തുഗ്ലക്ക് പരിഷ്‌ക്കരണത്തില്‍ വീര്‍പ്പുമുട്ടി നെയ്യാറ്റിന്‍കര

Sunday 27 March 2016 11:37 pm IST

പ്രദീപ് കളത്തില്‍ നെയ്യാറ്റിന്‍കര: ദൈവം തെറ്റുചെയ്താലും എഴുതും എന്ന് പറഞ്ഞ സ്വാദേശാഭിമാനിയുടെ നാട്ടില്‍ ദൈവത്തിനു പോലും നിരക്കാത്ത കപട വികസനം. പതിറ്റാണ്ടുകളായി വോട്ടര്‍മാരെ പറഞ്ഞ് പറ്റിക്കുന്നത് കഴിഞ്ഞ അഞ്ചുവര്‍ഷവും ആവര്‍ത്തിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ വികസനത്തിനു പകരം നടന്നത് കാലുമാറ്റത്തിന്റെയും അതോടൊപ്പം ഉപ - തെരഞ്ഞടുപ്പിന്റെയും കഥകള്‍. സിപിഎമ്മിലായിരുന്ന ആര്‍. ശെല്‍വരാജ് രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേക്കേറി ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും എംഎല്‍എ ആയി ഭരണക്ഷിയില്‍പ്പെട്ടിട്ടും മണ്ഡലത്തില്‍ തട്ടിക്കൂട്ട് വികസന പദ്ധതികളാണ് നടപ്പിലായത്. തുഗ്ലക്ക് ഭരണസമ്പ്രദായമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തിലുടനീളം. താലൂക്ക് ആശുപത്രിയെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയാക്കി. പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ അവസ്ഥയെക്കാള്‍ പരിതാപകരമാണ് നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ. ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല നഴ്‌സുമാരുമില്ല. ചികിത്സ ലഭിക്കണമെങ്കില്‍ സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. എന്നാല്‍ എല്ലാ മാസവും എംഎല്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകങ്ങള്‍ കാണാം. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് കാളിപ്പാറ ശുദ്ധജലപദ്ധതിക്ക്. കഴിഞ്ഞ ഉപ തെരഞ്ഞടുപ്പില്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി അടക്കമുള്ളവര്‍ പറഞ്ഞത് ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഡസന്‍ കണക്കിന് പൈപ്പുകള്‍ കുഴിച്ചിട്ടതല്ലാതെ നെയ്യാറ്റിന്‍കര നിവാസികള്‍ക്ക് ഇപ്പോഴും ചെളിവെള്ളം കുടിക്കുക എന്ന ദൂര്‍വിധി. ഏക്കര്‍ കണക്കിന് നെല്‍വയലുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടിയില്‍ നികത്തിയത്. നെല്‍വയലുകള്‍ നികത്തുമ്പോഴെല്ലാം എംഎല്‍എയോടു പരാതിപ്പെടുമായിരുന്നു. എന്നാല്‍ ഭൂമാഫിയകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന എംഎല്‍എ നെല്‍വയവുകള്‍ നികത്തുന്നതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്വദേശാഭിമാനിയുടെ ജന്മഗ്യഹം സംരക്ഷിക്കുന്നതില്‍ പോലും എംഎല്‍എ രാഷ്ട്രീയം കാണുകയായിരുന്നു. ഒടുവില്‍ ജന്മഗൃഹം സംരക്ഷിക്കാന്‍ സാംസ്‌ക്കാരിക രംഗത്ത് നിന്നും നടന്‍ സുരേഷ് ഗോപി ജന്മഗൃഹം ഏറ്റെടുത്ത് പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടി വന്നു. ചൂണ്ടയില്‍ വിര കൊരുത്ത് മീന്‍ പിടിക്കുന്നതുപോലെയാണ് പ്രാഞ്ചിക്കടവ് പാലം നിര്‍മ്മാണം. എംഎല്‍എയുടെ സ്വപ്‌ന പദ്ധതി. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മാത്രം എംഎല്‍എക്കും സംഘത്തിനും പാലം ഓര്‍മ്മവരും. തട്ടിക്കൂട്ട് ശിലാസ്ഥാപന ചടങ്ങ്. പാലത്തിന്റെ പണിയും അതോടെ കഴിഞ്ഞു. നെയ്യാറ്റിന്‍കര നഗരത്തെ ബ്രൈറ്റ്‌സിറ്റി ആക്കും എന്ന് പ്രഖ്യാപനം എങ്ങുമെത്തിയില്ല. നെയ്യാറ്റിന്‍കര പട്ടണം വഴി കാല്‍ നടയാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയിലായി എംഎല്‍എയുടെ ബ്രൈറ്റ് സിറ്റി. കമ്മീഷന്‍ റോഡ് പണിയാണ് മണ്ഡലത്തിലുടനീളം നടന്നത്. പണി ചെയ്ത കമ്മീഷന്‍ കിട്ടിക്കഴിഞ്ഞാല്‍ അടുത്ത മഴയത്ത് റോഡ് ഒലിച്ചുപോകും. അടുത്ത വര്‍ഷം ഈ റോഡ് വീണ്ടു പണിയും. അങ്ങനെ റോഡ് വികസനത്തിനു പകരം കമ്മീഷന്‍ കണക്കെ വികസനമായിരുന്നു മണ്ഡലത്തിലുടനീളം നടന്നത്. മാലിന്യസംസ്‌കരണപ്ലാന്റ്, റോഡുകളുടെ ശോചനീയഅവസ്ഥ, ഇളവിനിക്കര ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള നടപടി, ആധുനികരീതിയിലുള്ള പൊതുശ്മശാനം, ചെങ്കല്‍ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം വിപുലീകരിയ്ക്കല്‍, കാരോട് പഞ്ചായത്തിലെ വലിയകുളം, വെണ്‍കുളം സംരക്ഷണം, തുടങ്ങിയവ ഇന്നും ജല രേഖയായി മണ്ഡലത്തില്‍ തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.