ലോകത്തിന്റെ സൗന്ദര്യം

Sunday 27 March 2016 8:05 pm IST

വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ജോലിക്കുള്ള ഇന്റര്‍വ്യൂവിനു പോയ ഒരാളുടെ കഥ പറയാം. ഇന്റര്‍വ്യൂവിനുപോയെങ്കിലും ജോലി കിട്ടിയില്ല. അതില്‍ നിരാശനായ അദ്ദേഹം ഏകാന്തമായ ഒരു സ്ഥലത്തു വന്ന് താടിക്കു കൈയും കൊടുത്ത് വിദൂരതയിലേക്കു നോക്കിയിരുന്നു. ഈ സമയം ആരോ പിന്നില്‍ വന്ന് അദ്ദേഹത്തിന്റെ തോളില്‍ത്തട്ടി. തിരിഞ്ഞുനോക്കുമ്പോള്‍ നിറമുള്ള കണ്ണട ധരിച്ച ഒരു കുട്ടി. ഏകനായിരിക്കുന്ന തന്നെ ശല്യം ചെയ്തതില്‍ ദേഷ്യം തോന്നിയെങ്കിലും അതു പുറമെ പ്രകടിപ്പിക്കാതെ എന്താണ് കാര്യമെന്ന് അദ്ദേഹം കുട്ടിയോട് തിരക്കി. കുട്ടി ഒരു വാടിയ പൂവ് അദ്ദേഹത്തിന്റെ കൈയ്യില്‍ക്കൊടുത്തുകൊണ്ടു പറഞ്ഞു: 'നോക്കൂ, എത്ര ഭംഗിയുള്ള പൂവ്!' ആ വാടിയ കാട്ടുപൂവുകണ്ട് ദേഷ്യം വന്നെങ്കിലും ഉത് ഉള്ളിലടക്കിക്കൊണ്ട് അയാള്‍ പറഞ്ഞു: 'അതേ, നല്ല പൂവാണ്.' കുട്ടി വീണ്ടും പറഞ്ഞു: 'ഭംഗിമാത്രമല്ല അതിനു വാസനയുമുണ്ട് അല്ലേ?' കുട്ടിയുടെ തുടരെത്തുടരെയുള്ള സംസാരം അയാളുടെദേഷ്യം കൂട്ടിയതേയുള്ളൂ. 'ഇവനെന്താ വട്ടുണ്ടോ? വാടിയ ഈ കാട്ടുപൂവിന് എന്ത് മണമാണ്' എന്ന് ഉള്ളില്‍ ചിന്തിച്ചു കൊണ്ട്, അവനെ ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം പറഞ്ഞു: 'ശരിയാണ്. ഈ പൂവിന് ഭംഗിയും വാസനയുംമുണ്ട്.' ഇതുകേട്ട് സന്തോഷത്തോടെ കുട്ടി പറഞ്ഞു: 'ഞാന്‍ ഇതു അങ്ങേയ്ക്കു വേണ്ടി കൊണ്ടുവന്നതാണ്. ഇത് അങ്ങടുത്തുകൊള്ളുക. ഈശ്വരന്‍ അങ്ങയെ അനുഗ്രഹിക്കും. 'ഇത്രയും പറഞ്ഞ് ആ കറുത്ത കണ്ണടക്കാരന്‍ കുട്ടി പുഞ്ചിരിച്ചു. ആ ചിരി കണ്ടപ്പോള്‍ ആ യുവാവിന്റെ മനസ്സിലെ ഭാരം കുറഞ്ഞു. അയാള്‍ ആ കുട്ടിക്കു നന്ദി പറഞ്ഞിട്ട് വീണ്ടും ആകാശത്തേക്കു നോക്കുമ്പോഴാണ് തറയില്‍ എന്തോ മുട്ടുന്ന ശബ്ദം കേട്ടത്. അയാള്‍ തിരിഞ്ഞു നോക്കി. ആ കുട്ടി തന്റെ കൈയ്യിലുള്ള വടി തറയില്‍ തട്ടിത്തട്ടി നടന്നു പോകുന്നതാണ് കണ്ടത്. അപ്പോഴാണ് അയാള്‍ക്ക് മനസ്സിലായത്, ആ കുട്ടി അന്ധനാണെന്ന്. ആ നിമിഷം തന്റെ കൈയ്യിലിരുന്ന പൂവ് ലോകത്തിലെ ഏറ്റവും മനോഹരമായ പുഷ്പമായി ആ യുവാവിന് അനുഭവപ്പെട്ടു .അദ്ദേഹം ഓടിച്ചെന്ന് അവനെ പുണര്‍ന്ന്, കണ്ണീര്‍ വാര്‍ത്തുകൊണ്ട് പറഞ്ഞു: 'ഇത് സാധാരണ പൂവല്ല നിന്റെ ഹൃദയത്തില്‍ വിടര്‍ന്ന പുഷ്പമാണ്. ആ കുട്ടിയുടെ നിഷ്‌കളങ്ക ഹ!ൃദയത്തിന്റെ സൗന്ദര്യവും സുഗന്ധവുമാണ് ആ പൂവിലൂടെ അയാള്‍ നുകരുന്നത്. ഒത്തിരി ഓര്‍മ്മകള്‍ അയാളുടെ മനസിലുടെ കടന്നുപോയി. താന്‍ ജോലി കിട്ടാത്തതില്‍ ദുഃഖിച്ചിരിക്കുന്നു. ജീവന്‍ വെടിയാന്‍ പോലും ചിന്തിച്ചു. ഈ കുട്ടിയാകട്ടെ രണ്ടു കണ്ണുമില്ലെങ്കിലും എത്ര സന്തോഷവാനായിരുന്നു അതുപോലെ മറ്റുള്ളവര്‍ക്കും സന്തോഷം നല്കുന്നു. മറ്റുള്ളവരോട് ഈശ്വരന്റെ അനുഗ്രഹത്തെപ്പറ്റിപറയുന്നു. മറ്റുള്ളവരോട് ഇതുപോലൊരു ഭാവം പുലര്‍ത്താന്‍ നമുക്കു കഴിയണം. നമ്മുടെ ദുഃഖം മറ്റുള്ള പലരുടെയും ദുഃഖത്തെ അപേക്ഷിച്ച് എത്രയോ നിസ്സാരമാണ്. ഇതു മനസ്സിലാക്കി ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ മക്കള്‍ക്ക് സാധിക്കണം. സന്തോഷമായി ജീവിക്കുവാന്‍ തടസ്സമായി നില്‍ക്കുന്നത്, നമ്മളെക്കുറിച്ചു തന്നെയുള്ള ചിന്തകളാണ്. തന്നെ മറന്ന് അന്യരെ സ്‌നേഹിക്കുവാന്‍ ഇന്നു നമുക്ക് കഴിയുന്നില്ല. തനിക്ക് എല്ലാം എടുക്കണം, എല്ലാം എടുക്കണം എന്നുള്ള ഭാവമാണ് ഇന്നുള്ളത്. ഈ ഭാവം മാറാതെ ജീവിതത്തില്‍ ആനന്ദം അനുഭവിക്കാന്‍ കഴിയില്ല. കണ്ണില്ലാത്തവനെ പിന്നെയും നയിക്കാം; പ്രേമമുള്ള ഒരു ഹൃദയമുണ്ടെങ്കില്‍. എന്നാല്‍ ഹൃദയത്തിന് അന്ധത ബാധിച്ചവനെ നയിക്കാന്‍ പ്രയാസമാണ്. അഹം ഉളവാക്കുന്ന അന്ധത നമ്മെ കൂരിരുട്ടിലേക്കു തള്ളും. ഈ അജ്ഞാനം കാരണം നാം ഉയര്‍ന്നിരുന്നാലും ഉറങ്ങുന്ന അവസ്ഥയിലാണ്. ഈ അഹങ്കാരത്തെ മറികടക്കുമ്പോള്‍ നാം സ്വയം ലോകത്തിന് അര്‍പ്പണവസ്തുവായിത്തീരും. അഹങ്കാരത്തിന്റെ തിമിരം ബാധിച്ചവന് ഒരിക്കലും ലോകത്തിന്റെ സൗന്ദര്യം കാണാന്‍ സാധിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.