തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ഇന്ന് തുടങ്ങും. 30വരെയാണ് ക്യാമ്പുകള്‍. ഇന്നും നാളെയും മലയാളം ഒന്ന്, രണ്ട്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നിവയുടെയും 29, 30 തീയതികളില്‍ സംസ്കൃതം, അറബി, ഉറുദു, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളുടെ ക്യാമ്പുകള്‍ നടക്കും.
കന്നട, തമിഴ് വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷന്‍ മൂല്യനിര്‍ണയത്തിന്റെ ആദ്യദിനം ഉച്ചയ്ക്കു മുമ്പ് നടക്കും. ഏപ്രില്‍ ഒന്നുമുതല്‍ 16വരെ 54 കേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം നടക്കുക.
മൂല്യനിര്‍ണയത്തിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ചോദ്യങ്ങളിലെ പിഴവിന്റെ പേരില്‍ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഇത്തവണ ഉദാരസമീപനം സ്വീകരിക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ.് ജയയുടെയും പരീക്ഷാ സെക്രട്ടറി കെ.എ. ലാലിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന വിഷയ വിദഗ്ധരുടെ യോഗം തീരുമാനിച്ചു.
രസതന്ത്രം പരീക്ഷയുടെ ഒരു ചോദ്യം എസ്എസ്എല്‍സി നിലവാരത്തില്‍ ഉത്തരമെഴുതാന്‍ പ്രയാസമാണെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ഉത്തരസൂചിക തയ്യാറാക്കുന്ന സ്കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍ തീരുമാനമെടുക്കും. പഴയ സ്കീമിലെ ഐടി തിയറി പരീക്ഷ ഇന്ന് നടക്കും. ഏപ്രില്‍ 25നകം എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കാമെന്ന പ്രതീക്ഷയിലാണ് പൊതുവിദ്യാഭ്യാസവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: