്ലാം ആധുനിക സാങ്കേതികവിദ്യകളാണ് വന്നിരിക്കുന്നതെന്ന് ഞാന്‍ കണ്ടു. കാര്‍ഷികമേഖലയില്‍ എന്തെല്ലാം മാറ്റം വന്നിരിക്കുന്നു? എന്നാല്‍ അവയെ കൃഷിയിടങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. ഇപ്പോള്‍ രാസവളങ്ങള്‍ കുറയ്ക്കണമെന്ന് കൃഷിക്കാരനും പറയാന്‍ തുടങ്ങിയിരിക്കുന്നു. സുഹൃത്തേ ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. രാസവള ദുരുപയോഗം നമ്മുടെ ഭൂമാതാവിനെ രോഗിയാക്കുകയാണ്. ഭൂമാതാവിന്റെ സന്താനങ്ങളാണ് നമ്മള്‍. മാതാവിനെ രോഗിയാക്കുന്നത് എങ്ങിനെ നോക്കി നില്‍ക്കാന്‍ കഴിയും? നല്ല മസാലകള്‍ ഇടുകയാണെങ്കില്‍ ഭക്ഷണം രുചിയുള്ളതായിരിക്കും. എന്നാല്‍ മസാലകള്‍ ആവശ്യത്തില്‍ കൂടുതല്‍ ഇടുകയാണെങ്കില്‍ ആഹാരം കഴിയ്ക്കാന്‍ കഴിയുമോ? ആ ആഹാരം മോശപ്പെട്ടതായി മാറില്ലേ? രാസവളത്തിന്റെ കാര്യവും അതുപോലെയാണ്. എത്രതന്നെ ഉത്തമമായ രാസവളമായാലും അളവില്‍കൂടുതല്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് നാശത്തിന് കാരണമാകും. ഏത് കാര്യവും സന്തുലിതമായിരിക്കണം. അതുകൊണ്ട് ചിലവും കുറയും.പണവും ലാഭിക്കാം. കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ലാഭം എന്നാകണം നമ്മുടെ ലക്ഷ്യം. അതനുസരിച്ച് നമ്മള്‍ മുന്നേറേണ്ടതുണ്ട്. ശാസ്ത്രീയരീതികളിലൂടെ നമ്മള്‍ നമ്മുടെ കൃഷിയെ മുന്നോട്ട് കൊണ്ടുപോകണം. മഴ വരുന്നതിലേയ്ക്കായി ഒന്നു രണ്ടു മാസങ്ങളുണ്ട്. ജലസംഭരണത്തിന് എന്തെല്ലാം ആവശ്യമായ കാര്യങ്ങളാണ് ചെയ്യേണ്ടിവരുന്നത് അതെല്ലാം വളരെ താത്പര്യത്തോടെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എത്രമാത്രം ജലം സംരക്ഷിക്കപ്പെടുന്നുവോ കൃഷിക്കാര്‍ക്ക് അത്രയും ലാഭം ഉണ്ടാകും. ജീവിതം അത്രത്തോളം രക്ഷപ്പെടും. ആരോഗ്യ ദിനം വരുന്നു... എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏപ്രില്‍ 7 ലോക ആരോഗ്യദിനമാണ്. പ്രമേഹനിര്‍മ്മാര്‍ജ്ജനം എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമാണ് ഈ വര്‍ഷത്തെ ലോക ആരോഗ്യദിനം. പ്രമേഹത്തെ പരാജയപ്പെടുത്തൂ... പ്രമേഹമാണ് എല്ലാ രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നത്. പ്രമേഹം എല്ലാ രോഗങ്ങളേയും ക്ഷണിച്ചുവരുത്താന്‍ ഒരുങ്ങിയിരിക്കുന്ന ആതിഥേയനാണ്. ഒരു പ്രാവശ്യം പ്രമേഹം പിടിപെട്ടാല്‍ അതിനു പിന്നാലെ ഒട്ടനവധി അസുഖങ്ങള്‍ അലോസരപ്പെടുത്തുന്ന അതിഥികളെപ്പോലെ തന്റെ വീട്ടിലേയ്ക്ക് അതായത് ശരീരത്തിലേയ്ക്ക് ഇടിച്ചുകയറും. 