വേണം ഒരു സ്ത്രീ പ്രകടനപത്രിക

Sunday 27 March 2016 9:59 pm IST

  ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിട്ടും സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നത് വിരോധാഭാസമാണ്. പരിസ്ഥിതിരംഗത്തും സാമൂഹ്യരംഗത്തും സ്ത്രീകള്‍ നടത്തിയ സമരങ്ങള്‍ വിജയംകണ്ടെങ്കിലും തുടര്‍ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇതിനൊന്നും ആകുന്നില്ലെന്നതാണ് വസ്തുത. പ്ലാച്ചിമട സമരനായിക മൈലമ്മ ഈ സമൂഹത്തോട് ചോദിച്ച ചോദ്യമുണ്ട്. മഴ പെയ്ത് ഭൂമിയിലെത്തുന്ന ജലത്തിന്റെ ഉടമസ്ഥാവകാശം കൊക്കൊകോള കമ്പനിയ്‌ക്കെങ്ങനെ ലഭിക്കുമെന്നായിരുന്നു അത്. വളരെ ശക്തമായ സ്ത്രീ ഇടപെടലായിരുന്നു കൊക്കൊകോള കമ്പനിയെ പ്ലാച്ചിമടയില്‍നിന്നും തുരത്തിയോടിച്ചത്. ഭൂമി മലിനപ്പെടുത്തിയും ജനങ്ങളുടെ കൃഷിയും കുടിവെള്ളവും ഇല്ലാതാക്കിയും ഭൂഗര്‍ഭജലം മലിനപ്പെടുത്തിയും പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയാണ് മൈലമ്മ നയിച്ച സമരാഗ്നിയില്‍ ഇല്ലാതായത്. മൂന്നാറിലെ പ്ലാന്റേഷന്‍ രംഗത്ത് നടന്നുവന്നിരുന്ന വലിയ തൊഴില്‍ ചൂഷണത്തിനെതിരെ പെമ്പിളൈ ഒരുമൈ എന്ന സ്ത്രീസമൂഹം നടത്തിയ സമരത്തിന്റെ മൂര്‍ച്ചയും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിഞ്ഞതാണ്. ഒരു കൂലിക്കാരന് പ്രതിദിനം 700 രൂപയും തെങ്ങുകയറുന്നവര്‍ക്ക് ഒരുദിവസം 1200 രൂപ വരെയും ലഭിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്ക് പ്രതിദിനം ലഭിച്ചിരുന്നത് വെറും 232 രൂപ മാത്രമായിരുന്നു. സമരം ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ എങ്കിലും സ്ത്രീശക്തിയുടെ വിജയമായിരുന്നു മൂന്നാര്‍ സമരം. പ്ലാന്റേഷന്‍ തൊഴില്‍രംഗത്തെ ചൂഷണവും വ്യവസ്ഥാപിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കാപട്യവും സംസ്ഥാനം തിരിച്ചറിഞ്ഞ സമരമായിരുന്നു അത്. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ നീണ്ടുനിന്ന സമരവും വിജയിപ്പിച്ചെടുക്കുവാന്‍ അവര്‍ക്കായി; പ്രതികാര നടപടികളെല്ലാം പിന്‍വലിപ്പിക്കുവാനും. സംസ്ഥാനത്തെ ആതുരശുശ്രൂഷാരംഗത്തെ ആസൂത്രിതമായ മുതലെടുപ്പിനുമെതിരെ നടന്ന ഈ സമരം വന്‍ വിജയമായിരുന്നു. സമരം ചെയ്ത 187 പേരെയും തിരിച്ചെടുത്ത് വ്യവസ്ഥാപിതമായ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിക്കുവാനും സമരം ഇടവരുത്തി. കല്യാണ്‍ സില്‍ക്കില്‍ 2015 ല്‍ സ്ത്രീജീവനക്കാര്‍ നടത്തിയ ഐതിഹാസികമായ സമരവും വിജയം കണ്ടതാണ്. മനുഷ്യത്വരഹിതമായ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുകയും മാന്യമായ തുക ശമ്പളം ലഭിക്കുകയും ചെയ്യുന്നതിന് ഈ സ്ത്രീ സമരം ഇടയാക്കി. ഇത്രയേറെ ഉശിരുറ്റ സമരങ്ങള്‍ക്ക് സ്ത്രീകള്‍ നേതൃത്വം നല്‍കിയെങ്കിലും കേരളീയ സ്ത്രീ സമൂഹം നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകുന്നു പോലുമില്ല. സ്ത്രീ എന്ന പേരിലുള്ള അവഗണന, അവസരസമത്വമില്ലായ്മ, ലിംഗ വിവേചനം, ബലാത്സംഗം, ജോലി സ്ഥലങ്ങളിലെ പീഡനം, പുരുഷന്മാരുടെ നഗ്നതാ പ്രദര്‍ശനം, മൊബൈല്‍ ഫോണിലൂടെയുള്ള അശ്ലീല ചിത്രങ്ങള്‍, ഒളിക്യാമറ ദൃശ്യങ്ങളുടെ വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമുള്ള പ്രചാരം, പുരുഷന്മാരുടെ അശ്ലീലനേട്ടങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യമില്ലായ്മ, രാത്രികാല സുരക്ഷയില്ലായ്മ, യാത്രാസമയത്തെ ലൈംഗിക വൈകൃതങ്ങള്‍, സമൂഹത്തിലെ സമത്വമില്ലായ്മ (ഈ തെരഞ്ഞെടുപ്പില്‍ പോലും 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കു നല്‍കുവാന്‍ പാര്‍ട്ടികള്‍ തയ്യാറാകാത്തത്), പെണ്‍കുഞ്ഞുങ്ങളോടുള്ള ലൈംഗിക വൈകൃതങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് വീടുകളില്‍ പോലും സുരക്ഷയില്ലായ്മ, പൊതുഇടങ്ങളിലെ ബലാത്സംഗ ശ്രമങ്ങള്‍, ആണ്‍-പെണ്‍ കൂലികളിലെ വ്യത്യാസം, വിവാഹിതരായ സ്ത്രീകള്‍ക്ക് ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടിവരിക, വഴിയിലൂടെ നടക്കുമ്പോഴുള്ള അശ്ലീല ചുവയുള്ള കമന്റുകള്‍, വൃദ്ധരായ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നത്, തെരുവില്‍ വളരുന്ന പെണ്‍കുട്ടികളുടെ സുരക്ഷിതത്വം, ബാലവേല, ബന്ധുക്കളുടെ ലൈംഗിക ചൂഷണം, അമ്മ തന്നെ കാമുകന് കാഴ്ചവയ്ക്കുന്ന പെണ്‍കുട്ടികള്‍, വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍, കൂട്ടുകാരായ പുരുഷന്മാര്‍ സ്ത്രീകളുടെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പകര്‍ത്തി നവ ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍, ചില മതനേതാക്കളുടെ സ്ത്രീകളോടുള്ള സമീപനം, സദാചാര പോലീസിന്റെ തേര്‍വാഴ്ച, അമ്മയ്ക്കും മകനും ഒന്നിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ, ഫഌറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘങ്ങള്‍, സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന വൃത്തിയുള്ള ശൗചാലയങ്ങളുടെ അപര്യാപ്തത, സാനിറ്ററി നാപ്കിനുകളുടെ ഉപയോഗശേഷമുള്ള സംസ്‌കരണം, വേലി തന്നെ വിളവ് തിന്നുന്നതുപോലെ പോലീസിന്റെ ഭാഗത്തുനിന്നുള്ള സ്ത്രീകളോടുള്ള അതിക്രമങ്ങള്‍, മാധ്യമപ്രവര്‍ത്തകരായ സ്ത്രീകളുടെ ജീവന് ഭീഷണി, ലേഡീസ് ഹോസ്റ്റലുകളുടെ സുരക്ഷിതത്വ കുറവ്, വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്ന അദ്ധ്യാപകര്‍, പല സ്ത്രീകളെയും ഒരുമിച്ച് വിവാഹം കഴിക്കുന്നവര്‍ തുടങ്ങി നമ്മുടെ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇക്കാര്യങ്ങളൊന്നും വേണ്ടവിധത്തില്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്നില്ലെന്ന് മാത്രമല്ല മാധ്യമങ്ങളില്‍ പോലും ശരിയായ വിധത്തില്‍ ചര്‍ച്ചയാകുന്നുമില്ല. സ്ത്രീകള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ തെരഞ്ഞെടുപ്പുവേളയില്‍ പോലും പൊതു ചര്‍ച്ചയായിവരുന്നില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന ഒരു പ്രകടനപത്രിക പോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ പുറത്തിറക്കിയിട്ടില്ല. പ്രായമായ സ്ത്രീകളുടെ സംരക്ഷണമോ, വിധവകളായ സ്ത്രീകളുടെ സുരക്ഷയോ, കിടപ്പുരോഗികളായ സ്ത്രീകള്‍ക്ക് ആശ്വാസങ്ങളോ നമ്മുടെ നാട്ടിലെ പാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കാനാകില്ലെന്നത് ഖേദകരമാണ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും നമ്മുടെ സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ല. സ്ത്രീധനത്തിന്റെ പേരില്‍ ഒഴിഞ്ഞുപോകുന്ന വിവാഹങ്ങളും വിവാഹശേഷമുള്ള തര്‍ക്കങ്ങളും ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും തെല്ലൊന്നു കുറഞ്ഞു എന്നല്ലാതെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പെണ്‍മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വം നടത്തി നശിച്ചുപോകുന്ന എത്രയേറെ കുടുംബങ്ങളുണ്ട് കേരളത്തില്‍. സ്ത്രീകള്‍ക്ക് സുരക്ഷിതത്വ കുറവ് അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളം. തികച്ചും പുരുഷ നിയന്ത്രണത്തിലുള്ള സമൂഹമാണ് നമ്മുടേത്. ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതലുള്ള സ്ത്രീ സമൂഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അടിച്ചമര്‍ത്തപ്പെട്ട ജനതയായി ജീവിക്കുന്നത് നാടിന് നാണക്കേടാണ്. ഇതുമൂലം സ്ത്രീകളുടെ ആത്മധൈര്യം, മനഃസാന്നിധ്യം, ആത്മാഭിമാനം, കഴിവ്, പ്രാഗത്ഭ്യം, പ്രാപ്തി, ബുദ്ധിവൈഭവം, നൈപുണ്യം, വ്യക്തിത്വം എന്നിവയ്‌ക്കെല്ലാം മങ്ങലേല്‍ക്കുന്നുണ്ട്. ലോകരാജ്യങ്ങള്‍ ഇത് തിരിച്ചറിഞ്ഞ് തുല്യനീതി, തുല്യ അവസരം, ലിംഗ സമത്വം എന്നിവ നടപ്പാക്കിവരുന്ന ഈ കാലഘട്ടത്തില്‍ കേരളം ഇക്കാര്യങ്ങളില്‍ ഇരുളടഞ്ഞ സംസ്ഥാനമായി മാറുന്നത് വലിയ കുറവാണ്. സ്ത്രീകളോട് ക്രൂരത ഏറി വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ ദിവസവും സ്ത്രീപീഡനത്തിന്റെ വാര്‍ത്തകളുമായിട്ടാണ് പത്രങ്ങള്‍ ഇറങ്ങുന്നത്. പുറത്തറിയുന്ന സ്ത്രീകളോടുള്ള അവഹേളനവും നീതി നിഷേധവും 10 ശതമാനത്തില്‍ താഴെ മാത്രമാണ്. അഭിമാനത്തെപ്രതി പുറത്തുപറയാത്ത സ്ത്രീ പ്രശ്‌നങ്ങള്‍ വലിയ ശതമാനമായി ഉയരുകയാണ്. സമൂഹത്തില്‍ യാതനയും ചിത്രവധവും ദണ്ഡനയും അനുഭവിക്കുന്ന സ്ത്രീകള്‍ നിരവധിയാണ്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ സ്ത്രീകളോടുള്ള ക്രൂരത കേരള സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ബന്ധിച്ചുള്ള വിവാഹം, ബലാത്സംഗം, മതംമാറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഉപേക്ഷിക്കല്‍, ഉയര്‍ന്ന ജോലി നല്‍കാമെന്ന മോഹം നല്‍കി സ്ത്രീകളെ ഉപയോഗിച്ചതിനുശേഷം വാക്ക് മാറുന്ന സംഭവങ്ങള്‍. സ്ത്രീകളായ വീട്ടുജോലിക്കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കല്‍, വ്യഭിചാരത്തിന് നിര്‍ബന്ധിക്കല്‍, ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവയ്ക്കല്‍, ക്ലബുകളിലൂടെയുള്ള ലൈംഗികത എന്നിവയെല്ലാം ഗാര്‍ഹിക സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. പെണ്‍കുഞ്ഞാണ് ഗര്‍ഭസ്ഥ ശിശു എന്ന് തിരിച്ചറിഞ്ഞ് കൊല്ലുന്ന മാതാപിതാക്കളും അതിന് സൗകര്യം നല്‍കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും സംസ്ഥാനത്തുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള പുരുഷന്മാര്‍ക്കിടയിലും കുഞ്ഞുങ്ങളെ വളര്‍ത്തല്‍, ഭക്ഷണം പാകം ചെയ്യല്‍, പാത്രം കഴുകല്‍, അലക്ക്, വെള്ളം ശേഖരിക്കല്‍, വീട് വൃത്തിയാക്കല്‍, പുരുഷന്റെ പരിചരണം എന്നിവയെല്ലാം സ്ത്രീകള്‍ മാത്രം ചെയ്യേണ്ടതാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. വീടുകളില്‍ ചെറുപ്പം മുതല്‍ക്കേ പെണ്‍കുട്ടികളോട് ആണ്‍കുട്ടികളേക്കാള്‍ കാര്‍ക്കശ്യത്തോടെ മാതാപിതാക്കള്‍ പെരുമാറുന്നത് സര്‍വസാധാരണമാണ്. നീ പെണ്ണാണ് അടക്കത്തോടും ഒതുക്കത്തോടും പെരുമാറണം ഒതുങ്ങിജീവിക്കണം, പുരുഷന് അടിമയാണെന്ന രീതിയിലുള്ള സംഭാഷണങ്ങള്‍ കുടുംബത്തില്‍നിന്നു തന്നെ ഇന്നും ഉണ്ടാകുന്നത് സ്ത്രീകള്‍ക്ക് വിധേയത്വ മാനസികാവസ്ഥയ്ക്ക് വഴിവയ്ക്കുന്നതായി മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പലപ്പോഴും ജോലിത്തിരക്കിനിടയില്‍ ഗര്‍ഭിണികളായ സ്ത്രീകളുടെ പരിരക്ഷ കണക്കിലെടുക്കാറില്ല. ഇത് ശിശുവിന്റെ ആരോഗ്യത്തിനുപോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഭര്‍ത്താവിന്റെ സുഖസൗകര്യങ്ങള്‍ക്കായി സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ ആരോഗ്യംപോലും കണക്കിലെടുക്കാറില്ല. കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അവഗണിക്കാത്തതിനാല്‍ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നു. എന്നിട്ടുപോലും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുന്നില്ലെന്നത് സാമൂഹ്യ തകരാറായി മാത്രമേ കാണാനാകൂ. ഇന്നും കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ സെക്രട്ടറിമാര്‍, അംബാസഡര്‍മാര്‍, ഐപിഎസ്, ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, നഗരങ്ങളിലെ മേയര്‍മാര്‍, ദേശീയ പാര്‍ട്ടികളുടെ ഭാരവാഹികള്‍ എന്നിവിടങ്ങളിലെ സ്ത്രീസാന്നിദ്ധ്യം തുലോംകുറവാണ്. വോട്ടര്‍മാരുടെ എണ്ണം കണക്കാക്കി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഒരു പാര്‍ട്ടിയും നമ്മുടെ രാജ്യത്തില്ല. സ്ത്രീകള്‍ ഏതെങ്കിലും തരത്തില്‍ തുല്യനീതി അവകാശപ്പെട്ടാല്‍ വിവാഹം ഡൈവോഴ്‌സിലെത്തുന്ന നിരവധി കേസുകള്‍ നമ്മുടെ നാട്ടിലുണ്ട്. വീടുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പ്രശ്‌നങ്ങള്‍ ഏറിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെയെല്ലാം കൂടുതല്‍ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കാണെന്നുള്ളതും കാണാവുന്ന വസ്തുതയാണ്. കുട്ടികളുണ്ടാകാത്ത അവസ്ഥ വന്നാല്‍ കാരണം ഭര്‍ത്താവായാല്‍ പോലും പഴി കേള്‍ക്കുന്നതു മുഴുവന്‍ സ്ത്രീകളാണ്. നമ്മുടെ നാട്ടില്‍ വിവിധങ്ങളായ പ്രശ്‌നങ്ങളുടെ പേരില്‍ വീടുകളില്‍ ഒറ്റപ്പെട്ട് അനാഥരെപ്പോലെ കഴിയേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം പെരുകുകയാണ്. 1980 കളില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശം എന്നീ സംസ്ഥാനങ്ങളില്‍ അനിയന്ത്രിതമായ രീതിയില്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, സ്ത്രീധന മരണം, ശൈശവവിവാഹം, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ വര്‍ധിച്ചപ്പോള്‍ സമ്പത്ത് എന്ന ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ 'പിങ്ക് സാരീ റവല്യൂഷന്‍' എന്ന സംഘടനയ്ക്ക് രൂപം നല്‍കി. കുറുവടിയായിരുന്നു അവരുടെ ആയുധം. കൂട്ടബലാത്സംഗം റിപ്പോര്‍ട്ടു ചെയ്യപ്പെടല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ കുറുവടിയുമായി വന്ന് കുറ്റക്കാരെ കൈകാര്യം ചെയ്യുന്ന രീതിയായിരുന്നു അത്. പുരുഷന്മാര്‍ അക്കാലങ്ങളില്‍ ഭീതിയോടെയാണ് പിങ്ക് സാരിക്കാരെ കണ്ടിരുന്നത്. നമ്മുടെ നാട്ടിലും പിങ്ക് സാരി വിപ്ലവത്തിന് സമയമായിരിക്കുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍പോലും സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതയ്‌ക്കെതിരെ അണിചേരുമെന്നതില്‍ തര്‍ക്കമില്ല. പുരുഷമേധാവിത്വത്തിലുള്ള ഈ സാമൂഹ്യവ്യവസ്ഥിതിയില്‍ സ്ത്രീകള്‍ സുരക്ഷ പിടിച്ചുവാങ്ങുകയല്ലാതെ വേറെ പോംവഴികളില്ല. സ്ത്രീകള്‍ പുരുഷന്മാര്‍ക്കുള്ള സുഖഭോഗവസ്തുവാണെന്നും കുട്ടികളെ പെറ്റുവളര്‍ത്താനുള്ള ഉപകരണം മാത്രമാണെന്നും പറയുന്നവരുടെ വായടപ്പിക്കുവാന്‍ മാത്രമാണെന്നും പറയുന്നവരുടെ വായടപ്പിക്കുവാന്‍ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സ്ത്രീകളോടുള്ള അവഗണന വര്‍ധിക്കുന്നതിനേ ഇടവരുത്തൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.