വരള്‍ച്ച പ്രധാന കേന്ദ്രങ്ങള്‍ പൂട്ടി ; ടൂറിസം മേഖലയും തളര്‍ച്ചയില്‍

Sunday 27 March 2016 7:56 pm IST

കല്‍പ്പറ്റ : കാലാവസ്ഥാ മാറ്റം ജില്ലയിലെ ടൂറിസം മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു. സീസണുകളില്ലാതെ എല്ലാ സമയവും വിനോദ സഞ്ചാരികളെത്തിയിരുന്ന ജില്ലയില്‍ നിലവില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് തീരെ കുറവാണ്. കടുത്ത ചൂടില്‍ ജലാശങ്ങളധികവും വറ്റിവരണ്ടതും കാട്ടുതീ സാധ്യത കണക്കിലെടുത്ത് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതുമാണ് ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറക്കുന്നത്. വയനാട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വന്നതോടെ ജില്ലയിലെ ടൂറിസം മേഖലയും തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ വനം വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സൂചിപ്പാറ വെള്ളച്ചാട്ടം, തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങള്‍, മീന്‍മുട്ടി വെള്ളച്ചാട്ടം, കുറുവാ ദ്വീപ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചിരിക്കുന്നത്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണിത്. വെള്ളം തീരെ കുറഞ്ഞതാണ് സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍ അടക്കാന്‍ കാരണം. കാട്ടുതീ പടരാനുള്ള സാധ്യതകളും കേന്ദ്രങ്ങള്‍ അടക്കാന്‍ കാരണമാണ്. ഇനി മഴ ലഭിച്ച് കാട് പച്ച പിടിച്ചതിന് ശേഷമേ കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കൂ. വിനോദ സഞ്ചാരികള്‍ കുറഞ്ഞത് ജില്ലയിലെ ഹോട്ടല്‍, ഹോംസ്‌റ്റേ, വ്യാപാരികള്‍ തുടങ്ങിയവരേയും കാര്യമായി ബാധിക്കുന്നുണ്ട്. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമായ കര്‍ലാട് തടാകത്തിലും സഞ്ചാരികള്‍ കുറവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.