2014-ല്‍ ഏകദേശം ആറരക്കോടി പ്രമേഹരോഗികള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൂന്നു ശതമാനം ആളുകള്‍ക്ക് പ്രമേഹമാണ് മരണകാരണം എന്നു പറയപ്പെടുന്നു. പ്രമേഹം രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. പാരമ്പര്യത്താല്‍ ഉണ്ടാകുന്നതാണ് ആദ്യത്തേത്. മാതാപിതാക്കളില്‍നിന്നും അടുത്ത തലമുറയിലേയ്ക്ക് പകരുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍ സ്വഭാവവിശേഷം, പ്രായം, അമിതവണ്ണം എന്നിവ പ്രമേഹത്തിന് കാരണങ്ങളായി വരുന്നു. നമ്മള്‍ അതിനെ ക്ഷണിച്ചുവരുത്തുകയാണ്. ഇന്ന് ലോകം പ്രമേഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നു. അതുകൊണ്ടാണ് പ്രമേഹം 2016 ഏപ്രില്‍ 7 ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയമായി മാറുന്നത്. നമ്മുടെ ജീവിതചര്യകളാണ് ഇതിനുള്ള കാരണങ്ങളില്‍ മുഖ്യം. ശാരീരികാദ്ധ്വാനം ഇന്ന് കുറഞ്ഞുവരികയാണ്. ശരീരം വിയര്‍ക്കുന്നതുപോകട്ടെ, നല്ലതുപോലെ അനങ്ങുന്നതുപോലുമില്ല. കളിയ്ക്കുകയാണെങ്കില്‍ അതും ഓണ്‍ലൈന്‍ കളികള്‍. ഓഫ്‌ലൈനായി ഇന്ന് ഒന്നും നടക്കുന്നില്ല. 7-ാം തീയതിയുടെ പ്രേരണയാല്‍ സ്വന്തം ജീവിതത്തില്‍നിന്ന് പ്രമേഹത്തെ തുരത്തിയോടിക്കുവാന്‍ എന്താ നമുക്ക് കഴിയുകയില്ലേ? യോഗയില്‍ താല്പര്യമുണ്ടെങ്കില്‍ യോഗ ചെയ്യൂ. അല്ലെങ്കില്‍, നടക്കാനോ ഓടാനോ എങ്കിലും ശ്രമിക്കൂ. രാജ്യത്തെ ഓരോ പൗരനും ആരോഗ്യവാനെങ്കില്‍ എന്റെ ഭാരതവും ആരോഗ്യമുള്ളതാവും. ചിലപ്പോഴൊക്കെ സങ്കോചം കാരണം മെഡിക്കല്‍ ചെക്ക്-അപ്പ് നമ്മള്‍ വേണ്ടെന്ന് വെയ്ക്കും.പിന്നീട് ഗുരുതരാവസ്ഥയിലാണ് നാം മനസ്സിലാക്കുന്നത് ഹോ, എനിയ്ക്ക് പണ്ടേ പ്രമേഹം ഉണ്ടായിരുന്നുവെന്ന്. ഒന്നു പരിശോധിച്ചിരുന്നെങ്കില്‍ എന്ത് നഷ്ടപ്പെടാനാണ്? അതെങ്കിലും ഒന്നു ചെയ്യൂ. ഇന്ന് അതിനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. വളരെ വേഗം സാധ്യവുമാണ്. താങ്കള്‍ തീര്‍ച്ചയായും അതിനെപ്പറ്റി ചിന്തിക്കേണ്ടതാണ്. മാര്‍ച്ച് 24ന് ലോകം ടി.ബി. ദിനം ആഘോഷിച്ചു. എന്റെ കുട്ടിക്കാലത്ത് ടി.ബി. എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഭയമായിരുന്നു. മരണം ഉറപ്പായി എന്നു തോന്നിച്ചിരുന്നു. എന്നാല്‍, ഇന്ന് ടി.ബി.യെ ആരും ഭയപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍, എല്ലാവര്‍ക്കും അറിയാം ടി.ബി.വളരെവേഗം ചികിത്സിച്ച് സുഖപ്പെടുത്താനാവുമെന്ന്. പക്ഷേ, ടി.ബി. മരണത്തോട് ചേര്‍ന്നുനിന്നിരുന്നപ്പോള്‍ നമ്മള്‍ ഭയന്നിരുന്നു. ഇന്നതിനെ ലാഘവത്തോടെ കാണുന്നു. എന്നാല്‍ ലോകവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ ടി.ബി. രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ടി.ബി.യില്‍ നിന്ന് മുക്തി നേടണമെങ്കില്‍ ശരിയായ ചികിത്സ നല്‍കണം. രോഗമുക്തമാകുന്നതുവരെ പൂര്‍ണമായും ചികിത്സിക്കുകയും വേണം. ഇടയ്ക്കുവെച്ച് മുടക്കം വരുകയാണെങ്കില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ്. ശരിയായ ചികിത്സ പൂര്‍ണമായും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. അതെ, ഇന്ന് അയല്‍ക്കാര്‍ക്കുവരെ നിര്‍ണയിക്കാവുന്ന രോഗമായി മാറിയിരിക്കുകയാണ് ടി.ബി. അവര്‍ പറയും ഒന്നു പരിശോധിച്ചു നോക്കൂ, ടി.ബി.യായിരിക്കും ഇത് എന്ന്. വല്ലാതെ ചുമയ്ക്കുന്നു, പനിക്കുന്നുണ്ടല്ലോ, തൂക്കം കുറഞ്ഞു..... അപ്പോള്‍ അയല്‍പ്പക്കക്കാര്‍വരെ ശങ്കിക്കുന്നു അയാള്‍ക്ക് ടി.ബി. പിടിപെട്ടതല്ലേയെന്ന്. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് വളരെ പെട്ടെന്ന് പരിശോധനയില്‍ അറിയാവുന്ന രോഗമാണ് ടി.ബി.യെന്ന്. എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇതിലേയ്ക്കായി ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 13,500 ലധികം മൈക്രോസ്‌കോപ്പി സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാണ്. 4 ലക്ഷത്തിലധികം ഉഛഠപ്രൊവൈഡറുകള്‍ ഉണ്ട്. ധാരാളം അത്യാധുനിക ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സേവനവും സൗജന്യമാണ്. താങ്കള്‍ ഒരുതവണയെങ്കിലും പരിശോധിച്ച് നോക്കേണ്ടതാണ്. ഈ രോഗം സുഖപ്പെടുത്താവുന്നതേയുള്ളൂ. ഇത്രയേ വേണ്ടു. നല്ല പരിചരണവും രോഗമുക്തമാകുന്നതുവരെയുള്ള ചികിത്സയും. എനിയ്ക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു. ടി.ബി.യായാലും പ്രമേഹമായാലും നമുക്ക് അവയെ ദൂരീകരിക്കേണ്ടതുണ്ട്. ഈ രോഗങ്ങളില്‍നിന്നും ഇന്ത്യയെ മോചിപ്പിക്കേണ്ടതാണ്. പക്ഷേ, ഈ സര്‍ക്കാരോ, ഡോക്ടര്‍മാരോ, മരുന്നുകളോ വിചാരിച്ചതുകൊണ്ടുമാത്രം ഒന്നും ചെയ്യാനാവില്ല. നിങ്ങള്‍തന്നെ വിചാരിക്കണം. അതുകൊണ്ട് ഞാന്‍ എന്റെ ജനങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നു, പ്രമേഹത്തെ തോല്പിക്കൂ..... ടി.ബി.യില്‍നിന്ന് മുക്തി നേടൂ.... അംബേദ്ക്കര്‍ ജയന്തി ആഘോഷിക്കാം... എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏപ്രില്‍മാസത്തില്‍ ശ്രേഷ്ഠമായ അവസരങ്ങള്‍ വരികയാണ്. വിശേഷിച്ച് ഏപ്രില്‍ 14 അന്നാണ് ഭീം റാവു ബാബാ സാഹിബ് അംബേദ്ക്കറുടെ ജന്മദിനം. അദ്ദേഹത്തിന്റെ 125-ാമത് ജയന്തി, ഒരു വര്‍ഷം മുഴുവനും ഭാരതം ആഘോഷിക്കുകയുണ്ടായി. പഞ്ചതീര്‍ത്ഥങ്ങളില്‍ ഒന്നായ മൗ അദ്ദേഹത്തിന്റെ ജന്മസ്ഥലമാണ്. ലണ്ടനില്‍ വിദ്യാഭ്യാസം നേടി, നാഗ്പൂരില്‍ നിന്ന് ഡിഗ്രി എടുത്തു. ഡല്‍ഹിയിലെ 26, അലിപ്പൂര്‍ റോഡില്‍ അദ്ദേഹം നിര്യാതനായി. മുംബൈയില്‍ അദ്ദേഹത്തിന്റെ അന്തിമസംസ്‌ക്കാരം നടന്ന സ്ഥലം ചൈത്യഭൂമി എന്നറിയപ്പെടുന്നു. ഈ പഞ്ചതീര്‍ത്ഥങ്ങളുടെയും വികസനത്തിനായി നിരന്തരം ഞങ്ങള്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 14-ന് എനിയ്ക്ക് ബാബാസാഹിബ് അംബേദ്ക്കറുടെ ജന്മസ്ഥലമായ മൗ സന്ദര്‍ശിക്കുവാനുള്ള സൗഭാഗ്യം ലഭിക്കുകയാണ്. ഒരു ഉത്തമപൗരനാകാന്‍വേണ്ടി ഒരുപാട് സംഭാവനകള്‍ ബാബാ സാഹിബ് നല്‍കിയിട്ടുണ്ട്. അതേ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് ഒരു നല്ല പൗരനാകുക എന്നത് നമുക്ക് അദ്ദേഹത്തിന് സമര്‍പ്പിക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ്. കുറച്ചു ദിവസങ്ങള്‍ക്കകം വിക്രം സംവത് തുടങ്ങുകയാണ്. പുതിയ ആരംഭമാകും. പല സ്ഥലങ്ങളിലും പല രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. ചിലര്‍ ഇതിനെ നവവത്സരമായി കാണുന്നു. ചിലര്‍ 'ഗുഡീപര്‍വ്വെ'ന്നും 'വര്‍ഷപ്രതിപ്രദ'യെന്നും, 'ഉഗാദി'യെന്നും പറയുന്നു. എന്നാല്‍, ഹിന്ദുസ്ഥാന്റെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ഇതിന് മാഹാത്മ്യം ഉണ്ട്. ഏവര്‍ക്കും എന്റെ നവവത്സരാശംസകള്‍. താങ്കള്‍ക്കറിയാവുന്നതാണല്ലോ, എന്റെ 'മന്‍ കി ബാത്' കേള്‍ക്കാനായി കഴിഞ്ഞ തവണയും ഞാന്‍ പറഞ്ഞിരുന്നത്. എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാം. ഏതാണ്ട് 20 ഓളം ഭാഷകളില്‍ കേള്‍ക്കുവാന്‍ സാധിക്കും. താങ്കള്‍ക്ക് താങ്കളുടേതായ സമയത്ത്. അവരവരുടെ മൊബൈല്‍ ഫോണില്‍ കേള്‍ക്കാം.താങ്കള്‍ക്ക് ഒരു മിസ്ഡ് കോള്‍ ചെയ്യേണ്ടിവരും.അത്രമാത്രം. ഈ സേവനം ലഭ്യമായിട്ട് കഷ്ടിച്ച് ഒരു മാസമായിട്ടേയുള്ളൂ.ഈ കുറഞ്ഞ കാലയളവില്‍ ഏതാണ്ട് 35 ലക്ഷം ജനങ്ങള്‍ ഈ സേവനം ഉപയോഗിച്ചു എന്നറിഞ്ഞതില്‍ എനിയ്ക്ക് അതിയായ സന്തോഷമുണ്ട്.81908-81908 ഞാന്‍ ആവര്‍ത്തിക്കുകയാണ് 81908-81908. താങ്കള്‍ മിസ്ഡ് കോള്‍ ചെയ്യൂ. താങ്കള്‍ക്ക് എപ്പോഴാണോ സൗകര്യമുള്ളത്, പഴയ 'മന്‍ കി ബാത്' കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എപ്പോഴാണോ അപ്പോഴെല്ലാം കേള്‍ക്കാന്‍ സാധിക്കും. താങ്കളോടൊപ്പം സഹകരിക്കുന്നതില്‍ എനിയ്ക്ക് സന്തോഷമേയുള്ളൂ. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ക്ക് അനേകം ശുഭാശംസകള്‍. ഒരുപാട് ഒരുപാട് നന്ദി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.