കൊയ്ത്തുയന്ത്രങ്ങള്‍ പാടശേഖരങ്ങള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം നടപ്പായില്ല

Sunday 27 March 2016 10:29 pm IST

ആലപ്പുഴ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരോ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തയ്യാറാകുന്നില്ല. കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടത്തുനിന്ന് നെല്ലു കൊയ്യാന്‍ കര്‍ഷകന്‍ അമിതകൂലി നല്കി സ്വകാര്യയന്ത്രങ്ങളെ ആശ്രയിക്കുമ്പോള്‍ സര്‍ക്കാരിന്റെ കോടികളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സ്വകാര്യ കൊയ്ത്തു മെതിയന്ത്രങ്ങളാണ് കര്‍ഷകര്‍ക്ക് ആശ്രയമാകുന്നത്. സര്‍ക്കാര്‍ കൊയ്ത്തു മെതിയന്ത്രങ്ങള്‍ നോക്കാനാളില്ലാതെ പുറമ്പോക്ക് ഭൂമിയില്‍ തുരുമ്പെടുത്തു നശിക്കുകയാണ്. 20 ഓളം യന്ത്രങ്ങളാണ് അമ്പലപ്പുഴയ്ക്ക് സമീപം സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിക്ക് പിന്നിലെ വിജനമായ പുരയിടത്തില്‍ വെയിലും മഴയുമേറ്റ് നശിക്കുന്നത്. ഇതിനു പുറമെ മറ്റുസ്ഥലങ്ങളില്‍ ഒറ്റപ്പെട്ടും കെയ്‌ക്കോയുടേയും, ആഗ്രോ ഇന്‍ഡസ്ട്രീസിന്റേയും വര്‍ക്ക്‌ഷോപ്പുകളിലും, കളര്‍കോട്ടെ കൃഷി എന്‍ജിനിയറിങ് കേന്ദ്രത്തിലുമെല്ലാം യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. കൃഷി വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ഉടമസ്ഥയില്‍ ജില്ലയില്‍ 154 കൊയ്ത്തു മെതിയന്ത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. കുട്ടനാട് പാക്കേജ് വഴി കിട്ടിയവയാണ് ഇവയില്‍ ഭൂരിപക്ഷവും. എന്നാല്‍ നാമമാത്ര യന്ത്രങ്ങള്‍ മാത്രമാണ് വിളവെടുപ്പിനായി രംഗത്തുള്ളത്. ഇത്രയും അധികം കൊയ്ത്തു മെതി യന്ത്രങ്ങള്‍ ഒരുപോലെ കട്ടപ്പുറത്തായതിലും ദുരൂഹതയുണ്ട്. കാല്‍ക്കോടിലധികം രൂപ വില നല്‍കി വാങ്ങിയതാണ് ഓരോ യന്ത്രങ്ങളും. നേരിയ ചെലവില്‍ കാര്യക്ഷമമാക്കാവുന്ന യന്ത്രങ്ങളെല്ലാം നിരുത്തരവാദിത്തം കാരണമാണ് ഉപയോഗ്യശൂന്യമായതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്വകാര്യയന്ത്രങ്ങളുടെ ഇടനിലക്കാരുടെ സ്വാധീനവും കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ കൊയ്ത്തുയന്ത്രങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും ആരോപണമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കൊയ്ത്തു മെതിയന്ത്രങ്ങള്‍ സ്വകാര്യമേഖലയില്‍ ഇന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊയ്ത്തു മെതിയന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി പാടശേഖരങ്ങള്‍ക്കു നല്‍കുമെന്നും മേല്‍നോട്ടം പ്രാദേശിക കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. യന്ത്രത്തിന്റെ ഉപയോഗത്തിലൂടെ ലഭിക്കുന്ന വരുമാനം പാടശേഖരങ്ങള്‍ക്ക് നല്‍കുമെന്നും അറ്റകുറ്റപ്പണികള്‍ പാടശേഖരങ്ങള്‍ തന്നെ നിര്‍വ്വഹിക്കണമെന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു. യന്ത്രങ്ങള്‍ കാര്യക്ഷമമാക്കി പാടശേഖരങ്ങള്‍ക്കു നല്‍കിയാല്‍ വിളവെടുപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനൊപ്പം യന്ത്രങ്ങള്‍ക്ക് ശാശ്വതമായ സംരക്ഷണം ലഭിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.